ബെംഗളൂരു: ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നൂറിലധികം പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാൻ നിർബന്ധിതനായി എന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരന്‍. പരാതിക്കാരന്‍ വെളുപ്പെടുത്തിയ കാര്യങ്ങള്‍ ആ വ്യക്തി നേരിട്ട് മൊഴി രെഖപ്പെടുത്തുന്നതാണ് പ്രധാനം. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി നടപടികള്‍ ആരംഭിച്ചു.
കര്‍ണാടകയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന സ്ഥലങ്ങളിലൊന്നായ ധര്‍മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൃതദേഹങ്ങള്‍ സംസ്കരിച്ചുവെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ സഹായത്തോടെ പരാതിക്കാരന്‍ നടത്തിയ വെളിപ്പെടുത്തലാണ് ഡി. കെ. പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ കുമാറിന് സമര്‍പ്പിച്ചത്.
എന്നാല്‍, ആരോപണം ഉന്നയിച്ച വ്യക്തി സ്വയം പരാതി നല്‍കിയിട്ടില്ല. ഇക്കാരണം കൊണ്ട് തുടരന്വേഷണം പൊലീസ് നടത്തിയാല്‍ അത് നടപടിക്രമ വീഴ്ചയാകും. കേസ് നിലനില്‍ക്കുകയും ഇല്ല. സാങ്കേതിക പരാജയം ഉണ്ടാകരുത്. പൊലീസ് പഴുതടച്ച അന്വേഷണം നടത്തുന്നതിനുള്ള വഴിയാണ് തേടുന്നത് – പരമേശ്വരന്‍ പറഞ്ഞു. എല്ലാം നിയമപരമായി നടക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1998 മുതല്‍ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും തെളിവുകള്‍ ഉണ്ടെന്നുമാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. തന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് പറഞ്ഞ ഇയാള്‍ കുടുംബവുമായി 11 വര്‍ഷത്തോളമായി അയല്‍സംസ്ഥാനത്ത് താമസിക്കുകയാണെന്നും പറഞ്ഞു. കുറ്റബോധവും ഭയവും കാരണം ഉറങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്നും ഇയാള്‍ പറഞ്ഞു.
വെളിപ്പെടുത്തൽ പ്രകാരം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കമാണ് ഇയാൾ കുഴിച്ചുമൂടിയത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ബാഗ് ഉൾപ്പെടെ മറവുചെയ്‌തിട്ടുണ്ട്. അടിവസ്ത്രവും പാവാടയും ഇല്ലാത്ത നിലയിലാണ് ഈ പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനുപുറമെ താൻ കുഴിച്ചിട്ടവരിൽ ആസിഡ് ആക്രമണത്തിൽ മുഖം പൊള്ളിയ സ്ത്രീയും ഉണ്ടായിരുന്നുവെന്നും ഇയാൾ പറയുന്നു.
ധര്‍മസ്ഥലയില്‍ ആരാധാനാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
Content Highlight: Investigate revelation that was forced to bury abused girls says Home Minister