| Wednesday, 29th April 2020, 2:56 pm

കൊവിഡ് 19 ഉം പരിസ്ഥിതി രാഷ്ട്രീയവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥാ സേവനങ്ങളുമായി ( Eco System Services) ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങള്‍ക്കും ശാസ്ത്രത്തിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്താനായി യു.എന്നിന്റെ ആഭിമുഖ്യത്തിലുള്ള സംഘടനയാണ് IPBES അഥവാ Intergovermental science-Policy Platform on Biodiversity and Ecosystem Services.

ഇവരുടെ വെബ്‌സൈറ്റില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട് ലോകത്തിലെ അറിയപ്പെടുന്ന നാല് ശാസ്ത്രജ്ഞരുടെ ലേഖനമുണ്ട്. ലോകത്തെ മുന്‍നിര ശാസ്ത്രജ്ഞന്‍മാരില്‍ എണ്ണപ്പെടുന്ന Prof. Josef Settele, Sandra Díaz, Eduardo Brondizio, Dr. Peter Daszak എന്നിവര്‍ തയ്യാറാക്കിയ ലേഖനത്തിന്റെ ചുരുക്കം

കൊവിഡ് 19 മഹാമാരിക്ക് ഉത്തരവാദികളായ ഒരേ ഒരു വര്‍ഗമേ ഉള്ളൂ – അത് മനുഷ്യരാണ്. കാലാവസ്ഥാ, ജൈവ വൈവിധ്യ പ്രതിസന്ധി പോലെ ഈ മഹാമാരിയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുള്ള ഫലമാണ്, പ്രത്യേകിച്ചും ഏതുവിധേനയും സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്ന സങ്കുചിത രീതിയുടെ അടിസ്ഥാനത്തിലുള്ള ആഗോള സാമ്പത്തിക-ധനകാര്യ വ്യവസ്ഥിതിയുടെ.

കൊവിഡ് 19 പോലുള്ള രോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്ന സൂക്ഷ്മജീവികള്‍ കാരണം ഉണ്ടാവുന്നവയാണ്. പുതുതായി വരുന്ന 70 % അധികം രോഗങ്ങളും വന്യ മൃഗങ്ങളില്‍ നിന്നോ വളര്‍ത്തു മൃഗങ്ങളില്‍ നിന്നോ ഉല്‍ഭവിക്കുന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ ഇങ്ങനെ രോഗകാരികളായ സൂക്ഷ്മാണുക്കളെ പേറുന്ന മൃഗങ്ങളുമായി ഇടപെടുന്നത്, പ്രത്യേകിച്ചും സംഘര്‍ഷാത്മക രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നത്, ആണ് മഹാമാരികള്‍ക്ക് കാരണമാവുന്നത്.

വ്യാപക വനനശീകരണം, കൃഷിയുടെ അനിയന്ത്രിത വ്യാപനം, തീവ്ര കൃഷിരീതികള്‍, ഖനനവും നിര്‍മാണപ്രവര്‍ത്തനങ്ങളും, വന്യ ജീവികളുടെ മേലുള്ള ചൂഷണം എന്നിവയെല്ലാം ചേര്‍ന്ന് കൃത്യമായി കാട്ടിനുള്ളിലെ രോഗം നാട്ടിലേക്കെത്തിച്ചു.

നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കരയുടെ മൂന്നില്‍ നാലു ഭാഗത്തേയും ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. 85 % അധികം തണ്ണീര്‍തടങ്ങള്‍ നശിപ്പിച്ചു. മൂന്നിലൊരു ഭാഗം കരയും 75 % വെള്ളവും കൃഷിക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും മാത്രമായി ചിലവഴിക്കുന്നു. ഇതിന്റെ കൂടെ വന്യ മൃഗങ്ങളുടെ വ്യാപാരവും വിമാന യാത്രകളിലുള്ള വന്‍ കുതിച്ചു ചാട്ടവും കൂടി ചേര്‍ന്നപ്പോള്‍ പശ്ചിമേഷ്യയില്‍ ആര്‍ക്കും ശല്യമില്ലാതെ ഏതോ വവ്വാലിനിടയില്‍ ജീവിച്ചിരുന്ന വൈറസ് 30 ലക്ഷം ആളുകളെ ബാധിക്കുന്ന രീതിയില്‍ എത്തി.

ഇതൊരു തുടക്കം മാത്രമാണ്. ഒരു വര്‍ഷം 700,000 മനുഷ്യരുടെ മരണത്തിന് കാരണമാവുന്നത് മൃഗങ്ങളില്‍ നിന്നുള്ള രോഗങ്ങളാണ്. പക്ഷേ വരാനിരിക്കുന്ന പ്രശ്‌നം ഇതിലുമെത്രയോ ഭീകരമായിരിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യരെ ബാധിക്കാന്‍ കഴിവുള്ള 17 ലക്ഷം തരം വൈറസുകള്‍ സസ്തനികളിലും ജല പക്ഷികളിലുമായി ഇനിയും അടയാളപ്പെടുത്താത്തതായി ഉണ്ട്. ഇവയില്‍ ഏതും അടുത്ത ‘X രോഗം’ ആയി മാറിയേക്കാം, ഒരു പക്ഷേ കൊവിഡിനേക്കാള്‍ അപകടകാരിയുമാവാം.

വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയില്ലെങ്കില്‍ ഭാവിയിലെ മഹാമാരികള്‍ കൂടുതല്‍ വ്യാപകവും, അടിക്കടി വരുന്നവയും, ഇതിനേക്കാള്‍ സാമ്പത്തികാഘാതം സൃഷ്ടിക്കുന്നവയും എല്ലാറ്റിനുമപ്പുറം കൂടുതല്‍ പേരെ കൊല്ലാന്‍ കാരണവുമായേക്കാം.

അതിനാല്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട ഇപ്പോഴത്തെ നടപടികള്‍ ഭാവി പ്രതിസന്ധിയും അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലാവരുതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതില്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു,

1) പരിസ്ഥിതിയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നതും ഉറപ്പു വരുത്തുന്നതുമായിരിക്കണം ഈ നടപടികള്‍. പ്രകൃതിയോട് ഗുണപരമായ സമീപനം സ്വീകരിക്കുന്നതും സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കേ ഉത്തേജക പാക്കേജ് നല്‍കാവൂ.

അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് പകരം താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പരിസ്ഥിതി ചട്ടങ്ങള്‍ മയപ്പെടുത്താനും പരിസ്ഥിതി സൗഹാര്‍ദ്ദമല്ലാത്ത വ്യവസായങ്ങളേയും തീവ്ര കൃഷി രീതികളേയും പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്ക് മുതിരുകയും ചെയ്താല്‍ ഭാവിയിലെ മഹാമാരിയിലേക്കുള്ള ദൂരം കുറക്കുകയാവും ഫലം.

2) ആഗോള തലം തൊട്ട് ഏറ്റവും ചെറിയ പ്രാദേശിക ഘടകങ്ങളില്‍ വരെ ഒരു ‘ഏകാരോഗ്യ (One health)’ സമീപന സ്വീകരിക്കണം. പരസ്പര ബന്ധിതമായ മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, ആവാസ വ്യവസ്ഥ എന്നിവയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന വീക്ഷണമാണ് ആവശ്യം. വനനശീകരണം വഴി സ്വകാര്യ മേഖല ലാഭം കൊയ്യാനും ഇതിന്റെ ഫലമായ രോഗ ഫലങ്ങള്‍ പൊതു ആരോഗ്യ സമ്പ്രദായവും പ്രാദേശിക ജനവിഭാഗങ്ങളും മാത്രം അനുഭവിക്കുകയും ചെയ്യുന്ന രീതി നിലവിലുള്ളതിന് ഒരുദാഹരണമാണ്.

ഏകാരോഗ്യ സമീപനമാവുമ്പോള്‍ ഈ വികസന നയങ്ങളിലെല്ലാം തീരുമാനമെടുക്കുമ്പോള്‍ ജനങ്ങളുടേയും പ്രകൃതിയുടേയും മേല്‍ ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആഘാതം കൂടി പരിഗണിക്കും.

3) ആരോഗ്യരംഗത്തിന് കൃത്യമായ ഫണ്ടിംഗും വിഭവങ്ങളും നല്‍കി ശക്തിപ്പെടുത്തുകയും മഹാമാരിയെ നേരിടുന്നതില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടു വരികയും വേണം. പ്രാദേശിക ജന വിഭാഗങ്ങളെ പങ്കാളികളാക്കി ഇതിനെ പ്രതിരോധിക്കാനുള്ള രീതികള്‍ക്കായി ആഗോള മൂലധനത്തിന്റെ ശ്രദ്ധ പതിക്കേണ്ടതുണ്ട്.

സമ്പദ് വ്യവസ്ഥയിലെ അപകടകരമായ കളികള്‍ക്ക് പകരം സുസ്ഥിരമായ ബദലുകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം, പ്രത്യേകിച്ചും ഏറ്റവും ദുര്‍ബലരുടെ ആരോഗ്യം സംരക്ഷിക്കാനുതകുന്ന ഏര്‍പ്പാടുകള്‍. ഇതൊന്നും ഒരു ഉദാരതയായി മാത്രം കാണേണ്ടതല്ല, ഭാവിയിലെ മഹാമാരികളെ നേരിടാനുള്ള നിക്ഷേപം കൂടിയായി മനസ്സിലാക്കണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more