കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡി.വൈ.എസ്.പി ഉമേഷിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോര്‍ട്ട്. ഗുരുതരമായ വീഴ്ചയാണ് ഔദ്യോഗിക പദവിയിലുള്ള ഉമേഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഡി.വൈ.എസ്.പി വടക്കാഞ്ചേരിയില്‍ സി.ഐ ആയിരുന്നപ്പോള്‍ യുവതിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പാലക്കാട് എസ്.പി അജിത് കുമാറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഈ റിപ്പോര്‍ട്ട് കൈമാറിയത്.
ബിനു തോമസ് എന്ന എസ്.എച്ച്.ഒയുടെ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. ശേഷം ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്ന സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വടക്കാഞ്ചേരി സി.ഐ.ആയിരുന്ന സമയത്ത് ഉമേഷ് നടത്തിയ നിയമ വിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് വരുന്നത്.
ബിനു തോമസ്
2014ല്‍ ഉമേഷ് സി.ഐ ആയിരുന്നപ്പോള്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഈ സ്ത്രീയെ കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യ ചെയ്ത എസ്.ഐ ബിനു തോമസിന്റെ സഹായത്തോടെ ഈ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കേസ് ഇല്ലാതെ വിട്ടയക്കുകയുമായിരുന്നു.
കൂടാതെ സ്ത്രീയില്‍ നിന്ന് കൈക്കൂലിയും ഉമേഷ് വാങ്ങിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചതുള്‍പ്പെടെ പദവി ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ഉമേഷ് ചെയ്തത്.
മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയുന്നതിന് ഡി.ജി.പിയില്‍ നിന്ന് ബാഡ്ജ് ഓഫ് ഹോണര്‍ അവാര്‍ഡ് വാങ്ങിച്ച ഉദ്യോഗസ്ഥനാണ് ഉമേഷ്.
ക്രമസമാധാന ചുമതലയുള്ള ഉമേഷിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേഥാവി ആഭ്യന്തര വകുപ്പിന് കൈമാറും. വൈകാതെ തന്നെ ഡി.വൈ.എസ്.പിക്ക് നേരെ വകുപ്പ് തല നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.