ഐ.പി.എല്‍ 2025 സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ 20 റണ്‍സാണ് രാജസ്ഥാന് നേടാനായത്. അവസാന പന്തില്‍ മൂന്ന് റണ്‍സ് നേടിയാല്‍ വിജയിക്കാമെന്നിരിക്കെ ഒരു റണ്‍സ് മാത്രം ചേര്‍ത്തുവെച്ച് രാജസ്ഥാന്‍ റണ്‍ ഔട്ടിലൂടെ മത്സരം പരാജയപ്പെടുകയായിരുന്നു.
മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത ആന്ദ്രേ റസലിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിലാണ് മികച്ച ടോട്ടലിലെത്തിയത്. അഞ്ചാമനായി ഇറങ്ങി 25 പന്ത് നേരിട്ട് പുറത്താകാതെ 57 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. 228.00 എന്ന സ്ട്രൈക്ക് റേറ്റില്‍ ആറ് സിക്സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്. മത്സരത്തില്‍ റസലിനെ നേരത്തെ ഇറക്കിയതില്‍ കൊല്‍ക്കത്ത ടീമിനെ അഭിനന്ദിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘ഇത്തവണ കൊല്‍ക്കത്ത മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ 80 റണ്‍സ് നേടി നല്ല നിലയിലായിരുന്നു വര്‍. തുടര്‍ന്ന് പതിമൂന്നാം ഓവറില്‍ തന്നെ ആന്ദ്രേ റസലിനെ ഇറക്കി. പിന്നെ എന്തിനാണ് താന്‍ കൂടുതല്‍ പന്തുകള്‍ കളിക്കേണ്ടതെന്ന് റസല്‍ കാണിച്ചുതന്നു. അവനോട് ബാറ്റ് ചെയ്യാനും കൂടുതല്‍ പന്ത് കളിക്കാനും ആവശ്യപ്പെടാന്‍ അതാണ് കാരണം,’ ചോപ്ര പറഞ്ഞു.
റസലിന് പുറമെ യുവതാരം അംഗ്രിഷ് രഘുവംശി, വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
രഘുവംശി 31 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. ആറ് പന്തില്‍ 19 റണ്‍സടിച്ച റിങ്കു സിങ്ങിന്റെ പ്രകടനവും നിര്‍ണായകമായി.
രാജസ്ഥാനായി റിയാന്‍ പരാഗ്, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, യുദ്ധ്വീര്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രാജസ്ഥാന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് പരാഗായിരുന്നു. 45 പന്തില്‍ 95 നേടിയത്. എട്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
താരത്തിന് പുറമെ യശസ്വി ജെയ്സ്വാള്‍ ( 21 പന്തില്‍ 34), ഷിംറോണ്‍ ഹെറ്റ്മെയര്‍ (23 പന്തില്‍ 29), ശുഭം ദുബെ (14 പന്തില്‍ 25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഐ.പി.എല്‍ സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ഏറെ പ്രതീക്ഷയോടെ നിലനിര്‍ത്തിയ ധ്രുവ് ജുറെലും നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വൈഭവ് അറോറ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: IPL 2025: Akash Chopra Talking About Andre Russel