ഐ.പി.എല്‍ 2025ലെ ആദ്യ ക്വാളിഫയറിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ നേരിടും. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിലെ ജേതാക്കള്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടമണിയാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളാണ് ആദ്യ ക്വാളിഫയറില്‍ കൊമ്പുകോര്‍ക്കുന്നത്. അതായത് ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളില്‍ ഒരു ടീം ഉറപ്പായും ഫൈനല്‍ കളിക്കും എന്ന് അര്‍ത്ഥം.
ആദ്യ ക്വാളിഫയര്‍ വിജയിച്ച് ഫൈനലിലെത്തുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ പഞ്ചാബ് കിങ്‌സോ ആകട്ടെ പുതിയ ചാമ്പ്യന്‍മാരുണ്ടാകാനുള്ള നിലവിലെ സാധ്യത 50 ശതമാനമാണ്.
ഇനി അഥവാ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നതെങ്കില്‍ കിരീടാവകാശികളായി പുതിയ ടീം എത്തുമെന്ന് നൂറ് ശതമാനവും ഉറപ്പാണ്. അതിനുള്ള സാധ്യതകള്‍ പരിശോധിക്കാം.
ആദ്യ ക്വാളിഫയറിന് ശേഷം നടക്കുന്ന എലിമിനേറ്ററില്‍ രണ്ട് മുന്‍ ചാമ്പ്യന്‍മാരാണ് ഏറ്റുമുട്ടുന്നത്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും. അതായത് രണ്ടാം ക്വാളിഫയറില്‍ നേരത്തെ ചാമ്പ്യന്‍മാരായ ഒരു ടീം തന്നെയായിരിക്കും എത്തുക എന്നത് നൂറ് ശതമാനവും ഉറപ്പാണ്.
ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാത്ത ഒരു ടീമിനെയാകും (ആര്‍.സി.ബി/ പി.ബി.കെ.എസ്.) മുമ്പ് ചാമ്പ്യന്‍മാരായ ടീമിന് (എം.ഐ/ ജി.ടി) രണ്ടാം ക്വാളിഫയറില്‍ നേരിടാനുണ്ടാവുക. അതായത് ഐ.പി.എല്ലില്‍ പുതിയ ചാമ്പ്യന്‍മാരുണ്ടാകുമോ എന്നതിന്റെ ചിത്രം ലഭിക്കണമെങ്കില്‍ രണ്ടാം ക്വാളിഫയര്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കണമെന്ന് അര്‍ത്ഥം.
ഐ.പി.എല്‍ പ്ലേ ഓഫ്
ആദ്യ ക്വാളിഫയര്‍, മെയ് 29 – പഞ്ചാബ് കിങ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
എലിമിനേറ്റര്‍, മെയ് 30 – ഗുജറാത്ത് ടൈറ്റന്‍സ് vs മുംബൈ ഇന്ത്യന്‍സ്
രണ്ടാം ക്വാളിഫയര്‍, ജൂണ്‍ 1 – ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട ടീം vs എലിമിനേറ്റര്‍ വിജയിക്കുന്ന ടീം
ഫൈനല്‍, ജൂണ്‍ 3 – ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന ടീം vs രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്ന ടീം
Content Highlight: IPL 2025: 1st Qualifier: Royal Challengers Bengaluru will face Punjab Kings