| Saturday, 31st May 2025, 7:54 pm

ശുഭ്മന്‍ ഗില്‍ ഔട്ടായപ്പോള്‍ എല്ലാം തീര്‍ന്നെന്നാണ് കരുതിയത്, എന്നാല്‍... രോഹിത്തിനെക്കാളും വിരാടിനെക്കാളും മികച്ചവനെ പ്രകീര്‍ത്തിച്ച് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.

ന്യൂ ചണ്ഡിഗഢ്, മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹര്‍ദിക്കും സംഘവും ടൈറ്റന്‍സിനെ തകര്‍ത്തുവിട്ടത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ സായ് സുദര്‍ശനായിരുന്നു ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. 49 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സറും അടക്കം 80 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായെങ്കിലും സായ് സുദര്‍ശന്റെ ചെറുത്തുനില്‍പ്പാണ് ഗുജറാത്ത് ടൈറ്റന്‍സിനെ താങ്ങി നിര്‍ത്തിയത്.

ഇപ്പോള്‍ സായ് സുദര്‍ശനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ശുഭ്മന്‍ ഗില്‍ പുറത്തായപ്പോള്‍ ഗുജറാത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു എന്നാണ് കരുതിയതെന്നും എന്നാല്‍ സായ് സുദര്‍ശന്‍ മികച്ചുനിന്നെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

‘ഞാനും പീയൂഷ് ചൗളയും ഷോയുടെ ഭാഗമായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. 95 ശതമാനവും മുംബൈ വിജയിക്കുമെന്നാണ് ചൗള പറഞ്ഞത്. ഞാനും അത് സമ്മതിച്ചു. 229 റണ്‍സ് ചെയ്‌സ് ചെയ്യുക എന്നത് അസാധ്യമെന്നാണ് കരുതിയത്.

ശുഭ്മന്‍ ഗില്‍ പുറത്തായപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും എല്ലാം അവസാനിച്ചു എന്ന് കരുതി. എന്നാല്‍ സായ് സുദര്‍ശന്‍ വന്നു. സായ് ഏറെ മികച്ചവനാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

പ്ലേ ഓഫുകളില്‍ സായ് സുദര്‍ശന്റെ പ്രകടനം രോഹിത് ശര്‍മയേക്കാളും വിരാട് കോഹ്‌ലിയേക്കാളും മികച്ചതാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘അവന്‍ വളരെ മികച്ച ഒരു യുവതാരമാണ്, കൂടാതെ പ്ലേ ഓഫുകളില്‍ വളരെ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുക്കുന്നത്. രോഹിത് ശര്‍മയുടെ പേരില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്, കാരണം അദ്ദേഹം കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പ്ലേ ഓഫുകളില്‍ വിരാട് കോഹ്‌ലിയുടെ ശരാശരിയും അത്രകണ്ട് മികച്ചതല്ല.

എന്നാല്‍ തന്റെ പ്രകടനങ്ങളുമായി വ്യത്യസ്തമായ സമീപനമാണ് സായ് സുദര്‍ശന്‍ പുറത്തെടുക്കുന്നത്. അടുത്ത തലമുറയിലെ താരങ്ങള്‍ ഐ.പി.എല്ലിലെത്തിക്കഴിഞ്ഞു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പ് ഐ.പി.എല്ലില്‍ രണ്ട് പ്ലേ ഓഫ് മത്സരങ്ങളാണ് സായ് സുദര്‍ശന്‍ കളിച്ചത്. 2023ലെ മുംബൈയ്‌ക്കെതിരെ ക്വാളിഫയര്‍ രണ്ടില്‍ പരിക്കേറ്റ് പുറത്താകും മുമ്പ് 31 പന്തില്‍ 43 റണ്‍സാണ് അദ്ദേഹം നേടിയത്. മത്സരത്തില്‍ ടൈറ്റന്‍സ് വിജയിക്കുകയും ചെയ്തിരുന്നു.

അതേ സീസണിന്റെ കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 47 പന്തില്‍ 96 റണ്‍സും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഫൈനലില്‍ സൂപ്പര്‍ കിങ്‌സ് വിജയിച്ചതോടെ താരത്തിന്റെ പ്രകടനം പ്രശംസിക്കപ്പെടാതെ പോയി.

Content Highlight: IPL 2025: Akash Chopra praises Sai Sudarshan

We use cookies to give you the best possible experience. Learn more