മുസ്‌ലിം ലീഗ് ഈ വര്‍ഷം കൂടുതല്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയതായി കാണുന്നുണ്ട്? ലീഗിലെ പുതിയ മാറ്റമായി ഇതിനെ കാണാന്‍ പറ്റുമോ?
പുതിയ മാറ്റമായി എനിക്ക് തോന്നിയിട്ടില്ല. സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ലീഗില്‍ നിന്ന് കൂടുതല്‍ യുവാക്കള്‍ വരുന്നു, സ്ത്രീകള്‍ വരുന്നു എന്ന് പറയുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ ആനുപാതികമായി അത്തരത്തിലുള്ള റപ്രസന്റേഷന്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉണ്ടായത് കൊണ്ട് അതിന് ദൃശ്യത കൈവരിക്കാന്‍ സാധിക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്.
സി.എച്ച് മുഹമ്മദ് കോയ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിച്ച വാര്‍ഡിലാണ് താങ്കള്‍ മത്സരിക്കുന്നത്. എന്തൊക്കെയാണ് പ്രതീക്ഷകള്‍?
സി.എച്ചിന്റെ പിന്മുറക്കാരാണ് എന്ന് വലിയ അഭിമാനത്തോടെ പറയുന്നവരാണ് നമ്മള്‍. പ്രത്യേകിച്ച് എം.എസ്.എഫുകാരൊക്കെ ആവേശത്തോടെ വിളിക്കുന്ന മുദ്രാവാക്യമാണത്.
സി.എച്ച് കൗണ്‍സിലര്‍ സ്ഥാനത്തിരുന്ന മണ്ണിലേക്ക് വരാന്‍ പറ്റുക എന്നതില്‍ ഒരു അപൂര്‍വതയുണ്ട്. ആ പ്രത്യേകത എന്റെ പേരിലേക്ക് വന്നുചേരുമ്പോള്‍ അതൊരു വലിയ ഉത്തരവാദിത്തമായിട്ടാണ് എനിക്ക് തോന്നുന്നത്. അതില്‍ ഒരുപാട് സന്തോഷവും തോന്നുന്നുണ്ട്.
കുറ്റിച്ചിറ മണ്ഡലത്തില്‍ ഞാന്‍ വോട്ടര്‍മാരെ കാണുമ്പോള്‍ അവര്‍ ചോദിക്കുന്നത് നിങ്ങള്‍ സി.എച്ചിന്റെ പാര്‍ട്ടിയാണോ എന്നാണ്, ലീഗ് എന്ന് പറയുമ്പോള്‍ സി.എച്ചിന്റെ പാര്‍ട്ടിയായാണ് അവര്‍ അഭിസംബോധന ചെയ്യുന്നത്. പാര്‍ട്ടി ആ രൂപത്തില്‍ മത്സരിക്കാനായി പറഞ്ഞയക്കുമ്പോള്‍ അതിനെ വലിയൊരു അംഗീകാരമായാണ് എനിക്ക് തോന്നുന്നത്.
60 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനിലേക്കാണ് താങ്കള്‍ മത്സരിക്കുന്നത്. ഈ വര്‍ഷം ചരിത്രം മാറുമോ? എന്തുകൊണ്ട് കോഴിക്കോട് യു.ഡി.എഫിനെ തെരഞ്ഞെടുക്കണം?
ഈ നാട്ടില്‍ കൂടുതല്‍ ആളുകളുടെ ആഗ്രഹം കോര്‍പറേഷനില്‍ ഭരണമാറ്റം വരണമെന്നാണ്. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുപക്ഷ ഭരണം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത്. അത് കോര്‍പ്പറേഷനിനകത്ത് അഴിമതി നടത്തുന്നവരാണ്.
കോര്‍പ്പറേഷന്‍ ഭരണസമിതി മാറുക എന്നതിനപ്പുറം അതിനെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ നാട്ടിലുള്ള ആളുകള്‍ക്ക് അവരുടെ നാടിനെ തിരിച്ചു വേണം, അവരുടെ സമ്പല്‍സമൃദ്ധി നിറഞ്ഞ സാംസ്‌കാരിക തനിമയുള്ള ഒരു സംവിധാനം, ഏറ്റവും ആഴങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള സംവിധാനം, എല്ലാകാലത്തും എല്ലാ ജനങ്ങളുടെ മുന്നിലും രാഷ്ട്രീയം വിളിച്ചു പറയാന്‍ പറ്റാവുന്ന സംവിധാനം, അത് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അവരുടെ പിന്‍തലമുറക്ക് അതേപോലെ ഇവിടെ ജീവിക്കാന്‍ സാധിക്കുന്നുണ്ടോ?
ഇവിടെ വ്യവസായം നടത്തി വന്ന ആളുകള്‍, ഈ നാട്ടില്‍ മതസൗഹാര്‍ദ്ദത്തിന് നേതൃത്വം നല്‍കിയ ആളുകള്‍ അതൊക്കെ യഥാര്‍ത്ഥത്തില്‍ ഇവിടെ ഉണ്ട് എങ്കിലും അവര്‍ക്ക് അവരുടെ രൂപത്തില്‍ ആക്ട് ചെയ്യാനുള്ള സംവിധാനം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെ മോശമായി കൊണ്ടിരിക്കുന്നു. ഈ നാടിനെ വീണ്ടെടുക്കാനുള്ള അവസരമായാണ് ഞാന്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അപ്പുറത്തുള്ളത് വളരെ ന്യൂനപക്ഷമാണ്. ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നവരോട്, അവരുടെ നാടിനെ തിരിച്ചു കിട്ടാനായി യു.ഡി.എഫിനോട് ആവശ്യപ്പെടുകയാണ്.
സാധാരണയായി 1000 ത്തിലധികം വോട്ടുകള്‍ക്കാണ് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ കുറ്റിച്ചിറയില്‍ നിന്ന് വിജയിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞവര്‍ഷം 100ല്‍ താഴെ ഭൂരിപക്ഷമാണ് ലഭിച്ചത്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് അതിന് കാരണമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി അന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. വാര്‍ഡില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒക്കെ അവസാനിച്ചെന്ന് കരുതുന്നുണ്ടോ?
നമ്മള്‍ മനസ്സിലാക്കേണ്ടത് ആദ്യം യു.ഡി.എഫ് എന്ന് പറയുന്നത് ഒരു മുന്നണി സംവിധാനമാണ് എന്നതാണ്. മുസ്‌ലിം ലീഗ് എന്ന് പറയുന്നത് ഒരു രാഷ്ട്രീയ സംഘടനയാണ്. നമ്മുടെയൊക്കെ ഏറ്റവും വലിയ ദൗത്യമെന്ന് പറയുന്നത് ജനാധിപത്യ പ്രക്രിയയെ ഏറ്റവും നല്ല രൂപത്തില്‍ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ്.
അങ്ങനെ പറയുമ്പോള്‍ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. മനുഷ്യന്മാരുടെ ചിന്തകള്‍ അവരുടെ കാഴ്ചപ്പാടുകള്‍ ഒക്കെ വ്യത്യസ്തമായിരിക്കും. അതിനെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടി സംവിധാനത്തിന് സാധിക്കും. അച്ചടക്കമുള്ള പാര്‍ട്ടി സംവിധാനം നിലവില്‍ കുറ്റിച്ചിറയില്‍ ഉണ്ട്. നേതൃത്വത്തിന് വളരെ സുഖമമായിട്ട് ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
നിയമസഭാ സ്ഥാനാര്‍ത്ഥിയാകേണ്ട തെഹ്‌ലിയയെ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ഒതുക്കി എന്നുള്ള ആക്ഷേപത്തോട് എങ്ങനെ പ്രതികരിക്കുന്നു?
അതിനെയൊന്നും ഗൗനിക്കേണ്ടതില്ല എന്നതാണ് അഭിപ്രായം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന് പറയുമ്പോള്‍ ആളുകളുമായി നേരിട്ട് കാണാനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്. ഗ്രൗണ്ട് ലെവലിലിരുന്ന് വോട്ടര്‍മാരെ കാണാന്‍ പറ്റുക, അവരുടെ തൊട്ടടുത്തുനിന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക.
2012 മുതല്‍ സജീവമായി രാഷ്ട്രീയ മേഖലയില്‍ ഞാനുണ്ട്. എന്റെ വിശ്വാസവും എന്റെ അനുഭവവും ഒരു രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെ സംബന്ധിച്ച് ആളുകളുടെ ഇടയില്‍ നില്‍ക്കുക എന്നുള്ളതാണ്, ഊര്‍ജ്ജമെന്നത് മനുഷ്യര്‍ നമുക്ക് നല്‍കുന്ന പ്രതീക്ഷകളും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ ഉള്ള സന്തോഷങ്ങളുമാണ്.
അതിന് ഏറ്റവും നല്ല അവസരമായിട്ടാണ് ഈ അവസരത്തെ ഞാന്‍ കാണുന്നത്. മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ സി.എച്ച് മുഹമ്മദ് കോയ സാഹിബ് മത്സരിച്ച മണ്ണ് , എം.കെ മുനീര്‍ സാഹിബ് മത്സരിച്ച മണ്ണ് , പി.എം അബൂബക്കര്‍ മത്സരിച്ച മണ്ണ് ഇങ്ങനെയൊരു സ്ഥലത്തേക്ക് പാര്‍ട്ടി എന്നെ പറഞ്ഞയക്കുമ്പോള്‍ വലിയ പ്രതീക്ഷയോടു കൂടിയിട്ടാണ്, വലിയ അംഗീകാരം ആയിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.
വളരെ സാധാരണക്കാരിയായിട്ടുള്ള പെണ്‍കുട്ടി ലോ കോളജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ മേഖലയിലേക്ക് വരുന്നു. പല അവസരങ്ങളും പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുണ്ട്, പല രൂപത്തില്‍ പാര്‍ട്ടിയില്‍ അക്കൊമഡേഷന്‍ തന്നിട്ടുണ്ട്. വീണ്ടും പാര്‍ട്ടി തന്ന മറ്റൊരു അംഗീകാരം ആയിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കിട്ടിയ അവസരത്തെ ഞാന്‍ കണക്കാക്കുന്നത്. അത് മനോഹരമായി പൂര്‍ത്തീകരിക്കാന്‍ എനിക്ക് പറ്റണമെന്ന തയ്യാറെടുപ്പോടുകൂടിയാണ് ഞാന്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.
Content Highlight: Interview With Youth League Leader Fathima Thahiliya