| Wednesday, 15th July 2026, 11:00 pm

യൂറോപില്‍ വിലക്കപ്പെട്ട എ.ഐ ക്യാമറ ടെക്‌നോളജി ഇന്ത്യയില്‍ റെയില്‍വേ സ്റ്റേഷനുകളിലടക്കം ഉപയോഗിക്കുന്നതായി ഇന്‍വെസ്റ്റിഗേറ്റ് യൂറോപ്

റെന്വര്‍ പി

ബാഴ്‌സലോണ: യൂറോപില്‍ നിയമം മൂലം വിലക്കപ്പെട്ട സാങ്കേതിക വിദ്യ ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളിലടക്കം എ.ഐ ഫേഷ്യല്‍ റെകഗ്‌നിഷന്‍ (മുഖം തിരിച്ചറിയല്‍) സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ ഇന്‍വെസ്റ്റിഗേറ്റ് യൂറോപിന്റെ റിപ്പോര്‍ട്ട്.

സ്പാനിഷ് സ്ഥാപനമായ ഹെര്‍ട്ട സെക്യൂരിറ്റിയുടെ സോഫ്റ്റ് വെയറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മുഖം തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഴക്കന്‍ ഇന്ത്യയിലെ ആയിരത്തിലധികം റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ഇന്ത്യയില്‍ മാത്രമല്ല മറ്റ് റെയില്‍വേ സ്‌റ്റേഷനുകളിലും ഇവ ഉപയോഗിക്കുന്നുണ്ടാവാം. റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് പുറമെ അഹമ്മദാബാദ് സിറ്റി കണ്‍ട്രോള്‍ റൂം, അയോധ്യ രാമക്ഷേത്രം, ദല്‍ഹിയിലെ തിഹാര്‍ ജയില്‍ എന്നിവിടങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ മാത്രം ഏതാണ്ട് 100 ലൈവ് ഫേഷ്യല്‍ റെകഗ്‌നിഷന്‍ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാള്‍ ചെയ്ത ഈ കാമറ സംവിധാനത്തിന്റെ ലൈവ് ഫീഡുകളില്‍ നിന്ന് മുഖങ്ങള്‍ തത്സമയം തിരിച്ചറിയാം. ഡാറ്റാ ബേസിലുള്ള മുഖങ്ങളുമായി ഇവ തത്സമയം ഒത്തുനോക്കാനും സാധിക്കും.

കിഴക്കന്‍ ഇന്ത്യയിലെ നൂറുകണക്കിന് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെര്‍ട സെക്യൂരിറ്റിയാണ് ഫേഷ്യല്‍ റെകഗ്‌നിഷന്‍ സോഫ്റ്റ് വെയറുകള്‍ വിതരണം ചെയ്യുന്നതെന്ന് അവരുടെ രേഖകള്‍ പരിശോധിച്ചപ്പോളും അവരുടെ പ്രാദേശിക പങ്കാളികളോട് അന്വേഷിച്ചപ്പോഴും മനസിലാക്കാന്‍ സാധിച്ചതായി ഇന്‍വെസ്റ്റിഗേറ്റ് യൂറോപിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം ഹെര്‍ട്ട സ്ഥിരീകരിച്ചിട്ടുണ്ട്. 4000ത്തിലധികം കാമറകള്‍ ഇന്ത്യയില്‍ ഹെര്‍ട്ടയുടെ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചതായാണ് അവരുടെ ഇന്ത്യന്‍ പാര്‍ട്‌നര്‍മാരുമായി ബന്ധമുള്ള ഒരാളില്‍ നിന്ന് ലഭിച്ച വിവരമെന്നും ഇന്‍വെസ്റ്റിഗേറ്റ് യൂറോപ്പ് പറയുന്നു.

നിര്‍ഭയ ഫണ്ട് പ്രകാരം അനുവദിക്കുന്ന തുക ഈ എ.ഐ ഫേഷ്യല്‍ റെകഗ്‌നിഷന്‍ ക്യാമറ സംവിധാനം സ്ഥാപിക്കാന്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ലെ കണക്ക് പ്രകാരം നിര്‍ഭയ ഫണ്ടിന്റെ 50 ശതമാനത്തോളം സര്‍വൈലന്‍സ് സംവിധാനങ്ങള്‍ക്കായാണ് ചെലവാക്കുന്നത്.

സ്ത്രീസുരക്ഷക്കായി ഉപയോഗിക്കേണ്ട പണം മാസ് സര്‍വൈലന്‍സിനായി ഉപയോഗിക്കുന്നതില്‍ സ്ത്രീ അവകാശ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ യൂണിയനില്‍ പെടുന്ന ഒരു രാജ്യത്ത് ഈ സംവിധാനം ഉപയോഗിച്ചാല്‍ അത് നിയമ വിരുദ്ധമായിരിക്കും എന്ന് ഇ.യു ആര്‍ടിഫിഷ്യല്‍ ആന്‍ഡ് ബയോ മെട്രിക്‌സ് ലോയില്‍ സ്‌പെഷലൈസ് ചെയ്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2025 മുതലാണ് ഹെര്‍ട്ടയുടേത് പോലുള്ള സാങ്കേതിക വിദ്യകള്‍ക്ക് യൂറോപ്പില്‍ നിയന്ത്രണം വന്നത്. 2025ല്‍ എ.ഐയുടെ ഉപയോഗത്തില്‍ ഇ.യു കൊണ്ടുവന്ന പുതിയ ചട്ടങ്ങളാണ് ഈ നിയന്ത്രണങ്ങള്‍ക്ക് കാരണം. പൊതു ഇടങ്ങളിലെ മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍, റിയല്‍ ടൈമായി ബയോമെട്രിക് വിവരം തിരിച്ചറിയല്‍ എന്നിവയെ ഈ നിയമം നിയന്ത്രിക്കുന്നുണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഇ.യു നിയമം പ്രകാരം ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ നേരിട്ടവരെ സഹായിക്കാനും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനും ഈ നിയമ പ്രകാരം ഇത്തരം സാങ്കേതിക വിദ്യകള്‍ യൂറോപ്യന്‍ യൂണിയനില്‍ ഉപയോഗിക്കാം.

ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്തനും ഭീകരവാദ ആക്രമണ ഭീഷണിക്കെതിരെയും ഇവ ഉപയോഗിക്കാന്‍ പറ്റും. കോടതിയുടെ അനുമതിയോടെ വേണം ഇത്തരം സാഹചര്യങ്ങളില്‍ ഇവ ഉപയോഗിക്കേണ്ടതെന്നും ഇ.യു നിയമം വ്യവസ്ഥ ചെയ്യുന്നു.

ഹെര്‍ട്ടയുടെ സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് കയറ്റി അയച്ചതില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഇറ്റാലിയന്‍ അംഗം ബ്രാന്‍ഡോ ബെനിഫെയ് വിമര്‍ശനമുന്നയിച്ചതായും ഇന്‍വെസ്റ്റിഗേറ്റ് യൂറോപിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിരോധിച്ച സാങ്കേതിക വിദ്യകള്‍ എങ്ങനെയാണ് ഇത്തരം സ്ഥാപനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു എന്നത് അപകടകരമായ ഡബിള്‍ സ്റ്റാന്‍ഡേഡ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

യൂറോപ്യന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നയങ്ങള്‍ പ്രകാരമാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്നാണ് ഹെര്‍ട്ട പറയുന്നത്. എന്നാല്‍ അധികൃതര്‍ ഇത് പ്രത്യേക സാഹചര്യങ്ങളില്‍ എങ്ങനെയാണ് ഉപയോഗിക്കുക എന്നതില്‍ തങ്ങള്‍ക്ക് നിയന്ത്രണം ഇല്ല എന്നും കമ്പനി വ്യക്തമാക്കുന്നു.

ഇത്തരം സര്‍വൈലന്‍സ് സംവിധാനങ്ങള്‍ തങ്ങളുടെ പൗരര്‍ക്ക് മേല്‍ ഉപയോഗിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തന്നെ ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഈ സ്പാനിഷ് കമ്പനിക്ക് ധനസഹായം നല്‍കിയതായി തങ്ങള്‍ കണ്ടെത്തിയതായും ഇന്‍വെസ്റ്റിഗേറ്റ് യൂറോപ് പറയുന്നു.

2020 മുതല്‍ 33 ലക്ഷം യൂറോ ഇത്തരത്തില്‍ ധനസഹായം നല്‍കി. ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റം വിശകലനം ചെയ്യാനും മുഖം തിരിച്ചറിയാനുമുള്ള സാങ്കേതിക വിദ്യക്കായുള്ള പ്രോജക്ടുകള്‍ക്കായുള്ള ഗവേഷണ ധന സഹായം എന്ന നിലക്കാണ് ഇത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബയോ സര്‍വൈലന്‍സ് നെക്സ്റ്റ് എന്നാണ് ഹെര്‍ട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട സര്‍വൈലന്‍സ് ഉത്പന്നത്തിന്റെ പേര്. 10 കോടി പേരുടെ ഡാറ്റാബേസില്‍ തത്സമയം തിരച്ചില്‍ നടത്താന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നത് ഈ ഉത്പന്നത്തിന്റെ പ്രത്യേകതയായി കമ്പനി പറയുന്നു.

വിമാനത്താവളങ്ങള്‍, കായിക പരിപാടികള്‍, മത സമ്മേളനങ്ങള്‍ പോലെ വലിയ ആള്‍ക്കൂട്ടങ്ങള്‍ വരുന്ന ഇടങ്ങള്‍ക്കായാണ് ഈ സംവിധാനം വികസിപ്പിച്ചതെന്നും കമ്പനി പറയുന്നു.

വലിയ ഡാറ്റാ ബേസുകളുമായി ബന്ധിപ്പിച്ചാണ് ഹെര്‍ട്ടയുടേത് പോലുള്ള മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ആധാര്‍ ഡാറ്റാബേസില്‍ അടക്കം ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള ഡാറ്റയുണ്ടെന്നും ഇന്‍വെസ്റ്റിഗേറ്റ് യൂറോപിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബോഷിലെ മുന്‍ ജീവനക്കാരനായിരുന്ന ഹാവിയര്‍ റോഡ്രിഗസ് എന്നയാള്‍ 2009ലാണ് ഹെര്‍ട്ട സ്ഥാപിച്ചത്. 2019ലെ ഒരു ഇന്റര്‍വ്യൂവില്‍ ഈ ടെക്‌നോളജി ദുരപയോഗം ചെയ്യപ്പെടുമോ എന്ന ചോദ്യത്തിന് റോഡ്രിഗസ് മറുപടി പറഞ്ഞത് യൂറോപില്‍ കൃത്യമായ നിയമ നിര്‍മാണമുണ്ടെന്നും എല്ലാവര്‍ക്കും സംരക്ഷണമുണ്ടെന്നും അതിനാല്‍ പേടിക്കേണ്ടെന്നുമാണ്. എന്നാല്‍ ഇന്ത്യ അടക്കമുള്ള മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിരുന്നില്ല.

Content Highlight: Investigate Europe Report on Alleged Use of Surveillance Technology in India Which Used by EU Law

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more