[]കൊച്ചി: വനിതാ ട്രാഫിക് വാര്‍ഡനെ അക്രമിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍.
ട്രാഫിക് വാര്‍ഡന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും വാര്‍ഡന്‍ പറയുന്ന കാര്യങ്ങള്‍ പലതും വാസ്തവ വിരുദ്ധമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്‍ട്രോള്‍ റൂമില്‍ പരാതി പറയുമ്പോള്‍ പത്മിനി താന്‍ അക്രമിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല. പത്മിനിയുടെ നെയിം ബോര്‍ഡ് ഇളകി പോകത്തക്ക വിധത്തില്‍ അക്രമണം ഉണ്ടായിട്ടില്ല. സംഭവശേഷം മഹസര്‍ തയ്യാറാക്കിയ പോലീസുകാരന്‍ നെയിം ബോര്‍ഡ് നോക്കിയാണ് പേര് രേഖപ്പെടുത്തിയത്- റിപ്പോര്‍ട്ട് പറയുന്നു.
കേസ്് അട്ടിമറിക്കാനും, പ്രതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്. അക്രമത്തിനിരയായ ട്രാഫിക് വാര്‍ഡന്‍ പത്മിനി നേരത്തേ ഐ.ജി പത്മകുമാറിന് പരാതി നല്‍കിയിരുന്നു.
കേസിലെ പ്രതിയായ വിനോഷ് വര്‍ഗീസ് ഡി.സി.സി ഭാരവാഹിയല്ലെന്നും തെറ്റായ വിവരം പറയരുതെന്നും അസിസ്റ്റന്റ് കമ്മീഷ്ണര്‍ പറഞ്ഞതായി പത്മിനി പരാതിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
പ്രതിയില്‍ നിന്ന ഭീഷണിയുള്ളതായി വാര്‍ഡന്‍ ഇത് വരെ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല. അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ് ബാബു മുതല്‍ കേസന്വേഷിച്ച നോര്‍ത്ത് എസ്.ഐ മുഹമ്മദ് നിസാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പത്മിനി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ല.
കോടതിയില്‍ പ്രതിക്ക് ജാമ്യം കിട്ടുന്നതിന് സഹായകമായ നിലപാട് പോലീസ് എടുത്തിട്ടില്ല. മൊഴിയെടുക്കുന്നതിലും തെളിവ് ശേഖരിക്കുന്നതിലും വീഴ്ചയുണ്ടായതായും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേസ് എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായെങ്കിലും അന്വേഷണം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയായിരുന്നു.
നവംബര്‍ രണ്ടിനാണ് കലൂരില്‍ ഗതാഗത നിയന്ത്രണണത്തിനിടെ പത്മിനി കയ്യേറ്റത്തിനിരയായത്.