| Sunday, 1st June 2025, 10:57 am

അവന്റെ പ്രകടനത്തെ ഒരിക്കലും തടയാനാകില്ല; വിദേശ പേസറെക്കുറിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 സീസണ്‍ അവസാനത്തോട് അടുക്കുകയാണ്. ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. സീസണിനുടനീളം മികച്ച ഫോമില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

കലാശപോരില്‍ ആരാണ് തങ്ങളുടെ എതിരാളികള്‍ എന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്ലേ ബോള്‍ഡ് ആര്‍മി. തങ്ങളുടെ കന്നി കിരീടം കാത്തിരിക്കുന്ന ബെംഗളൂരു ശക്തമായ ബൗളിങ് യൂണിറ്റും ബാറ്റിങ് യൂണിറ്റുമാണ് മുന്‍നിര്‍ത്തുന്നത്.

മാത്രമല്ല പരിക്കിനെ തുടര്‍ന്ന് മാറിനിന്ന ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് വമ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെക്കുന്നത്. പഞ്ചാബിനെതിരായ ആദ്യ ക്വാളിഫയറില്‍ 3.1 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 6.63 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്ത പഞ്ചാബിന്റെ ജോഷ് ഇംഗ്ലിസിനേയും (4) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും (2) മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ അസ്മത്തുള്ള ഒമര്‍സാസിയേയും (18) പുറത്താക്കിയത് ഹോസല്‍വുഡ്ഡാണ്.

പരിക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ജോഷിനെ പ്രശംസിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ താരവും ക്രിക്കറ്റ് കമന്റേറ്റര്‍ ആകാശ് ചോപ്ര. പരിക്കിന് ശേഷം മിക്ക ബൗളര്‍മാര്‍ക്കും 100ശതമാനം നല്‍കാന്‍ സാധിക്കാറില്ലെന്നും എന്നാല്‍ ജോഷ് ആ കാര്യത്തില്‍ വ്യത്യസ്തനാണെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല പേസറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നാണ്.

‘ജോഷ് ഹേസല്‍വുഡിന്റെ പ്രകടനത്തെ ഒരിക്കലും തടയാനാകില്ല. അടുത്തിടെ അദ്ദേഹം പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചു. ശേഷം ക്വാളിഫയര്‍ 1ല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹം മികച്ചവനായി, മറ്റൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. ഒരു പരിക്കിനുശേഷം നിങ്ങള്‍ക്ക് ചിലപ്പോള്‍ 100 ശതമാനം പ്രകടനവും പുറത്തെടുക്കാന്‍ സാധിച്ചെന്ന് വരില്ല, പക്ഷേ ഹേസല്‍വുഡ് വ്യത്യസ്തനായ ഒരു ബൗളറാണ്. അവന്റെ കാര്യത്തിലെ ആശങ്കകള്‍ മറന്നേക്കൂ,’ ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും മുംബൈയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടത്തിനായി ആര്‍.സി.ബിയെ നേരിടും. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനലിനും വേദി.

Content Highlight: IPL 2025: Akash Chopra Praises Josh Hazelwood

We use cookies to give you the best possible experience. Learn more