| Tuesday, 4th March 2025, 9:01 am

ആ തന്ത്രം ഉപയോഗിച്ചിരുന്നേല്‍ പാകിസ്ഥാന് ഉറപ്പായും ഗുണം ചെയ്യുമായിരുന്നു; തുറന്ന് പറഞ്ഞ് ഇന്‍തിഖാബ് ആലം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലെ ബി-ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാന്‍ നേരത്തെ പുറത്തായിരുന്നു. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ചാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും പിന്നീട് ഇന്ത്യയോടും പരാജയപ്പെട്ട പാകിസ്ഥാന് തങ്ങളുടെ അവസാന മത്സരം മഴമൂലവും നഷ്ടമായി.

ടീമിലെ അനുഭവസമ്പത്തുള്ള ഏക താരമായിരുന്നു ബാബര്‍ അസം. നിരവധി ഐ.സി.സി ഇവന്റില്‍ ബാബര്‍ പാകിസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇത്തവണ ആതിഥേയരായിട്ടും ടീമിന് മികവ് പുലര്‍ത്താന്‍ സാധിട്ടിരുന്നില്ല. മാത്രമല്ല മൂന്നാം നമ്പര്‍ താരമായ ബാബര്‍ അസമിനെ ഓപ്പണിങ് ഇറക്കിയത് ടീമിന്റെ ബാറ്റ് സ്ഥിരതയെ കാര്യമായി ബാധിച്ചെന്നും പറയുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍.

ബാബറിനെ ഓപ്പണ്‍ ഇറക്കാതെ മൂന്നാമനായി കൊണ്ടുവന്നാല്‍ താരത്തിന് സെഞ്ച്വറി നേടാനും, മറ്റ് താരങ്ങള്‍ 50, 60 റണ്‍സ് നേടിയാല്‍ പാകിസ്ഥാന് 300 റണ്‍സ് നേടാന്‍ സുഖമായി സാധിക്കുമെന്നായിരുന്നു മുന്‍ താരം പറഞ്ഞത്.

‘എന്തിനാണ് നിങ്ങള്‍ ബാബറിനെ ഓപ്പണിങ് സ്ഥാനത്തേക്ക് തള്ളിവിടുന്നത്? അതല്ല അവന്റെ സ്ഥാനം. മൂന്നാം സ്ഥാനം ഏതൊരു ബാറ്റിങ് നിരയുടെയും നട്ടെല്ലാണ്. നിങ്ങളുടെ മികച്ച കളിക്കാരന്‍ ആ സ്ഥാനം ഏറ്റെടുക്കണം. പരിശീലകര്‍ അദ്ദേഹത്തോട് അവിടെ തന്നെ തുടരാനും, മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാനും, ഒരു സെഞ്ച്വറി നേടാനും നിര്‍ദ്ദേശിക്കണമായിരുന്നു.

അവന്‍ ഒരു സെഞ്ച്വറി നേടുകയും മറ്റൊരു ബാറ്റര്‍ 50 അല്ലെങ്കില്‍ 60 റണ്‍സ് നേടുകയാണെങ്കില്‍ ടീമിന് ഏകദേശം 300 റണ്‍സ് എന്ന മത്സരക്ഷമതയുള്ള സ്‌കോര്‍ എളുപ്പത്തില്‍ നേടാമായിരുന്നു. ബാബര്‍ തന്നെ ആ നീക്കത്തെ ചെറുക്കണമായിരുന്നു. ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ അദ്ദേഹത്തെ ആരാണ് പ്രേരിപ്പിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അതൊരു മോശം തീരുമാനമായിരുന്നു,’ ആലം കൂട്ടിച്ചേര്‍ത്തു.

അതേസമയം 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന് (മാര്‍ച്ച് 4) നടക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍മാരായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. മെഗാ ക്ലാഷ് മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

Content Highlight: Intikhab Alam Talking About Babar Azam And Pakistan Cricket

We use cookies to give you the best possible experience. Learn more