| Sunday, 1st June 2025, 7:17 am

ഫൈനലിലെ ബെംഗളൂരുവിന്റെ എതിരാളികള്‍ ഇവര്‍; വമ്പന്‍ പ്രവചനവുമായി ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 സീസണ്‍ അവസാനത്തോടെ അടുക്കുകയാണ്. ഫൈനല്‍ അടക്കം രണ്ട് മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. സീസണിനുടനീളം മികച്ച ഫോമില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

ആരാധകരെ പോലെ തന്നെ കലാശപോരില്‍ ആരാണ് തങ്ങളുടെ എതിരാളികള്‍ എന്ന് ആവേശത്തോടെ കാത്തിരിക്കുകയാണ് പ്ലേ ബോള്‍ഡ് ആര്‍മി. ഇപ്പോള്‍ ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികളായി ആരെത്തുമെന്ന് പ്രവചിക്കുകയാണ് മുന്‍ റോയല്‍ ചലഞ്ചേഴ്സ് സൂപ്പര്‍ താരവും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവുമായ എ.ബി. ഡി വില്ലിയേഴ്സ്.

ഐ.പി.എല്‍ ഫൈനല്‍ ക്വാളിഫയര്‍ ഒന്നിന്റെ ആവര്‍ത്തനമായിരിക്കുമെന്നാണ് ഡി വില്ലിയേഴ്സ് പറഞ്ഞത്. ബെംഗളൂരുവിന് എതിരാളിയായി പഞ്ചാബ് കിങ്സ് തന്നെയാണ് എത്തുക എന്നും എന്നാല്‍ എലിമിനേറ്റര്‍ മത്സരം കണ്ടതിന് ശേഷം അതില്‍ ചെറിയ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒരു മാസത്തിന് മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ കളിക്കുമെന്ന് പറഞ്ഞിരുന്നു. അത് ഇനി നടക്കില്ല. പക്ഷേ ഇത് ക്രിക്കറ്റാണ്, നോക്കൗട്ട് മത്സരത്തില്‍ എന്തും സംഭവിക്കാം.

എതിരാളിക്ക് സമ്മര്‍ദം നല്‍കാന്‍ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ ആവശ്യമാണ്. ഫൈനലില്‍ എത്തുക പഞ്ചാബ് കിങ്സാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ കഴിഞ്ഞ കളി (എലിമിനേറ്റര്‍) കണ്ടതിനുശേഷം എനിക്ക് ഒരു ചെറിയ സംശയമുണ്ട്,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

ക്വാളിഫര്‍ ഒന്നില്‍ പഞ്ചാബ് കിങ്‌സിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിന് ടിക്കറ്റെടുത്തത്. 17 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് കന്നി കിരീടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ടീമിന്റെ എതിരാളികളെ ഇന്ന് അറിയാന്‍ കഴിയും.

ഫൈനലിലെ രണ്ടാം ടീമിനെ നിര്‍ണയിക്കുന്ന രണ്ടാം ക്വാളിഫറില്‍ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് ഏറ്റുമുട്ടുക. പഞ്ചാബ് ബെംഗളൂരുവിനോട് ദയനീയമായി തോറ്റ് എത്തുമ്പോള്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞാണ് മുംബൈ ആറാം കിരീടമെന്ന ലക്ഷ്യത്തിനായി മത്സരത്തിനിറങ്ങുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക.

Content Highlight: IPL 2025: AB De Villiers predicts that Punjab Kings will face Royal Challengers Bengaluru in IPL final

We use cookies to give you the best possible experience. Learn more