| Tuesday, 18th March 2025, 11:45 am

പകരക്കാര്‍ ഒരിക്കലും പകരമാകില്ല; ഐ.പി.എല്ലിന് ദിവസങ്ങള്‍ ശേഷിക്കെ സഞ്ജുവിനെയും ടീമിനെയും കടന്നാക്രമിച്ച് സ്ഥിരം വിമര്‍ശകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്ലിന്റെ ആവേശത്തിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങുകയാണ്. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ 18ാം എഡിഷനിലെത്തി നില്‍ക്കുകയാണ്.

മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. മെഗാ താരലേലത്തില്‍ വിശ്വസ്തരായ താരങ്ങളെ കൈവിട്ടുകളഞ്ഞ രാജസ്ഥാന്‍ ആരാധകരില്‍ നിന്നും ഏറെ വിമര്‍ശനങ്ങളുമേറ്റുവാങ്ങിയിരുന്നു.

ജോസ് ബട്‌ലര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യൂസി ചഹല്‍ അടക്കമുള്ള താരങ്ങളെ കൈവിട്ടുകളഞ്ഞപ്പോള്‍ 14 കോടി നല്‍കി ധ്രുവ് ജുറെലിനെ നിലനിര്‍ത്തിയതും സര്‍പ്രൈസായി. കഴിഞ്ഞ സീസണില്‍ 20 ലക്ഷം സാലറിയുണ്ടായിരുന്നു ജുറെലിന് ഒറ്റയടിക്ക് 6,900 ശതമാനം സാലറി ഹൈക്കാണ് റോയല്‍സ് നല്‍കിയത്.

പുതിയ സീസണിലെ രാജസ്ഥാന്റെ ടീമിനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാന്‍ തങ്ങളുടെ പ്രധാന താരങ്ങളെ കൈവിട്ടുകളഞ്ഞെന്നും എന്നാല്‍ ലേലത്തില്‍ പകരം സ്വന്തമാക്കിയവര്‍ക്ക് അവരുടെ പകരക്കാരാകാന്‍ സാധിക്കില്ല എന്നുമാണ് ചോപ്ര പറഞ്ഞത്.

‘മെഗാ ലേലത്തില്‍ അവര്‍ക്ക് നാല് താരങ്ങളെ നഷ്ടപ്പെട്ടു. ബട്‌ലര്‍ (ജോസ് ബട്‌ലര്‍), ബോള്‍ട്ട് (ട്രെന്റ് ബോള്‍ട്ട്), ചഹല്‍ (യൂസ്വേന്ദ്ര ചഹല്‍), അശ്വിന്‍ എന്നിവരെ നിലനിര്‍ത്തേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചു. ഇങ്ങനെ ഒരുപാട് താരങ്ങള്‍ ടീം വിടുമ്പോള്‍ ആ വിടവ് എങ്ങനെ നികത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ സ്വയം ചോദിക്കണമായിരുന്നു. പകരമെത്തിച്ചവര്‍ അവരുടെ ഏഴയലത്ത് പോലും വരില്ല,’ ചോപ്ര പറഞ്ഞു.

ടീമില്‍ ഹെറ്റ്‌മെയര്‍ ഒഴികെ ഒരു ഓവര്‍സീസ് ബാറ്റര്‍ പോലുമില്ല എന്നതും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

‘ഹെറ്റ്‌മെയറിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇത് പൂര്‍ണമായും ഒരു ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പാണ്. നിങ്ങളുടെ ബാറ്റിങ് ലൈനപ്പിനെ പൂര്‍ണമായും നിങ്ങള്‍ നിലനിര്‍ത്തി. കാര്യമായ കൂട്ടിച്ചേര്‍ക്കലുകളൊന്നും തന്നെ നടത്തിയില്ല.

നിതീഷ് റാണയെ ടീമിലെത്തിച്ചു. എന്നാല്‍ ഒരു ഓവര്‍സീസ് ബാറ്ററെ പോലും സ്വന്തമാക്കാന്‍ നിങ്ങള്‍ക്കായില്ല. ഫുള്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ്, ലേലത്തില്‍ കൂട്ടിച്ചേര്‍ക്കലുകളൊന്നും നടത്തിയില്ല. ഇത് അത്ഭുതപ്പെടുത്തുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ 2025നുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

ബാറ്റര്‍മാര്‍

  1. നിതീഷ് റാണ
  2. ശുഭം ദുബെ
  3. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ✈
  4. യശസ്വി ജെയ്സ്വാള്‍
  5. റിയാന്‍ പരാഗ്

ഓള്‍റൗണ്ടര്‍മാര്‍

  1. വാനിന്ദു ഹസരങ്ക ✈
  2. വൈഭവ് സൂര്യവംശി

വിക്കറ്റ് കീപ്പര്‍മാര്‍

  1. സഞ്ജു സാംസണ്‍
  2. ധ്രുവ് ജുറെല്‍
  3. കുണാല്‍ സിങ് റാത്തോഡ്

ബൗളര്‍മാര്‍

  1. മഹീഷ് തീക്ഷണ ✈
  2. ആകാശ് മധ്വാള്‍
  3. കുമാര്‍ കാര്‍ത്തികേയ സിങ്
  4. തുഷാര്‍ ദേശ്പാണ്ഡേ
  5. ഫസല്‍ഹഖ് ഫാറൂഖി ✈
  6. ക്വേന മഫാക്ക ✈
  7. അശോക് ശര്‍മ
  8. സന്ദീപ് ശര്‍മ
  9. ജോഫ്രാ ആര്‍ച്ചര്‍ ✈
  10. യുദ്ധ്‌വീര്‍ സിങ്

Content Highlight: IPL 2025: Akash Chopra criticize Rajasthan Royals

Latest Stories

We use cookies to give you the best possible experience. Learn more