| Saturday, 7th June 2025, 3:39 pm

ക്യാപ്റ്റനായി ശശാങ്ക് സിങ്, ഒപ്പം വൈഭവ് സൂര്യവംശിയും യാഷ് ദയാലും; തകര്‍പ്പന്‍ ടീം തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് കൊടിയിറങ്ങിയിട്ടും യുവ താരങ്ങളുടെ പ്രകടനങ്ങളെക്കുറി ആരാധകര്‍ വാ തോരാതെ സംസാരിക്കുകയാണ്. വമ്പന്‍ താരങ്ങള്‍ക്കിടയില്‍ മികച്ച പ്രകടനങ്ങള്‍ക്ക് ശ്രദ്ധ നേടിയ ഒരുപാട് അണ്‍ ക്യാപ്പ്ഡ് താരങ്ങളുടെ വരവിനും ഐ.പി.എല്‍ 2025 സാക്ഷിയായി. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സായി സുദര്‍ശന്‍ മുതല്‍ വൈഭവ് സൂര്യവംശി വരെ യുവതാരങ്ങളുടെ പേരുകള്‍ നീണ്ടു നില്‍ക്കുന്നു.

ഇപ്പോള്‍ ഐ.പി.എല്‍ 2025ലെ മികച്ച അണ്‍ ക്യാപ്പ്ഡ് താരങ്ങളുടെ ഇലവനെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചോപ്ര അണ്‍ ക്യാപ്പ്ഡ് ഇലവന്‍ തെരഞ്ഞെടുത്തത്. ടീമിന്റെ ക്യാപ്റ്റനായി പഞ്ചാബിന്റെ മിഡില്‍ ഓര്‍ഡര്‍ സൂപ്പര്‍ താരം ശശാങ്ക് സിങ്ങിനെയാണ് ചോപ്ര തെരഞ്ഞെടുത്തത്.

ഓപ്പണര്‍മാരായി പ്രിയാന്‍ഷ് ആര്യയേയും പ്രഭ്‌സിമ്രാന്‍ സിങ്ങിനേയും ഉള്‍പ്പെടുത്തി. മൂന്നാമനായി വൈഭവിനെയും ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ടീമിനെ ഫൈനലിലേക്ക് നയിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും പ്രിയാന്‍ഷ് ആര്യയെയും ഉള്‍പ്പെടുത്തിയാണ് ഞാന്‍ തുടങ്ങുന്നത്. പ്രിയാന്‍ഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, പ്രഭ്‌സിമ്രാന്‍ ഒരു സീസണില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടി, രോഹിത് ശര്‍മയെപ്പോലുള്ള ഒരാള്‍ക്ക് പോലും അതിന് കഴിയുന്നില്ല. മൂന്നാം സ്ഥാനത്ത് സെഞ്ച്വറി നേടുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത 14 വയസുകാരന്‍ വൈഭവിനെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ആയുഷ് മാത്രെയ്ക്ക് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തി.

നാലാം നമ്പറില്‍ നെഹാല്‍ വധേര വേറിട്ടുനില്‍ക്കുന്നു. മോശം ഫൈനല്‍ ഉണ്ടായിരുന്നിട്ടും, അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുകയും സ്പിന്‍ പേസ് എന്നിവ കൈകാര്യം ചെയ്യുകയും ചെയ്തു. ഫൈനല്‍ ഉള്‍പ്പെടെ പ്രധാന ഇന്നിങ്‌സുകള്‍ കളിച്ച ശശാങ്ക് ആണ് എന്റെ ക്യാപ്റ്റന്‍. മുകള്‍ നിരയില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമായിരുന്ന ഒരു മികച്ച കളിക്കാരനായ നമന്‍ ധിറും എനിക്കുണ്ട്.

ഓള്‍റൗണ്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഞാന്‍ വിപ്രജ് നിഗത്തെ തെരഞ്ഞെടുത്തു, ഇന്ത്യയ്ക്കായി കളിക്കാന്‍ സാധ്യതയുള്ള ഒരു അസാധാരണ കണ്ടെത്തലാണ് അത്. അദ്ദേഹത്തിന്റെ ലെഗ്‌സ്പിന്‍, ബാറ്റിങ് കഴിവുകള്‍ മികച്ചതാണ്. മികച്ച പ്രകടനം കാഴ്ചവെച്ച ഹര്‍പ്രീത് ബ്രാറും ടീമിലുണ്ട്.

പേസര്‍മാരുടെ കാര്യത്തില്‍ ടീമിനായി ഫൈനല്‍ വിജയിപ്പിച്ച യാഷ് ദയാലും പരിമിതമായ അവസരങ്ങള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച വിജയ്കുമാര്‍ വൈശാഖിനെയും ഞാന്‍ തെരഞ്ഞെടുത്തു. അശ്വനി കുമാര്‍, അര്‍ഷാദ് ഖാന്‍, പ്രിന്‍സ് യാദവ്, ആകാശ് സിങ് എന്നിവരെ ഞാന്‍ പരിഗണിച്ചു, പക്ഷേ അന്‍ഷുല്‍ കംബോജ് ദീര്‍ഘകാല സാധ്യതയുള്ള കളിക്കാരനായതിനാല്‍ അവന്‍ തെരഞ്ഞെടുപ്പിലുണ്ട്,’ ചോപ്ര യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആകാശ് ചോപ്രയുടെ അണ്‍ ക്യാപ്പ്ഡ് ഐ.പി.എല്‍ 2025 ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, വൈഭവ് സൂര്യവന്‍ഷി, നെഹാല്‍ വധേര, നമന്‍ ധിര്‍, ശശാങ്ക് സിങ് (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, വിപ്രജ് നിഗം, അന്‍ഷുല്‍ കാംബോജ്, യാഷ് ദയാല്‍, വിജയ്കുമാര്‍ വൈശാഖ്‌

Content Highlight: IPL 2025: Aakash Chopra’s uncapped IPL 2025 XI

We use cookies to give you the best possible experience. Learn more