ഐ.പി.എൽ 2025ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് എം.എസ് ധോണിയും അദ്ദേഹത്തിന്റെ പ്രകടനങ്ങളും. പതിനെട്ട് സീസണുകളിൽ ഒരിക്കൽ പോലും കണ്ട് പരിചിതമല്ലാത്ത ഒരു ധോണിയെയാണ് ഈ സീസണിൽ ആരാധകർക്ക് കാണാൻ സാധിച്ചത്.
വെടിക്കെട്ട് ബാറ്റിങ്ങിനും ബിഗ് ഷോട്ടുകൾക്കും പേരു കേട്ട ധോണി ഈ സീസണിൽ റൺസ് കണ്ടെത്താൻ പാടുപെടുന്നത് ഈ സീസണിലെ നിത്യ സംഭവമായി മാറി. കൂടാതെ, ബാറ്റിങ് ഓർഡറിൽ താരം വളരെ താഴോട്ട് ഇറങ്ങുകയും ചെയ്തു.
മുമ്പത്തെ പോലെ തന്റെ ശരീരം വഴങ്ങുന്നില്ലെന്ന് ഒരിക്കൽ ചെന്നൈ വിക്കറ്റ് കീപ്പർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പല സീനിയർ താരങ്ങളും ധോണി ഐ.പി.എല്ലിൽ നിന്ന് വിരമിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഇപ്പോൾ ധോണിയെയും താരത്തിന്റെ വിരമിക്കലിനെ കുറിച്ചും സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണി അടുത്ത സീസണിലും കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് 18ാം ഓവറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
‘ധോണി അടുത്ത സീസണിലും കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനായി അദ്ദേഹത്തിന് 18ാം ഓവറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കും. ഈ സീസണിൽ ധോണിക്ക് നേരത്തെ ബാറ്റ് ചെയ്യേണ്ടി വന്നു.
ധോണി ഇതിനോടകം തന്നെ അടുത്ത സീസണിനായി ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചെന്നൈയ്ക്ക് ചില താരങ്ങളെ ഒഴിവാക്കേണ്ടി വരും,’ ആകാശ് ചോപ്ര പറഞ്ഞു.
ധോണി ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 196 റൺസാണ് നേടിയത്. 24.50 ആവറേജും 135.17 സ്ട്രൈക്ക് റേറ്റുമാണ് ചെന്നൈ നായകനുള്ളത്. താരത്തിന് പതിനെട്ടാം സീസണിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനായിട്ടില്ല. സീസണിന്റെ തുടക്കത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെയും ദൽഹി ക്യാപിറ്റൽസിനെതിരെയും നേടിയ 30 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ.
Content Highlight: IPL 2025: Akash Chopra says MS Dhoni will return to next IPL