| Tuesday, 28th November 2017, 11:50 am

ആ മൂന്ന് തൂണുകള്‍ ദ്രവിച്ചതെങ്ങനെ? ജനാധിപത്യ സംവിധാനങ്ങളെയാകെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സോളാര്‍ റിപ്പോര്‍ട്ടിലൂടെ ഒരു അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോളാര്‍ തട്ടിപ്പുകേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയായിട്ട് ഒരുമാസം പിന്നിടുന്നു. വായിക്കുന്നവരുടെ മനോനിലയനുസരിച്ച് പല തരത്തിലുള്ള വായനയും നടന്നുകഴിഞ്ഞു. ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ ചര്‍ച്ചയായതിനപ്പുറം ജനാധിപത്യ സംവിധാനത്തില്‍ അതുയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ചയായില്ല. നിയമപരവും ധാര്‍മ്മികവുമായ ആഘാതങ്ങളൊന്നുമില്ലാതെ ആ രേഖ വിസ്മരിക്കപ്പെടുകയാണോ? കേരളത്തിന്റെ രാഷ്ട്രീയ സംവിധാനത്തിനുനേരെ സോളാര്‍ കമ്മീഷന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മൂന്നു തൂണുകളായ ലെജിസ്ലേച്ചര്‍, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയുടെ പ്രവര്‍ത്തനം ഉത്കണ്ഠയുളവാക്കുന്നതാണെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് സോളാര്‍ കമ്മീഷന്‍ സോളാര്‍ വിഷയത്തിലെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നത്. ജനസമ്മതിയുടെ മുഖംമൂടി കൊണ്ട് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റേയും അശ്ലീലതയുടേയും യഥാര്‍ത്ഥ മുഖം മറച്ച് ജനത്തെ ചൂഷണം ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയക്കാര്‍ക്കുള്ള ആഘാതമാകും ഈ റിപ്പോര്‍ട്ടെന്ന മുഖവുരയോടെ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുകയാണ് സോളാര്‍ കമ്മീഷന്‍ ചെയ്തിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അദ്ദേഹത്തിന്റെ ഓഫീസ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സോളാര്‍ തട്ടിപ്പിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും ഇടപെട്ടിട്ടുണ്ടെന്നാണ് സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഇതില്‍ ഓരോരുത്തര്‍ക്കെതിരായ ആരോപണങ്ങളും അതിനെ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളും ഉയര്‍ത്തിക്കാട്ടുന്ന കമ്മീഷന്‍ ആമുഖമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതിശയോക്തിയല്ലെന്ന് സ്ഥാപിക്കുകയാണ്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരായ കമ്മീഷന്റെ കണ്ടെത്തലുകള്‍

സോളാര്‍ പദ്ധതിയ്ക്കായുള്ള കേന്ദ്രസബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കാനായി സര്‍ക്കാറില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ ഒരു സോളാര്‍ നയം സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് ടീം സോളാര്‍ കമ്പനി സംരഭകയായ സരിതാ നായര്‍ ഉമ്മന്‍ചാണ്ടിയെ കാണുന്നത്.

മന്ത്രി ഗണേഷ് കുമാറിന്റെ പി.എ വഴിയാണ് ഉമ്മന്‍ചാണ്ടിയെ കാണാനുള്ള അവസരം സരിതയ്ക്കു ലഭിക്കുന്നത്. മെഗാപ്രോജക്ടുകള്‍ സ്ഥാപിക്കുകയെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ പ്രോജക്ട് റിപ്പോര്‍ട്ട് വായിച്ചശേഷം അദ്ദേഹം ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദുമായി ഫോണില്‍ ബന്ധപ്പെടുകയും സരിത അദ്ദേഹത്തെ കാണുമെന്നും അത് പരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തെന്നായിരുന്നു സരിതയുടെ ആരോപണം. ഇതനുസരിച്ച് സരിത ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കാണുകയും അദ്ദേഹം വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്ന സരിതയുടെ മൊഴി ശരിവെയ്ക്കുകയാണ് കമ്മീഷന്‍.

സര്‍ക്കാറില്‍ നിന്നും അനുകൂല നിലപാട് നേടിയെടുക്കുന്നതിനായി വന്‍തുകകള്‍ കൈക്കൂലി നല്‍കേണ്ടി വന്നുവെന്നതായിരുന്നു സോളാര്‍ കമ്മീഷനു മുമ്പാകെയും പുറത്തും സരിത ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രധാനം. പദ്ധതി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെ ഇടപാടുകാരില്‍ നിന്നും പിരിച്ചെടുത്ത തുക ഇതിനായി ഉപയോഗിച്ചുവെന്നും സരിത കമ്മീഷനുമുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കാമെന്ന ഉറപ്പുനല്‍കി പല സന്ദര്‍ഭങ്ങളിലായി ഉമ്മന്‍ചാണ്ടി രണ്ടുകോടി പതിനാറ് ലക്ഷം രൂപ വാങ്ങിയെന്നാണ് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.

“ഉമ്മന്‍ചാണ്ടി പല സന്ദര്‍ഭങ്ങളിലായി രണ്ടുകോടി 16ലക്ഷം രൂപ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വാങ്ങി. ക്ലിഫ് ഹൗസില്‍വെച്ചാണ് സരിത പണം നല്‍കിയത്. പിന്നീട് 40 ലക്ഷം രൂപ ദല്‍ഹിയിലെ തോമസ് കുരുവിളയ്ക്ക് നല്‍കി. തോമസ് കുരുവിളയും ഉമ്മന്‍ചാണ്ടിയും ഒരുമിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വരികയും 50 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പദ്ധതി വൈകിയപ്പോള്‍ കാലതാമസം മാറ്റാനും സോളാര്‍ പോളിസി വേഗത്തിലാക്കാനും തോമസ് കുരുവിള 25 ലക്ഷം രൂപ അയാളുടെ ഫീസായി കൈപ്പറ്റി.” റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ഉദ്ധരിച്ച സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നത്.

സരിതയില്‍ നിന്നും ഉമ്മന്‍ചാണ്ടി 32 ലക്ഷം രൂപകോഴ വാങ്ങിയെന്നാണ് കമ്മീഷന്റെ സുപ്രധാന കണ്ടെത്തല്‍. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിത വഞ്ചിച്ചു എന്ന ആരോപണവുമായി രംഗത്തുവന്ന മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്നും വാങ്ങിയ 40 ലക്ഷം രൂപയില്‍ നിന്നും 32 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയ്ക്ക് സരിത കോഴയായി നല്‍കിയെന്ന കാര്യം കമ്മീഷന്‍ ശരിവെക്കുന്നുണ്ട്.

ഇതിനു പുറമേ രണ്ട് അവസരങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ടീം സോളാര്‍ കമ്പനി പണം നല്‍കിയതായി സരിത ആരോപിക്കുകയും ഉമ്മന്‍ചാണ്ടിയടക്കം ഇക്കാര്യം സമ്മതിക്കുകയും ചെയ്തതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

“ടീം സോളാര്‍ കമ്പനി സരിതാ എസ്. നായര്‍ മുഖാന്തിരം രണ്ട് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2011ലും 2012ലും രണ്ടുലക്ഷം രൂപ നല്‍കുകയും അതില്‍ അവസാനത്തെ ചെക്ക്, 10.7.2012 തിയ്യതിയിലേത്, ഫണ്ടിന്റെ അപര്യാപ്തതമൂലം ബാങ്ക് നിരാകരിക്കുകയും ചെയ്തു. ആ രണ്ട് ചെക്കുകളും കിട്ടിയതായും ഒന്ന് നിരാകരിക്കപ്പെട്ടതായും മുഖ്യമന്ത്രി (ഉമ്മന്‍ചാണ്ടി) സമ്മതിച്ചിട്ടുണ്ട്. ” എന്നാണ് കമ്മീഷന്റെ നിഗമനം.

ഇത്തരത്തില്‍ പണം കൈപ്പറ്റിയതിന് പ്രത്യുപകാരമെന്നോണം സരിതയുടെ ടീം സോളാറിനുവേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ സോളാര്‍ നയം തന്നെ മാറ്റിയെഴുതിയെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ലൈംഗിക സംതൃപ്തിയും പ്രതിഫലം പറ്റുന്നതിന് തുല്യം

ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സരിത ഉയര്‍ത്തിയ ലൈംഗിക ചൂഷണ ആരോപണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു നിഗമനത്തില്‍ കമ്മീഷന്‍ എത്തിച്ചേരുന്നുണ്ട്. ഒരു പൊതുസേവകന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം വഴി എന്തെങ്കിലും ചെയ്തുകിട്ടുന്നതിനുവേണ്ടി ലൈംഗികതയും ലൈംഗിക സംതൃപ്തിയും ആവശ്യപ്പെടുകയാണെങ്കില്‍ അത് പ്രതിഫലത്തിന്റെ കീഴില്‍വരുമെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടി (പിസി ആക്ട്) ന്റെ വ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് കമ്മീഷന്‍ ഈ കണ്ടെത്തല്‍ വിശദീകരിക്കുന്നത്. “പിസി ആക്ടില്‍ വിഭാവനം ചെയ്തിട്ടുളള നിയമവിരുദ്ധമായ പ്രതിഫലം പണത്തിലോ മറ്റു വസ്തുക്കളിലോ ആയി പരിമിതപ്പെടുത്തേണ്ട ആവശ്യമില്ല. കമ്മീഷനെ സംബന്ധിച്ച്, ലൈംഗിക സംതൃപ്തി നല്‍കുന്നതും പി.സി ആക്ടിലെ 7(യ) വകുപ്പുപ്രകാരം പ്രതിഫലത്തിന്‍ കീഴില്‍ വരുന്ന ഒന്നാണ്” എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

ഭരണത്തലവനായ മുഖ്യമന്ത്രി, ഊര്‍ജവകുപ്പ് മന്ത്രി, മറ്റുമന്ത്രിമാര്‍ തുടങ്ങിയവ പൊതുസേവകരുമായി ബന്ധപ്പെട്ടതാണ് ഈ കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന ലൈംഗികത ആരോപണങ്ങളെന്നും അതിനാല്‍ അവ പ്രതിഫലത്തിന്റെ ഇനത്തില്‍വരുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ സോളാര്‍ കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന തെളിവുകള്‍

ടീം സോളാര്‍ കമ്പനിയ്ക്കുവേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. സരിത എസ് നായരെ അറിയുകയില്ലെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. പല കാര്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തിന്റെ ചേമ്പറില്‍ അദ്ദേഹത്തെ കാണാനായി വരുന്ന ആളുകളുടെ കൂട്ടത്തില്‍ സരിതയുണ്ടോയെന്നത് നിശ്ചയമില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്നാണ് കമ്മീഷന്റെ നിഗമനം. ടീംസോളാര്‍ കമ്പനി ആരംഭിച്ച 2011 മുതല്‍ തന്നെ ലക്ഷ്മി നായര്‍ എന്ന പേരില്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍ അറിയില്ലെന്ന വാദം ഖണ്ഡിക്കാന്‍ മൂന്ന് സംഭാഷണങ്ങളും രണ്ട് സാഹചര്യ തെളിവുകളും സോളാര്‍ കമ്മീഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധത്തിന് ഉമ്മന്‍ചാണ്ടിയുടെ അനുയായി തോമസ് കൊണ്ടോട്ടിയുമായി സരിത സംസാരിക്കുന്നതിന്റെ ശബ്ദരേഖയും മറ്റ് അനുബന്ധരേഖയുമാണ് തെളിവായി കമ്മീഷന്‍ വെയ്ക്കുന്നത്.

ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുള്ള തോമസ് കൊണ്ടോട്ടി സരിതയുമായി നടത്തിയസംഭാഷണത്തിന്റെ ശബ്ദരേഖ, പി. മാധവന്‍ എം.എല്‍.എ സരിതയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ, മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കളിമണ്ണില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച് മടങ്ങിയശേഷം സരിതയുടെ ഡ്രൈവര്‍ വേണുഗോപാലുമായി സംസാരിക്കുന്നതിന്റെ ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയാണ് പ്രധാന തെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുകൂടാതെ 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ പി.എയെ വിളിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാമെന്ന് സരിത അറിയിച്ചതും സോളാര്‍കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്‍ സ്വകാര്യമായി മുഖ്യമന്ത്രിയെ കണ്ടതും സാഹചര്യ തെളിവുകളാണെന്ന് കമ്മീഷന്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ആദ്യചെക്ക് നല്‍കിയ 2011 ആഗസ്റ്റ് 8ന് എടുത്ത ഫോട്ടോഗ്രാഫ് ഉള്‍പ്പെടെ നല്‍കി ടീം സോളാര്‍ കമ്പനിയുടെ ജി.എം ആയ രാജശേഖരന്‍ നായര്‍ മൊഴി നല്‍കിയിരുന്നു. ഒരു സ്റ്റേജില്‍ മുഖ്യമന്ത്രിയോടൊപ്പം, അദ്ദേഹം എന്തോ വായിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ചെവിയില്‍ സംസാരിക്കുന്ന സരിതയുടെ ഫോട്ടോഗ്രാഫും മുഖ്യമന്ത്രിയും സരിതയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലെത്താന്‍ സഹായിച്ചതായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കുന്നതിന് 2011 ലും മറ്റ് രണ്ടവസരങ്ങളില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനും അവസാനമായി കടപ്ലാമറ്റത്തും സരിത, ലക്ഷ്മി നായരായി സരിത തന്നെ കണ്ടെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ദിനംപ്രതി അദ്ദേഹം കണ്ടുമുട്ടുന്ന ആയിരങ്ങളിലൊരാളാണെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോമസ് കുരുവിള വഴി ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സരിതാ നായരുമായുള്ള കൂടിക്കാഴ്ചയും മുഖ്യമന്ത്രിയ്ക്കെതിരായ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു.

2016 ഡിസംബര്‍ 14ന് മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് നല്‍കിയ മൊഴിയില്‍ പറയുന്നത് തന്റെ ഫോണിലൂടെ മുഖ്യമന്ത്രിയുമായി സരിത സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരിച്ച് സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ്.

സരിതയുടെ ടീം സോളാറിനുവേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ സോളാര്‍ നയം തന്നെ മാറ്റിയെഴുതിന്നതിന് ഊര്‍ജ വകുപ്പിന്റെ ഫയലാണ് തെളിവായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരവും ലൈസന്‍സും കൊടുക്കാമെന്ന് സരിതയ്ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യവും സോളാര്‍ കമ്മീഷന്‍ സ്ഥിരീകരിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ കണ്ടെത്തലുകള്‍

ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ക്ലര്‍ക്ക് ടെന്നി ജോപ്പന്‍, ഉമ്മന്‍ചാണ്ടിയുടെ അഡീഷണല്‍ പി.എ ജിക്കുമോന്‍ ജേക്കബ് എന്നിവര്‍ സരിതാ നായരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഒരു മൊബൈല്‍ ഫോണ്‍ ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ ഇല്ല. പേഴ്സണല്‍ സ്റ്റാഫിന്റെയോ സെക്യൂരിറ്റി സ്റ്റാഫിന്റെയോ മൊബൈല്‍ ഫോണുകള്‍ വഴിയായിരുന്നു ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്നത്.

അതുപോലെ ഉമ്മന്‍ചാണ്ടി മറ്റുളളവരുമായി ബന്ധപ്പെടുന്നത് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെയും സെക്യൂരിറ്റി സ്റ്റാഫിന്റെയും മൊബൈല്‍ ഫോണുകള്‍ വഴിയായിരുന്നു. സരിതയും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്നത് ഇവര്‍ വഴിയായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സരിത നായര്‍ക്ക് ടെന്നി ജോപ്പന്‍, ജിക്കുമോന്‍ എന്നിവരുമായി വളരെ നല്ല ബന്ധമാണുണ്ടായിരുന്നതെന്നത് അംഗീകരിക്കപ്പെട്ടതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. “അവര്‍ക്കിടയിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളില്‍ കുടുതലും കുടുംബ ചരിത്രത്തേയും ബിസിനസ് കാര്യങ്ങളേയും കുറിച്ചുള്ള വിഷയങ്ങള്‍ ആയിരുന്നെന്ന് അവര്‍ പറഞ്ഞു. അവര്‍ നല്ല സുഹൃത്തുക്കളും സരിതയെക്കുറിച്ച് അവര്‍ക്ക് നല്ല അഭിപ്രായവുമായിരുന്നു.” റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഈ ബന്ധം ടീം സോളാര്‍ കമ്പനിക്കുവേണ്ടി ക്ലൈന്റിനെ കണ്ടെത്തുന്നതിനായി സരിത ഉപയോഗിച്ചതായും കമ്മീഷന്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റമേഴ്‌സിനെ ബോധ്യപ്പെടുത്താന്‍ ഇവരുടെ നമ്പറുകളിലേക്ക് സരിത വിളിക്കാറുണ്ടായിരുന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്

സരിതയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിന് ടെന്നി ജോപ്പനും ജിക്കുമോനും നല്‍കിയ മൊഴികളാണ് കമ്മീഷന്‍ തെളിവായി ചൂണ്ടിക്കാട്ടുന്നത്. തന്റെ പേഴ്സണല്‍ സ്റ്റാഫിന്റെയും സെക്യൂരിറ്റിയുടേയും ഭാഗത്തുനിന്നും നിയവിരുദ്ധമായ ഇടപെടലുണ്ടായിയെന്നത് മുഖ്യമന്ത്രി നല്‍കിയ തെളിവ് സത്യവാങ്മൂലത്തിലെ ഖണ്ഡിക പത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികവസതിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും സരിത വിളിച്ച കാര്യം മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരന്‍ സലിംരാജ് സമ്മതിച്ചതായി പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കമ്മീഷന്‍ സ്ഥിരീകരിക്കുന്നു. പൊലീസ് ശേഖരിച്ച വിളിയുടെ വിശദാംശങ്ങള്‍ വിശലകലനം ചെയ്തശേഷം ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതയിലേക്കുള്ള ലാന്‍ഡ് ഫോണ്‍ വിളികള്‍ സംബന്ധിച്ചും ജോപ്പനേയും സലിം രാജിനെയും ഉമ്മന്‍ചാണ്ടി പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും സെക്യൂരിറ്റിസ്റ്റാഫില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താനും പൊലീസ് നിര്‍ദേശിച്ചിരുന്നു.

ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദിന് എതിരായ കണ്ടെത്തലുകള്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ടീം സോളാറിനുവേണ്ടി സരിത നായര്‍ ആര്യാടന്‍ മുഹമ്മദിനെ കണ്ടെന്നും അദ്ദേഹം സരിതയ്ക്ക് എല്ലാ വാഗ്ദാനങ്ങളും ഉറപ്പുനല്‍കിയതായും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പലതവണ ഈ ആവശ്യവുമായി ബന്ധപ്പെട്ട് സരിത ആര്യാടന്‍ മുഹമ്മദുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാാലഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കാതെയായതോടെ മന്ത്രിയുടെ പി.എ കേശവന്‍ അത് നടക്കുന്നതിന് മന്ത്രിക്ക് കുറച്ചു പണം നല്‍കണമെന്ന് സരിതയോട് പറഞ്ഞു. രണ്ടു കോടി രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സരിത വിലപേശുകയും 50%ത്തിലേക്ക് കുറയ്ക്കുകയും ചെയ്തു.

കോട്ടയം കോടിമതയിലും ഔദ്യോഗിക വസതിയിലും വെച്ച് നാല്‍പതു ലക്ഷം രൂപ സരിതയില്‍ നിന്നും ആര്യാടന്‍ കൈപ്പറ്റിയെന്ന ആരോപണവും കമ്മീഷന്‍ സ്ഥിരീകരിക്കുന്നു.

“40 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന് ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍വെച്ചും 15 ലക്ഷം രൂപ അദ്ദേഹത്തിന്റെ പി.എസ്. ആയ കേശവന് സുമംഗലി ഓഡിറ്റോറിയത്തില്‍വെച്ചും നല്‍കി. ” എന്നായിരുന്നു സരിതയുടെ ആരോപണം.

ഇതിന് പ്രത്യുപകാരമെന്നോണം അനര്‍ട്ടിനെ ഉപയോഗിച്ച് 2013 ടീം സോളാറിന് അനുകൂലമായി സോളാര്‍ നയംതന്നെ ഊര്‍ജ്ജമന്ത്രി രൂപപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്യാടന്‍ മുഹമ്മദിനെതിരെ ഉയര്‍ത്തിയ തെളിവുകള്‍

ടീം സോളാര്‍ കമ്പനിക്ക് അനുകൂലമായ ഊര്‍ജനയം രൂപീകരിച്ചുവെന്നതാണ് ആര്യാടനെതിരായ പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. സോളാര്‍നയം രൂപീകരിക്കുന്നതിനെക്കുറിച്ച് ആര്യാടന്‍ സരിതയ്ക്ക് നല്‍കിയ ഉറപ്പു പ്രകാരമായിരുന്നു സര്‍ക്കാറിന്റെ ഊര്‍ജ നയമെന്ന് 2013 നവംബര്‍ 25ലെ G.O No 49/13/PD എന്ന സര്‍ക്കാര്‍ ഫയല്‍ തെളിവായി ഉയര്‍ത്തി സോളാര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

സരിതയും ആര്യാടന്‍ മുഹമ്മദും തമ്മില്‍ ബന്ധമുണ്ടെന്നത് കമ്മീഷന്‍ സ്ഥിരീകരിക്കുന്നത് ആര്യാടന്‍ ഉദ്ഘാടകനായ ഒരു പരിപാടിയുടെ വേദിയില്‍ സരിതയെത്തിയതിന്റെയും ആര്യാടന്‍ അവരെക്കുറിച്ച് പ്രസംഗിച്ചതിന്റെയും സിഡി പരശോധിച്ചുകൊണ്ടാണ്.

“2012 മെയ് ആറിന് കോട്ടയം ജില്ലയിലെ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദായിരുന്നു. ആ ചടങ്ങിലേക്ക് സരിതാ നായരേയും ക്ഷണിച്ചിരുന്നു. വൈദ്യുതി മന്ത്രിയും ആഭ്യന്തരമന്ത്രിയും സരിത നായരും വേദിയിലുണ്ടായിരുന്നു. ഈ ചടങ്ങില്‍വെച്ച് ആര്യാടന്‍ സരിതാ നായര്‍ ഇരുന്ന വശത്തേക്ക് നോക്കി മെഗാ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സരിത തന്നെ വന്നു കണ്ടതായും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ഉറപ്പുനല്‍കിയതായും പറയുന്നുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് സരിത തന്നെ വന്നുകണ്ടതെന്നും ആര്യാടന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. ” എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.

ആര്യാടന്‍ മുഹമ്മദ് ഈ ആരോപണം നിഷേധിച്ചിരുന്നു. വൈദ്യുതി മന്ത്രിയായതിനാല്‍ കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതായി ആര്യാടന്‍ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം നടത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും അതില്‍ ആരൊക്കെ പങ്കെടുത്തിരുന്നു എന്ന് അറിയില്ലെന്നുമായിരുന്നു ആര്യാടന്റെ നിലപാട്. സരിതാ നായരെ അന്നേദിവസം അവിടെ വെച്ച് കണ്ടിട്ടില്ല എന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി തന്നെ ഫോണില്‍ വിളിക്കുകയോ സരിതാ നായരെക്കുറിച്ച് പറയുകയോ ചെയ്തിട്ടില്ലെന്നുമാണ് ആര്യാടന്‍ പറഞ്ഞത്. അദ്ദേഹത്തെ സരിത സന്ദര്‍ശിച്ചതും പ്രോജക്ടുകള്‍ നല്‍കിയതും അദ്ദേഹം നിഷേധിച്ചിരുന്നു. മന്‍മോഹന്‍ ബംഗ്ലാവില്‍ തന്നെ കാണാന്‍ സരിത വന്നിട്ടില്ലെന്ന നിലപാടാണ് ആര്യാടന്‍ സ്വീകരിച്ചതെന്നും കമ്മീഷന്‍ പറയുന്നു.

എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ഹാജരാക്കിയ പ്രസ്തുത പരിപാടിയുടെ സി.ഡി പരിശോധിച്ചാണ് കമ്മീഷന്‍ ഈ ചടങ്ങില്‍ സരിതാ നായരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. “കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ഹാജരാക്കിയ പ്രസ്തുത ചടങ്ങ് ദൃശ്യവല്‍ക്കരിച്ചത് സി.ഡി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കാണിച്ചു. ഇതില്‍ സരിത എസ്. നായര്‍ ഇരുന്നിരുന്ന വശത്തേക്ക് നോക്കി ആര്യാടന്‍ മുഹമ്മദ് ഒരു പ്രസംഗം നടത്തുന്നത് തെളിയുന്നു. സരിതാ നായര്‍ വേദിയില്‍ ഉണ്ടായിരുന്നപ്പോള്‍ ആര്യാടന്‍ മുഹമ്മദ് അവരുടെ വശത്തേക്ക് നോക്കി.സി.എം നിര്‍ദേശിച്ചതിന്‍ പ്രകാരമാണ് എന്ന് അവര്‍ പറഞ്ഞുവരികയും അദ്ദേഹത്തെ കാണുകയും ചെയ്തെന്നും മെഗ് പ്രോജക്ടറുകളുമായി ഇതുപോലെ മറ്റ് ആളുകളും അദ്ദേഹത്തെ കണ്ടതായും അവര്‍ക്കായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും എന്നും പറഞ്ഞു.” സിഡി പരിശോധിച്ചത് വിശദീകരിച്ച് കമ്മീഷന്‍ പറയുന്നു.

ആര്യാടന്‍ മുഹമ്മദ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സരിതയെക്കുറിച്ചും സോളാറിനെക്കുറിച്ചും പറഞ്ഞതായി ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

Image result for thiruvanchoor

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ കണ്ടെത്തല്‍

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥാനം ഉപയോഗിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയത്. ഇതിനു പുറമേ സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിതയും ഷാലുവുമായി തിരുവഞ്ചൂരിന് ബന്ധമുണ്ടായിരുന്നെന്നും ആ ബന്ധംകൊണ്ട് അവരെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണത്തിന് തെളിവുകളുടെ പൂര്‍ണമായ പിന്‍ബലമില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തമ്പാനൂര്‍ രവിയുടെയും ബെന്നി ബെഹനാന്റെയും ഇടപെടലിനെക്കുറിച്ചുള്ള കണ്ടെത്തല്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ അന്വേഷണം വന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണമാണ് ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയ്ക്കും എതിരെയുള്ളത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിക്കാന്‍ ബെന്നി ബെഹനാനും എബ്രഹാം കലമണും ഇടപെട്ടതിന്റെ ശബ്ദ ദൃശ്യതെളിവുകള്‍ കമ്മീഷന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

“സരിത എസ് നായരും തമ്പാനൂര്‍ രവിയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും എങ്ങനെയാണ് അന്വേഷണ കമ്മീഷനുമുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടതെന്ന് വ്യക്തമായ നിര്‍ദേശം നല്‍കുന്നുണ്ട്.” എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

“സരിതാ എസ്. നായകരും ബെന്നി ബെഹന്നാനും തമ്മിലുളള വീഡിയോ സംഭാഷണത്തില്‍ സരിത എസ്. നായര്‍ കാര്യങ്ങള്‍ പറയുന്നതും അത് ക്ഷമയോടെ കേട്ട് തലയാട്ടുന്ന ശ്രീ ബെന്നി ബെഹന്നാനെയും കാണുന്നു.” റിപ്പോര്‍ട്ടില്‍ പറയുന്നു.

തമ്പാനൂര്‍ രവി സരിതാ നായരുടെ അഡ്വക്കേറ്റായ ഫെന്നി ബാലകൃഷ്ണനെ നിരവധി തവണ വിളിച്ചെന്നും അവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ഉയര്‍ത്തിക്കാട്ടി കമ്മീഷന്‍ സ്ഥിരീകരിക്കുന്നുണ്ട്.

അന്വേഷണ സംഘത്തിന് എതിരായ കണ്ടെത്തല്‍

ഉമ്മന്‍ചാണ്ടിക്ക് സരിത എസ് നായരുമായോ അവരുടെ കമ്പനിയുമായോ യാതൊരുവിധ ബന്ധവുമില്ലെന്ന് ഉറപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചതെന്നതാണ് അന്വേഷണ സംഘത്തിനെതിരായ സോളാര്‍കമ്മീഷന്റെ സുപ്രധാന കണ്ടെത്തല്‍. തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചര്‍ച്ചകളും തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംഗതികളും അന്വേഷിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് അവഗണിക്കുന്ന തരത്തിലാണ് എസ്.ഐ.ടി പ്രവര്‍ത്തിച്ചതെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ മുഖ്യമന്ത്രിയുടേത് ആയാലും അത് വ്യക്തിപരമായി അവരെ അറിയില്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതില്ലെന്ന എസ്.ഐ.ടി നിലപാട് നിയമസഭയോടുള്ള അനാദരവിന് തുല്യമാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

Image result for ബെന്നി ബെഹനാന്‍

എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ സരിത എസ്. നായര്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ് എന്നിവരില്‍ നിന്നെടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഇടക്കാലറിപ്പോര്‍ട്ടില്‍ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ രേഖകളുടെ ഭാഗമാക്കിയില്ല എന്ന ആക്ഷേപവും അന്വേഷണ സംഘത്തിനെതിരെ കമ്മീഷന്‍ ഉയര്‍ത്തുന്നുണ്ട്. “ഹേമചന്ദ്രന്‍ ടെലിഫോണ്‍ വിളികളെ പേഴ്സണല്‍ സ്റ്റാഫിന്റേയും സെക്യൂരിറ്റിയുടേയും ദുര്‍നടപടിയായി പരിഗണിച്ച് അതുവഴി സരിത ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും പേഴ്സണല്‍ സ്റ്റാഫിന്റേയും സെക്യൂരിറ്റിയുടേയും മൊബൈല്‍ ഫോണുകളിലേക്ക് വിളിച്ച കോളുകള്‍ സി.എമ്മിനോട് സംസാരിക്കാനല്ല പകരം അവരുടെ പെരുമാറ്റ ദൂഷ്യമായി വരുത്തി തീര്‍ക്കാനാണ്ശ്രമിച്ചത് ” എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

സരിതയുടെ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ രണ്ട് ലാന്റ് ഫോണുകളിലേക്ക് നിരവധി ഫോണ്‍വിളികള്‍ ഉണ്ടായിരുന്നുവെന്നത് സമ്മതിക്കുന്ന കാര്യമാണെങ്കിലും സരിതയുടെ മൊബൈലിലേക്കും തിരിച്ചുമുള്ള കോളുകള്‍ മുഖ്യമന്ത്രി തന്നെയോ അല്ലെങ്കില്‍ മുഖ്യമന്ത്രിയ്ക്കു വേണ്ടിയോ ആയിരുന്നോ എന്ന് തിട്ടപ്പെടുത്തുന്നതിനുളള യാതൊരു ശ്രമവും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടെന്നി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ്, തോമസ് കുരുവിള എന്നിവരുടെ മൊബൈല്‍ ഫോണില്‍ നിന്നും സരിതയുടെ ഫോണിലേക്കും തിരിച്ചുമുളള വിളികള്‍ക്ക് അന്വേഷണത്തില്‍ എന്തെങ്കിലും പ്രാധാന്യം ഉണ്ടോയെന്ന് പരിശോധിക്കാനും എസ്.ഐ.ടി ശ്രമിച്ചിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

സോളാര്‍ കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ മുടിക്കല്‍ സജാദിന്റെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ ബന്ധിപ്പിക്കുന്ന ധാരാളം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനോ അദ്ദേഹത്തിന്റെ സ്റ്റേറ്റമെന്റ് എടുക്കുന്നതിനോ ഉള്ള യാതൊരു ശ്രമവും അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരികൃഷ്ണന്‍ സ്വീകരിച്ചിട്ടില്ല. ശുപാര്‍ശ കത്തുകള്‍ മാത്രമാണ് അന്വേഷണ വിഷയമാക്കിയതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയും നിയമസഭാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച് ഒരന്വേഷണവും നടത്തിയില്ലയെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കേസ് ഡയറിയും മൊഴികളും ഫോണ്‍ രേഖകളും ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും വേണ്ടവിധം പരിശോധിച്ചില്ല. സരിത പറഞ്ഞ കാര്യങ്ങളിലും ടീംസോളാര്‍ അഴിമതിക്കേസിലും കൃത്യമായ അന്വേഷണമുണ്ടായില്ലെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

ജുഡീഷ്യറിയ്‌ക്കെതിരായ സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍

എസ്.ഐ.ടിയുടെ സോളാര്‍ ക്രൈം കേസ് പരിശോധിച്ചതില്‍ നിന്നും സരിതയെ അറസ്റ്റു ചെയ്തപ്പോള്‍ ഭാരതത്തിന്റെ ഭരണഘടനയുടെയും അന്വേഷണത്തെ നിയന്ത്രിക്കുന്ന ക്രിമിനല്‍ നടപടി നിയമസംഹിതയുടെയും ലംഘനം നടത്തിയതായി ബോധ്യപെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ പറയുന്നു. ഇക്കാര്യം അന്വേഷണ സംഘം സമ്മതിച്ചതാണ്. എന്നാല്‍ സരിതയെ ഹാജരാക്കിയ വേളയില്‍ മജിസ്‌ട്രേറ്റ് ഇത് പരിശോധിച്ചില്ലെന്നാണ് സോളാര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.

സൂര്യാസ്തമനത്തിനും സൂര്യോദയത്തിനും ഇടയ്ക്ക് ഒരു വനിതയായ സരിത എസ്. നായരെ അറസ്റ്റു ചെയ്യാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ എഴുതിയ അനുമതി വേണം. പ്രതി അറസ്റ്റു ചെയ്യപ്പെട്ട സമയം അറസ്റ്റ് മെമ്മോയില്‍ രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിനു മുമ്പാകെ അവരെ ഹാജരാക്കുന്ന സമയത്ത് അറസ്റ്റു മെമ്മോയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നു. രാത്രിസമയത്താണ് ഒരു സ്ത്രീയെ അറസ്റ്റു ചെയ്യുന്നതെങ്കില്‍ ഒരു മജിസ്‌ട്രേറ്റിന്റെ അനുവാദം വാങ്ങിയതിനുശേഷമാണോ അവരെ അറസ്റ്റു ചെയ്തതും ഹാജരാക്കിയതും എന്ന് മജിസ്‌ട്രേറ്റ് പരിശോധിക്കേണ്ടതായിരുന്നു. ഈ കേസില്‍ മജിസ്‌ട്രേറ്റ് അത് ചെയ്തിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

സരിതയുടെ കസ്റ്റഡി കാലാവധിക്കുശേഷം 2013 ജൂണ്‍ 20ന് എ.സി.ജെ.എം കോടതിക്കുമുമ്പാകെ ഹാജരാക്കിയ വേളയിലെ ചില സംഭവങ്ങളാണ് കമ്മീഷന്‍ മജിസ്‌ട്രേറ്റിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. “സരിത അവര്‍ക്ക് രഹസ്യമായി ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റ് അവരെ അനുവദിക്കുകയും ബെഞ്ച് ക്ലര്‍ക്കും ജൂനിയര്‍ സൂപ്രണ്ടുമായ രണ്ടു സ്ത്രീകളുടെയും സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്റെയും ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസറുടേയും സാന്നിധ്യത്തില്‍ സരിതയ്ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. സരിത പറയും പ്രകാരം മജിസ്‌ട്രേറ്റ് അത് എഴുതിയെടുത്തു. എന്നാല്‍ മജിസ്‌ട്രേറ്റിന്റെ ഡയറിയിലോ കേസ് ഷീറ്റിലോ സരിത നായരുടെ മൊഴി യാതൊന്നും രേഖപ്പെടുത്തിയില്ല. 20മിനിറ്റ് സരിത പറയുന്നത് കേട്ടശേഷം അവരോട് അത് എഴുതി നല്‍കാന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ എഴുതി തയ്യാറാക്കാന്‍ ഒരു പേപ്പറും പേനയും അവിടെ അപ്പോള്‍ തന്നെ അവര്‍ക്കു നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇതുണ്ടായിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

“എ.സി.ജെ.എം അദ്ദേഹത്തിന്റെ വിസ്താരത്തില്‍ സരിത എസ്. നായര്‍ അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി അദ്ദേഹത്തോട് പറഞ്ഞതായി സമ്മതിച്ചു. എന്നാല്‍ അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടില്ല എന്നും പകരം എഴുതി നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടതായും പറഞ്ഞു. ഈ സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ കാര്യത്തില്‍ എ.സി.ജെ.എം സ്വീകരിച്ച നടപടിയുടെ ന്യായീകരണം അതീവ ഗുരുതരമായ പ്രത്യാഘാതം ഉള്ളതും പരിഗണിക്കേണ്ട കാര്യവുമാണ്.” എന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്.

സോളാര്‍ കമ്മീഷന്റെ അന്വേഷണ പരിഗണനാ വിഷയങ്ങള്‍

1സോളാര്‍ തട്ടിപ്പ്, അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് കേരള നിയമസഭയ്ക്കുള്ളിലും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ്? ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?

2പ്രസ്തുത ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ഇടപാടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ? സംഭവിച്ചിട്ടുണ്ടെങ്കില്‍ എത്രയാണ്.? ഇത് ഒഴിവാക്കാമായിരുന്നോ? അതിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്.?

3മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള ആരോപണങ്ങളില്‍ ഉള്‍പ്പെട്ട കമ്പനിക്കോ വ്യക്തികള്‍ക്കോ നിയമവിരുദ്ധമായി സര്‍ക്കാര്‍ വക വര്‍ക്ക് ഓര്‍ഡറുകളോ മറ്റെന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വകയില്‍ സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടെങ്കില്‍ അതെത്രയാണ്.? ഇത് ഒഴിവാക്കാമായിരുന്നോ? ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?

4 സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരുമായി ബന്ധപ്പെട്ട് 2005 കാലഘട്ടം മുതല്‍ ഇതേവരെ ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടെങ്കില്‍ അവയ്ക്കുള്ള ഉത്തരവാദികള്‍ ആരൊക്കെയാണ്?

5തെറ്റായ വാഗ്ദാനം നല്‍കി ജനങ്ങളെ വ്യാപകമായി വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നത് തടയാനും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഇന്നുനിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പര്യാപ്തമാണോ? ഇല്ലെങ്കില്‍ അത്തരം കബളിപ്പിക്കലും വഞ്ചനയും ഇല്ലാതാക്കാന്‍ ശക്തമായ നിയമനിര്‍മ്മാണവും ഉചിതമായ നടപടികളും സ്വീകരിക്കുന്നതിലേക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്.?

6മേല്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടുന്നതിനെ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍?

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നടപടികള്‍

ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും വലിയ തുകകള്‍ കൈക്കൂലിയായി ടീം സോളാര്‍ കമ്പനിയില്‍ നിന്നും വാങ്ങിയെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന കമ്മീഷന്‍ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമത്തിലെ 7,8,9,13 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നത് പ്രധാന നിര്‍ദേശമായി മുന്നോട്ടുവെക്കുകയും ചെയ്യുന്നു.

ഉമ്മന്‍ചാണ്ടിയെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കുന്നതിനായി ആഭ്യന്തര വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെടല്‍ നടത്തിയെന്നതാണ് കമ്മീഷന്റെ നിഗമനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരായി നടത്തിയിട്ടുള്ള മറ്റ് ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

Image result for kc venugopal mp

വൈദ്യുതി മന്ത്രിയായിരുന്നു ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനേയും സരിത എസ്. നായരേയും നിയമനവിരുദ്ധമായി സഹായിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കമ്മീഷന്‍ ആര്യാടനെതിരെയും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്താനും നിര്‍ദേശിക്കുന്നുണ്ട്. ആര്യാടന് “ടീം സോളാര്‍ കമ്പനിയെ ഏതൊക്കെ രീതിയില്‍ സഹായിക്കാമായിരുന്നുവോ ആ രീതിയിലൊക്കെ സഹായിച്ചിട്ടുള്ളതായി കണ്ടെത്തുന്നു.” എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പുറമേ സോളാര്‍ കേസില്‍ ആരോപണം നേരിട്ട ഉന്നതരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ നിഗൂഢമായ പദ്ധതികള്‍ ഒരുക്കിയ കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടത്താതിരുന്നതിന് പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ സോളാര്‍ കമ്മീഷന്‍ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കെ. പത്മകുമാര്‍ ഐ.പി.എസ്, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ. ഹേമചന്ദ്രന്‍ ഐ.പി.എസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

കമ്മീഷനെ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തില്‍ അഴിമതിയും നിയവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട എല്ലാ ആളുകള്‍ക്കും എതിരായി അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പൊലീസ് സേനയിലെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഒരു ക്ഷമതയുള്ള അധികാര സ്ഥാനത്തിന്റെ തുടര്‍ അന്വേഷണം അത്യാവശ്യമാണെന്നും കമ്മീഷന്‍ കണ്ടെത്തുന്നു. കേരളപൊലീസ് അസോസിയേഷന്‍ സെക്രട്ടറി ജി. ആര്‍ അജിത്തിന്റെ ഭാഗത്തുനിന്നുള്ള അച്ചടക്ക രാഹിത്യത്തിന് നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

എന്താണ് സോളാര്‍ തട്ടിപ്പ്

കേരളത്തില്‍ സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളിലെ ആളുകളില്‍നിന്നും ടീംസോളാര്‍ എന്ന കമ്പനിയുടെ പേരില്‍ രണ്ട് യുവ സംരംഭകര്‍ പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പ് എന്നറിയിപ്പെടുന്നത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവററ് ലിമിറ്റഡ് എന്ന പേരില്‍ സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയത്.

തങ്ങളുടെ കസ്റ്റമേഴ്സിനുവേണ്ടി കിന്‍ഫ്രാ പാര്‍ക്കുകളില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കുന്നതിനും പാര്‍ക്കുകളില്‍ ഭൂമി കിട്ടുന്നതിനും കേന്ദ്ര സബ്സിഡി, വിന്‍ഡ് മില്ലുകള്‍ സജ്ജീകരിക്കുന്നതിനായുള്ള ഐ.ആര്‍.ഇ.ഡി.എയില്‍ നിന്നുള്ള വായ്പകള്‍ തുടങ്ങിയ സഹായങ്ങള്‍ നേടിയെടുക്കാനാണ് ഇവര്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കുന്നത്.

ഈ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് സംരംഭകര്‍ സഹായത്തിന് അര്‍ഹരാണോയെന്ന് ഉറപ്പുവരുത്തുന്നതിനു പകരം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ സംരംഭകരെ ചൂഷണം ചെയ്തുകൊണ്ട് അഴിമതിക്ക് വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്.

ഇന്ത്യയില്‍ സോളാര്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുളള കേന്ദ്രസര്‍ക്കാറിന്റെ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ സഹായം നേടിയെടുക്കുകയെന്നതായിരുന്നു സര്‍ക്കാറിനെ സമീപിച്ചതിലൂടെ സരിതയും ബിജുവും ലക്ഷ്യമിട്ടിരുന്നതെന്നാണ് സോളാര്‍ കമ്മീഷന്റെ വിലയിരുത്തല്‍. റിന്യൂവബിള്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സബ്സിഡി ലിഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എം.എന്‍.ആര്‍.ഇ പുറപ്പെടുവിച്ചിരുന്നു. ഇതിനു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധി സോളാര്‍ ഉപകരണം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനം എം.എന്‍.ആര്‍.ഇയുടെ ചാനല്‍ പാട്നര്‍ ആയിരിക്കണമെന്നും സംസ്ഥാനത്ത് എം.എന്‍.ആര്‍.ഇയുടെ നോഡല്‍ ഏജന്‍സിയായ അനേര്‍ട്ട് വെച്ചുപോരുന്ന ലിസ്റ്റില്‍ സ്ഥാപനത്തെ ഉള്‍പ്പെടുത്തിയിരിക്കണമെന്നുമാണ്.

ടീം സോളാര്‍ കമ്പനി അവകാശപ്പെട്ടത് അവര്‍ വില്‍ക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന സോളാര്‍ ഉപകരണങ്ങള്‍ക്ക് കേന്ദ്ര സബ്സിഡിക്ക് അവകാശമുണ്ടെന്നും അവരുമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് സബ്സിഡി തുക കുറച്ചതിനുശേഷമുള്ള തുകമാത്രം കസ്റ്റമേഴ്സ് നല്‍കിയാല്‍ മതിയെന്നുമാണ്. എം.എന്‍.ആര്‍.ഇയുടെ ചാനല്‍ പാട്നര്‍മാരായ ഹൈദരാബാദിലെ ഒരു കമ്പനിയായ സുരന വെന്‍ച്വേഴ്സ് ന്റെ ഫ്രാഞ്ചൈസികളാണ് തങ്ങള്‍ എന്നവകാശപ്പെട്ടായിരുന്നു സോളാര്‍ കമ്പനി കേന്ദ്രസബ്സിഡിയ്ക്ക് അര്‍ഹരാണെന്ന് പറഞ്ഞത്.

ആ കമ്പനിയില്‍ നിന്നാണ് സോളാര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും ഇവര്‍ അറിയിച്ചിരുന്നു. ഈ അവകാശവാദങ്ങളില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപേക്ഷകള്‍ വ്യാജരേഖകളായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കിന്‍ഫ്രാ പാര്‍ക്കുകളില്‍ ഭൂമി കിട്ടുന്നതിനും കേന്ദ്ര സബ്സിഡി ലഭിക്കുന്നതിന് സംസ്ഥാന സോളാര്‍ റിന്യൂവബിള്‍ എനര്‍ജി നയം അനുകൂലമാക്കി ലഭിക്കുകയെന്ന ലക്ഷ്യമിട്ട് ഇവര്‍ ഉമ്മന്‍ചാണ്ടിയെ സമീപിക്കുന്നത്.

ടീം സോളാര്‍ കമ്പനിയുടെ വിവിധ ജില്ലകളിലുള്ള എനര്‍ജി മാര്‍ട്ടുകള്‍ ക്യാബിനറ്റ് മന്ത്രിമാരായിരുന്ന കെ.സിജോസഫ്, പി.ജെ ജോസഫ്, കെ.ബി ഗണേഷ്‌കുമാര്‍, പി.കെ ജയലക്ഷ്മി,കോഴിക്കോട് എം.പിയായ എം.കെ രാഘവന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തിരുന്നു. മന്ത്രിമാരുടെയും ഉന്നതരുടെയും പങ്കാളിത്തമുള്ള ആഘോഷങ്ങള്‍ എനര്‍ജി മാര്‍ട്ടുകളുടെ ഉദ്ഘാടനങ്ങള്‍ എന്നീ ചടങ്ങുകളിലെടുത്ത വീഡിയോകള്‍ കമ്പനിയുടെ വിശ്വാസയോഗ്യത വര്‍ധിപ്പിക്കാനും കസ്റ്റമേഴ്സിനെ സ്വാധീനിക്കാനും ഉപയോഗിച്ചതായി കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്.

സോളാര്‍ കമ്മീഷന്റെ രൂപീകരണം

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെയുള്ള അഴിമതിആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ കക്ഷിയായിരുന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റിനു സമീപം വന്‍പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തുടര്‍ന്ന് നടത്തിയചര്‍ച്ചയിലാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്.

2013 ഒക്ടോബര്‍ 28ന് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

നാല് ഭാഗങ്ങളിലായി 1073 പേജുകളുള്ള റിപ്പോര്‍ട്ടാണ് 2017 സെപ്റ്റംബര്‍ 26ന് കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. ആമുഖവും ഗസ്റ്റ് വിജ്ഞാപനവും സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകളും നിയമസഭാ ചര്‍ച്ചകളും ടേംസ് ഓഫ് റഫറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം.

സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും കുറിച്ചു പറയുന്നതാണ് രണ്ടാം ഭാഗം. നാലാം ഭാഗം കേരളാ പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ളതാണ്.

റിപ്പോര്‍ട്ടിനുശേഷം എന്ത്

അന്വേഷണ വിധേയമാക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങളെല്ലാം അന്വേഷിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് കമ്മീഷന്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി ഈ റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്ന അതീവഗൗരവതരമായ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുളള നടപടികള്‍ ഉണ്ടാവുകയാണ് വേണ്ടത്. അത്തരം നടപടികള്‍ ഉണ്ടാവുമോയെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.

We use cookies to give you the best possible experience. Learn more