മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ വലിയ ചിരിയും ആവേശവും നിറച്ച് മുന്നേറുകയാണ് ആട് 3. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായി തുടരുകയാണ്. ഒന്നാം ഭാഗം വലിയ പരാജയമായിരുന്നിട്ടും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും വമ്പൻ ഹിറ്റാകുന്നത് ഷാജി പാപ്പന്റെയും സംഘത്തിന്റെയും വ്യത്യസ്തമായ ഹാസ്യമാണ്.
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയമായപ്പോൾ, പാപ്പനായി എത്തിയ ജയസൂര്യയും ഡ്യൂഡായി എത്തിയ വിനായകനും ഒരു പടി മുന്നിൽ നിന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്റർവ്യൂ, Photo: YouTube/ Screengrab
ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങൾ തമ്മിൽ പരസ്പരം ട്രോളിയും തമാശകൾ പറഞ്ഞും നിറഞ്ഞ ഈ ഇന്റർവ്യൂ ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്.
ഷൂട്ടിങ്ങിനിടെ പല കാരണങ്ങളാൽ ഇടവേളകൾ ഉണ്ടാകാറുണ്ട്. എന്നാൽ വിനായകൻ ഷൂട്ട് നിർത്തി പോയ സംഭവത്തെ കുറിച്ച് മറ്റ് താരങ്ങൾ പറഞ്ഞതാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്.
‘ഒരു ദിവസം വിനായകൻ പെട്ടെന്ന് സെറ്റിൽ നിന്ന് പോയി. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ ‘എനിക്ക് സന്തോഷം കൂടിപ്പോയി, അതുകൊണ്ട് ഞാൻ പോകുകയാണ്’ എന്ന് പറഞ്ഞു,’ എന്നാണ് ധർമജൻ ബോൾഗാട്ടി പറഞ്ഞത്.
വിനായകൻ, Photo: Vinayakan/ Facebook
ഇതിന് പിന്നാലെ ‘സാധാരണ ആളുകൾ ഡിപ്രഷൻ കാരണം പോകാറുണ്ട്. എന്നാൽ സന്തോഷം കൂടിയത് കൊണ്ട് പോകുന്ന ആളെ ആദ്യമായി കാണുകയാണ്,’ എന്ന് ജയസൂര്യ തമാശയായി കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി വിനായകൻ പറഞ്ഞത് ഇങ്ങനെ, ‘അങ്ങനെയൊക്കെ സംഭവിക്കും. പക്ഷേ ഞാൻ പോയ ഉടൻ തന്നെ തിരിച്ചു വന്നിരുന്നു. ഒരിക്കലും ഷൂട്ട് മുടക്കില്ല. ഞാൻ കൃത്യസമയത്ത് എത്തും. ചത്തില്ലെങ്കിൽ എന്തായാലും എത്തിയിരിക്കും. ഒമ്പത് മണിയാണെങ്കിൽ ഒമ്പത് മണിക്ക് തന്നെ എത്തണം എന്ന് ഞാൻ ഡ്രൈവറോട് പറയാറുണ്ട്,’എന്നാണ് വിനായകൻ പറഞ്ഞത്. താരങ്ങളുടെ ഈ രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Content Highlight: Interview with the Aadu movie team goes viral