| Wednesday, 15th July 2026, 10:09 pm

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം; അമേരിക്കന്‍ സ്‌ട്രൈക്കറുടെ റെഡ് കാര്‍ഡ് വീണ്ടും വിവാദത്തില്‍!

ശ്രീരാഗ് പാറക്കല്‍

അമേരിക്കന്‍ സ്‌ട്രൈക്കര്‍ ഫോളരിന്‍ ബലോഗന്റെ പ്രീക്വാര്‍ട്ടിലെ വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്ന ആരോപണത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ.ഒ.സി) പരാതി ലഭിച്ചു.

മനുഷ്യാവകാശ സംഘടനയായ ഫെയര്‍സ്‌ക്വയര്‍ സമര്‍പ്പിച്ച പരാതിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട വിവിധ ഇടപെടലുകളിലൂടെ ഇന്‍ഫാന്റിനോ ഐ.ഒ.സിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ജൂലൈ ആറിന് ബെല്‍ജിയത്തിനെതിരായ അമേരിക്കയുടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബലോഗന് കളിക്കാന്‍ അനുമതി നല്‍കിയ തീരുമാനമാണ് വിവാദത്തിന് കാരണമായത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിനിടെ താരിഖ് മുഹാരെമോവിച്ചിനെതിരായ ഫൗളിനെ തുടര്‍ന്ന് 64ാം മിനിറ്റില്‍ ബലോഗന് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഫിഫയുടെ നിലവിലെ നിയമങ്ങള്‍ പ്രകാരം ചുവപ്പ് കാര്‍ഡുകള്‍ക്ക് പിന്നാലെ ഒരു മത്സരത്തില്‍ വിലക്ക് ലഭിക്കും.

എന്നാല്‍ ജൂലൈ അഞ്ചിന് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍, ‘ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 27 പ്രകാരം യു.എസ്.എ താരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ ഒരു വര്‍ഷത്തെ പ്രൊബേഷണറി കാലയളവിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്’ എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഫിഫ കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല.

ഈ വിഷയത്തില്‍ പ്രസിഡന്റ് ട്രംപ് തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഇന്‍ഫാന്റിനോ പിന്നീട് സമ്മതിച്ചെങ്കിലും, ഫിഫയുടെ തീരുമാനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫിഫയുടെ നടപടിയെ ട്രംപ് പരസ്യമായി പിന്തുണച്ചിരുന്നു.ട്രംപ്

വിലക്ക് നീക്കപ്പെട്ടതിനെ തുടര്‍ന്ന് ബലോഗന്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിച്ചെങ്കിലും അമേരിക്ക 4-1 ന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി.

വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ഫിഫ, തങ്ങളുടെ ജുഡീഷ്യല്‍ കമ്മിറ്റികള്‍ പൂര്‍ണമായും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

2020 മുതല്‍ ഐ.ഒ.സി അംഗം കൂടിയായ ജിയാനി ഇന്‍ഫാന്റിനോ, ഒളിമ്പിക് ചാര്‍ട്ടറിനും ഐ.ഒ.സി ഗ്രൂപ്പിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിധേയനാണെന്നും അവ പാലിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും ഫെയര്‍സ്‌ക്വയര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Investigation against FIFA President Gianni Infantino regarding the rescinding of Folarin Balogun’s red card
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more