| Wednesday, 9th September 2026, 5:41 pm

പിണറായിക്കെതിരായ അന്വേഷണം: സര്‍ക്കാര്‍ ഇടപെടില്ല; പൊലീസ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ. മുരളീധരന്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: പിണറായിക്കെതിരായി എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ദേശിച്ച അന്വേഷണത്തില്‍ പൊലീസ് ഉചിതമായ തീരുമാനമെടുക്കട്ടേയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍.

സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിയമപരമായിട്ടുള്ള വശങ്ങള്‍ പരിശോധിച്ച് ഉചിതമായി തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനുണ്ട് അതില്‍ ഗവണ്‍മെന്റ് ഇടപെടുന്നില്ല. കാരണം ഇ.ഡി കത്ത് കൊടുത്ത സ്ഥിതിക്ക് ആ കത്ത് എന്ത് ചെയ്യണം എന്നുള്ളതിനെക്കുറിച്ച് നിയമോപദേശം സ്വീകരിച്ചതിന് ശേഷം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നിയമപരമായിട്ടുള്ള നടപടിയിലേക്ക് പോകും. അതിലിപ്പോ മന്ത്രിമാരോ ഗവണ്‍മെന്റോ ഇടപെടേണ്ട ആവശ്യമില്ല,’ അദ്ദേഹം പറഞ്ഞു.

ഇ.ഡി കത്ത് കൊടുക്കുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കാതിരിക്കാന്‍ പോലീസിന് കഴിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ അതാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ള നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കത്തിലെ ആരോപണങ്ങള്‍ ഒക്കെ വളരെ ഗുരുതരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞങ്ങള്‍ പ്രതിപക്ഷത്തരിക്കുമ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട് വീണാ വിജയന്റെ എക്‌സലോജിക്കല്‍ കമ്പനി വഴിവിട്ട് പ്രതിഫലം സ്വീകരിച്ചു. അത് വളരെ ഗൗരവമുള്ള കാര്യമാണ് ഇ.ഡിയുടെ അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല.

ഇ.ഡി ഒരു കത്ത് ഡി.ജി.പിക്ക് കൊടുക്കുമ്പോള്‍ അതില് അന്വേഷിക്കാനുള്ള അവകാശം ഡി.ജി.പിക്ക് ഉണ്ട് അതുകൊണ്ടാണ് അദ്ദേഹം നിയമോപദേശം ചോദിച്ചിട്ടുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞങ്ങള്‍ ആരും ഇടപെടുന്നില്ല. ആഭ്യന്തര മന്ത്രിയോ അതില്‍ ഇടപെടുന്നില്ലെന്ന് ക്ലിയര്‍ ആയിട്ട് പറഞ്ഞല്ലോ അത് തന്നെയാണ് ഞങ്ങളുടെ നിലപാട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ ടി. വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും ഇ.ഡിയുടെ കത്തില്‍ ആവശ്യപ്പെടുന്നു. പിണറായി വിജയന്‍ സി.എം.ആര്‍.എല്ലില്‍നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി നല്‍കിയ കത്തില്‍ പറയുന്നതായാണ് വിവരം.

Content Highlights: Investigation against Pinarayi: Government will not interfere; police will take an appropriate decision, says K. Muraleedharan.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more