| Wednesday, 4th February 2026, 1:27 pm

ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷണം; ദക്ഷിണാഫ്രിക്കന്‍ വിമോചന സമരത്തെ ഗോത്ര തലവന്‍ വഞ്ചിച്ചെന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഫസീഹ പി.സി.

കേപ് ടൗൺ: ഈസ്റ്റേൺ കേപ് പ്രവിശ്യയിലെ പൊതു ആശുപത്രികൾ സന്ദർശിക്കാൻ ഇസ്രഈൽ എംബസി ഉദ്യോഗസ്ഥരെ ക്ഷണിച്ച ദക്ഷിണാഫ്രിക്കൻ ഗോത്രനേതാവ് ബുയേലെഖായ ഡാലിൻഡിബോയെ വിമർശിച്ച് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എ.എൻ.സി). ഈ നടപടിയിലൂടെ ഡാലിൻഡിബോ ദക്ഷിണാഫ്രിക്കൻ ജനതയുടെ വിമോചന പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പൂർവികർ സ്വീകരിച്ച നിലപാടുകളെ വഞ്ചിച്ചുവെന്ന് എ.എൻ.സി കുറ്റപ്പെടുത്തി.

ഫലസ്തീൻ ജനതക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ ഉറച്ച നിലപാട് സ്വീകരിച്ച സൗത്ത് ആഫ്രിക്കൻ ജനതയെ ഒന്നാകെ ഭരണാധികാരി പ്രതിസന്ധിയിലാക്കിയെന്നും എ.എൻ.സി പ്രവിശ്യ സെക്രട്ടറി ജനറൽ ലുലാമ ങ്‌ചുകായിതോബി കൂട്ടിച്ചേർത്തു. പാർട്ടിയുടെ പ്രൊവിൻഷ്യൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് എൻ.എൻ.സി ഡാലിൻഡിബോയുടെ നടപടിയിൽ അതൃപ്‍തി പ്രകടിപ്പിച്ചത്.

‘അദ്ദേഹം തന്റെ പിതാവും പൂർവികരും വർണവിവേചനത്തിനെതിരെയും ദക്ഷിണാഫ്രിക്കൻ ജനതയുടെ വിമോചനത്തിനുമായി നടത്തിയ പോരാട്ടങ്ങളെ വഞ്ചിച്ചു. ഇത് ആശങ്കാജകമാണ്. വർണവിവേചനത്തിനും ബന്തുസ്ഥാൻ ഭരണകൂടത്തിനുമെതിരെ പോരാടി നാടുകടത്തപ്പെട്ട തന്റെ പിതാവ് സാംബിയയിൽ വെച്ചാണ് മരിച്ചതെന്ന കാര്യം മറക്കരുത്.

ഫലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തിയ, രാജ്യത്തിന്റെ കടുത്ത ശത്രുക്കളായ ഇസ്രഈൽ ഭരണകൂടത്തെ ഒരു കൂടിയാലോചനയുമില്ലാതെ ഈസ്റ്റേൺ കേപിലേക്ക് ക്ഷണിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കുടിവെള്ളം നൽകാമെന്ന വാഗ്ദാനത്തിന് പിന്നിൽ ഇസ്രഈലിന്റെ ക്രൂരതകൾ മറച്ചുവെക്കാൻ കഴിയില്ല. അബതെമ്പു ഗോത്രം പുനർവിചിന്തനം നടത്തേണ്ട ഒരു വിഷയമാണിത്,’ ലുലാമ ങ്‌ചുകായിതോബി പറഞ്ഞു.

അതേസമയം, ഇസ്രഈൽ ഉദ്യോഗസ്ഥരെ കേപ് ടൗണിലേക്ക് ക്ഷണിച്ച നടപടിയെ ന്യായീകരിച്ച് ഡാലിൻഡിബോ രംഗത്തെത്തി. ഈ വിഷയത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായോ പ്രവിശ്യാ സർക്കാരുമായോ കൂടിയാലോചനകൾ നടത്തേണ്ട നിയമപരമായ ബാധ്യതകളൊന്നും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രഈൽ ഉദ്യോഗസ്ഥരുടെ ഈ സന്ദർശനം സഹകരണത്തിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ പരമ്പരാഗത സമൂഹങ്ങളിലൊന്നായ അബതെമ്പു ജനതയുടെ തലവനായ ഡാലിൻഡിബോയെ ഇസ്രഈൽ സന്ദർശനത്തെത്തുടർന്ന് ദി എക്കണോമിക്ക് ഫ്രീഡം ഫൈറ്റേഴ്സ് (ഇ.എഫ്.എഫ്) പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

Content Highlight: Invitation to Israeli officials; African National Congress says tribal chief betrayed South African liberation struggle

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more