| Sunday, 1st June 2025, 5:28 pm

നരിവേട്ട താമിയുടെയും പ്രണവ് എന്ന സിനിമാമോഹിയുടെയും കൂടി വിജയം; നടന്‍ പ്രണവുമായുള്ള അഭിമുഖം

ഹണി ജേക്കബ്ബ്

ഹണി ജേക്കബ്ബ്‌: ഏറ്റവും പുതിയ വിശേഷമായ നരിവേട്ടയില്‍ നിന്നുതന്നെ തുടങ്ങാം. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ തിയേറ്റര്‍ വിസിറ്റിന് പോകുമ്പോഴും മെസേജുകളില്‍ നിന്നെല്ലാം പ്രേക്ഷകരുടെ സ്‌നേഹം അറിയാന്‍ കഴിഞ്ഞിട്ടുണ്ടാകും. നരിവേട്ടയും അടിയാര്‍ താമിയും ഇത്രയും ഹിറ്റാകുമെന്ന് കരുതിയോ?

പ്രണവ്: ആളുകളിലേക്ക് ഇത്തരത്തില്‍ എന്റെ കഥാപാത്രം എത്തുമെന്ന് വിചാരിച്ചിട്ടില്ല. നമ്മള്‍ ചെയ്യുന്ന സിനിമ നല്ല ക്വാളിറ്റിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ടെക്നീഷ്യന്മാരാണെങ്കിലും, അതിന്റെ എഡിറ്റര്‍ പോലും സീന്‍ എടുക്കുന്ന സമയത്ത് ലൊക്കേഷനിലേക്ക് വന്ന് അവിടെ നിന്നാണ് വര്‍ക്ക് ചെയ്യുന്നത്. ഇത്രയും നല്ല ടെക്‌നിക്കല്‍ ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല ഔട്ടായി അത് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ നമ്മള്‍ പറയുന്നത് അത്രയും ജീവനുള്ള സബ്ജക്ട് ആയിരുന്നു. അത് ജനങ്ങളിലേക്ക് എത്തണം. അവര്‍ അതെങ്ങനെ എടുക്കും എന്ന സംശയം മാത്രമാണ് ഉണ്ടായിരുന്നത്. നല്ലരീതിയില്‍ തന്നെ എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ചതിലും ഒരുപടി മുകളില്‍ പ്രേക്ഷകരിലേക്ക് എത്തി. അവര്‍ റിപ്പീറ്റ് ആയിട്ട് തിയേറ്ററിലേക്ക് നരിവേട്ട കാണാനായി എത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

നമ്മള്‍ പറയുന്നത് അത്രയും ജീവനുള്ള സബ്ജക്ട് ആയിരുന്നു. അത് ജനങ്ങളിലേക്ക് എത്തണം. അവര്‍ അതെങ്ങനെ എടുക്കും എന്ന സംശയം മാത്രമാണ് ഉണ്ടായിരുന്നത്. നല്ലരീതിയില്‍ തന്നെ എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

ഹണി ജേക്കബ്ബ്‌: താമിക്ക് പുറകില്‍ 12 വര്‍ഷത്തെ സിനിമ മോഹിയുടെ കഥയുണ്ടെന്ന് കേട്ടു, മലര്‍വാടിയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതല്‍ ലോകേഷിന്റെ മാസ്റ്ററും വിക്രമിലും എല്ലാം അഭിനയിച്ച് നരിവേട്ട വരെ എത്തിനില്‍ക്കുമ്പോള്‍ ആ ട്രാവല്‍ അത്ര എളുപ്പമാകില്ല, അതിനെ കുറിച്ച്?

പ്രണവ്: ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും ഇടികളും കുത്തുകളും സന്തോഷവും ദുഖവും എല്ലാം നിറഞ്ഞ ഫുള്‍ പാക്കേജുള്ള യാത്രയായിരുന്നു. ഈ യാത്രയുടെ ഒരു ഫ്ളെയ്വര്‍ കാരണമാണ് ഇപ്പോഴും ആളുകളുമായി നന്നായി ഇടപെഴകാന്‍ കഴിയുന്നത്, ആളുകളുടെ മനസറിയാന്‍ കഴിയുന്നത്. അല്ലാതെ പെട്ടെന്നൊരു ദിവസം നമ്മളെ ഒരു സ്ഥലത്ത് കൊണ്ടിട്ടാല്‍ ഇപ്പോഴുള്ള അത്രയും ഫ്ളെയ്വര്‍ അനുഭവിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്.

സിനിമയില്‍ ഒരു ബാക്കപ്പ് ഇല്ലാത്ത ആളായിരുന്നു. അങ്ങനെയുള്ള ഞാന്‍ സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ എനിക്ക് സപ്പോര്‍ട്ടായിട്ട് ഉണ്ടായിരുന്നത് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന എന്റെ കുടുംബവും കുറച്ച് സുഹൃത്തുക്കളുമാണ്. എനിക്ക് സുഹൃത് വലയം എന്ന് പറയുന്നതും വളരെ ചെറുതാണ്. ഞാന്‍ ഇങ്ങനെ സിനിമ ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചുറ്റുമുണ്ടായിരുന്ന, അവര്‍ക്കോ എത്താന്‍ കഴിഞ്ഞില്ല നീയെങ്കിലും എത്തണം എന്ന് ആഗ്രഹിച്ചവരുടെയും സിനിമ മോഹിക്കുന്നവരുടെയും എല്ലാം പ്രതിനിധിയായിട്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. അവരുടെയും കൂടെ പ്രതിനിധിയായിട്ടാണ് ഞാന്‍ എന്റെ യാത്രയെ കാണുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ സംസാരിക്കുന്ന നരിവേട്ട എന്ന സിനിമ, താമി എന്ന കഥാപാത്രത്തിന്റെയും പ്രണവ് എന്ന വ്യക്തിയുടെയും വിജയമായി ഞാന്‍ കാണുന്നത്.

അവര്‍ക്കോ എത്താന്‍ കഴിഞ്ഞില്ല നീയെങ്കിലും എത്തണം എന്ന് ആഗ്രഹിച്ചവരുടെയും സിനിമ മോഹിക്കുന്നവരുടെയും എല്ലാം പ്രതിനിധിയായിട്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.

ഹണി ജേക്കബ്ബ്‌: സിനിമയാണ് തന്റെ വഴിയെന്ന് വീട്ടുകാരോട് പറഞ്ഞപ്പോഴുണ്ടായ അവരുടെ റിയാക്ഷന്‍ എന്തായിരുന്നു? നരിവേട്ട കണ്ടതിന് ശേഷമുള്ള കുടുംബത്തിന്റെ അഭിപ്രായം?

പ്രണവ്: ഒരു തിരിച്ചറിവ് വന്നതിന് ശേഷം, നമ്മള്‍ ആരാണെന്ന് മനസിലാക്കിയത് ശേഷം ഞാന്‍ സിനിമ സെലക്ട് ചെയ്യുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ സമയത്താണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമ എനിക്ക് വരുന്നത്. അതിന് ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കുള്ള യാത്ര തുടങ്ങുന്നത് കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു. ഓരോ സ്റ്റെപ്പും ഞാന്‍ വീട്ടുകാരോട് പറയുമ്പോഴും അതിനകത്തെല്ലാം അടങ്ങിയിരുന്നത് സിനിമ തന്നെയായിരുന്നു.

‘നിനക്കൊരു ജീവിതം വേണ്ടേ’ എന്നൊക്കെ അവര്‍ ഇടക്ക് ചോദിക്കുമ്പോള്‍ ഇതാണ് നമ്മുടെ വഴി എന്ന് കാണിച്ച് കൊടുക്കാന്‍ സിനിമയുടെ പുറകെ ഓടിയിരുന്നു.

വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കണമെന്ന് തീരുമാനിച്ചതും അത് വഴി സിനിമയിലേക്കുള്ള ബന്ധങ്ങള്‍ കിട്ടുമെന്ന് കരുതിയാണ്. അക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ അക്‌സെപ്റ്റ് ചെയ്തിരുന്നു. ഇടക്കൊക്കെ അവരുടേതായ സംശയങ്ങളും പേടികളും എല്ലാം ഉണ്ടായിരുന്നു. ‘നിനക്കൊരു ജീവിതം വേണ്ടേ’ എന്നൊക്കെ അവര്‍ ഇടക്ക് ചോദിക്കുമ്പോള്‍ ഇതാണ് നമ്മുടെ വഴി എന്ന് കാണിച്ച് കൊടുക്കാന്‍ സിനിമയുടെ പുറകെ ഓടിയിരുന്നു. അതിനിടക്ക് വിജയ് സാറിന്റെ കൂടെ മാസ്റ്റര്‍ പോലൊരു സിനിമയൊക്കെ ചെയ്തത് അവര്‍ക്ക് ഒരു പ്രതീക്ഷ കൊടുക്കുന്നതായിരുന്നു. ആരുമില്ലാഞ്ഞിട്ടും അവന്‍ ഇത്രയ്ക്കും ഓടുന്നുണ്ട്, കുറച്ചുകൂടി സപ്പോര്‍ട്ട് നമുക്ക് കൊടുത്തുനോക്കാം എന്നൊക്കെ അവര്‍ക്ക് തോന്നിയത് കൂടിയാകാം ഇത്രയും വര്‍ഷത്തെ യാത്രക്ക് ഇടയാക്കിയത്.

വീട്ടുകാര്‍ നരിവേട്ട കണ്ടതിന് ശേഷം ഞാന്‍ വിളിക്കുമ്പോഴെല്ലാം അവര്‍ നിന്റെ തിരക്കുകള്‍ കഴിഞ്ഞ് വന്നാല്‍ മതി. ഇവിടുത്തെ കാര്യങ്ങള്‍ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട, ഞങ്ങള്‍ നോക്കിക്കോളാം എന്നൊക്കെ പറയും. എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കുടുംബമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. അതില്‍ ഞാന്‍ ഒരുപാട് അനുഗ്രഹീതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഹണി ജേക്കബ്ബ്‌: അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി, ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ വന്ന ചിത്രത്തില്‍ മുത്തങ്ങ ഭൂ സമര നായകന്‍ ജോഗിയായി എത്തുന്നു. താമിയെന്ന ജോഗിയായി മാറാന്‍ എടുത്ത തയ്യാറെടുപ്പുകള്‍?

പ്രണവ്: ഈ വേഷത്തിന് ആദ്യം എനിക്ക് കോണ്‍ഫിഡന്‍സ് നല്‍കിയത് സംവിധായകന്‍ അനുരാജ് ഏട്ടന്‍ തന്നെയാണ്. തിരക്കഥ ഒരുക്കിയ അബിന്‍ ചേട്ടന്‍ വളരെ മനോഹരമായാണ് അത് എഴുതിയിരിക്കുന്നത്. വളരെ കഴിവുള്ള എഴുത്തുകാരനാണ് അബിന്‍ ചേട്ടന്‍. പുള്ളിയുടെ വാക്കുകളും അദ്ദേഹം എഴുതുന്ന രീതിയുമെല്ലാം പച്ചയായ മനുഷ്യനെ തന്നെ മനസിലാക്കുന്ന രീതിയിലുള്ളതാണ്.

മുത്തങ്ങ ഭൂസമരം മറന്നുപോയവരെ ഓര്‍മിപ്പിക്കുകയും അറിയാത്തവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോള്‍ ഭയങ്കര സന്തോഷം

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്നതാണ് മുത്തങ്ങ ഭൂസമരം. ഞാന്‍ പോലും മറന്നുപോയൊരു സംഭവമായിരുന്നു അത്. അത് വേറെയൊരു ഡയമെന്‍ഷനില്‍ എന്റെ അടുത്തേക്ക് എത്തുകയും നമ്മള്‍ കേട്ട് മറന്ന വാര്‍ത്തകള്‍ സിനിമയാകുമ്പോള്‍ ഞാന്‍ ഒരു കഥാപാത്രത്തെ ചെയ്യുകയും മറന്നുപോയവരെ ഓര്‍മിപ്പിക്കുകയും അറിയാത്തവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോള്‍ ഭയങ്കര സന്തോഷം. ഇങ്ങനെ ഒരു കഥാപാത്രം ഞാന്‍ ചെയ്തു. ഇനി ഇങ്ങനെയൊരു കഥാപാത്രമോ താമി പോലൊരു വേഷമോ കിട്ടുമോയെന്ന് പോലും എനിക്കറിയില്ല. ജനങ്ങള്‍ എന്നെ അറിയാന്‍ കാരണമായത് താമിയാണ്. താമി പോലൊരു കഥാപാത്രം ചെയ്തതില്‍ ഒരുപാട് സന്തോഷം.

എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കുടുംബമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. അതില്‍ ഞാന്‍ ഒരുപാട് അനുഗ്രഹീതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഹണി ജേക്കബ്ബ്‌: താമിയെ കുറിച്ച് പറയുമ്പോള്‍ താമിയുടെ സന്തത സഹചാരിയായ നായക്കുട്ടിയെ കുറിച്ച് പറയാതിരിക്കാന്‍ ആകില്ല. കഥാ നായകന്‍ ആ നായക്കുട്ടികൂടി ആണല്ലോ, ഷൂട്ടിന് മുമ്പ് അതുമായി കമ്പനിയായത് എങ്ങനെയാണ്? എങ്ങനെയാണ് നായക്കുട്ടിയെ അഭിനയിപ്പിക്കുന്നത്?

പ്രണവ്: ലക്കി എന്നാണ് ആ നായക്കുട്ടിയുടെ പേര്. അവനും നല്ലൊരു ആര്‍ട്ടിസ്റ്റാണ്. തിരുവന്തപുരത്തുള്ളതാണ്. മൃഗങ്ങളെ വളരെ ഇഷ്ടമുള്ള, അവരുമായി വേഗം അടുക്കുന്ന ഒരാളാണ് ഞാന്‍. എന്റെ വീട്ടിലും നാല് നായക്കുട്ടികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇവനെ ഹാന്‍ഡില്‍ ചെയ്യുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ ടെക്നിക്കല്‍ ആയി നമ്മള്‍ അവന്റെ (ലക്കി) കൂടെ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍, അത്രയും ആളുകളുടെ ഇടയില്‍ നിന്നൊക്കെ ചെയ്യുമ്പോള്‍ അവന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുള്ള ട്രെയിനിങ്ങും ടെക്നിക്കല്‍ സൈഡ് കാര്യങ്ങളും ഉണ്ടായിരുന്നു. അതിന്റെ ട്രെയിനര്‍ ആയ അരുണ്‍ ചേട്ടന്‍ അത്തരം കാര്യങ്ങളെല്ലാം എനിക്ക് പറഞ്ഞ് തന്നു.

ലക്കി എന്നാണ് ആ നായക്കുട്ടിയുടെ പേര്

ഞാന്‍ എന്നും രാവിലെയും ഉച്ചക്കും വൈകുന്നേരവുമെല്ലാം അവന് ആഹാരം കൊടുക്കും. വൈകുന്നേരം അവനുമായി ഒന്ന് കറങ്ങാന്‍ പോകും. ചെറിയ പ്രാക്ടീസും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. പത്ത് – ആയിരം ആളുകള്‍ ഉള്ള ലൊക്കേഷനില്‍ പോയി നമ്മള്‍ വിളിച്ചാല്‍ അവന്‍ അടുത്തേക്ക് ഓടിവരണമെന്ന് പറയുന്നതെല്ലാം പോസിബിള്‍ അല്ല. അതുകൊണ്ടുതന്നെ അതിന് വേണ്ടിയുള്ള ചില ട്രെയിനിങ്ങും കാര്യങ്ങളുമെല്ലാം ഉണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് ബോണ്ട് ഉണ്ടാകുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ അവന് ഇവിടെ സേഫ് ആണെന്ന് മനസിലായി.

ടോട്ടല്‍ ക്രൂവും വളരെ സപ്പോര്‍ട്ടാണ്. ടൊവിനോ ചേട്ടന്റെ കൂടെയുള്ള അവന്റെ സീന്‍ ആണെങ്കിലും അദ്ദേഹം അവന്‍ കംഫര്‍ട്ടിബിള്‍ ആണോ എന്നെല്ലാം നോക്കിയാണ് ചെയ്തിരുന്നത്. അങ്ങനെ എല്ലാവരും അവനെ പൊന്നുപോലെ നോക്കി, അവനും നമുക്ക് വേണ്ടതെല്ലാം ചെയ്തുതന്നു. എന്നെകുറിച്ച് എത്ര സംസാരിക്കുന്നുവോ അതുപോലത്തെന്നെയാണ് അവനെകുറിച്ചും ആളുകള്‍ സംസാരിക്കുന്നത്. മൃഗങ്ങളുമായി കണക്ഷന്‍ ഉള്ളവര്‍ക്ക് വേഗം കണക്ടാകുന്ന കാര്യമാണ് അവന്റെ മരണവും എന്റെ മരണവുമെല്ലാം. അതെല്ലാം കണ്ടിട്ട് ആളുകള്‍ എന്റെയടുത്ത് ഓരോന്ന് പറയുമ്പോള്‍ ഞാനും ഇമോഷണല്‍ ആകുകയാണ്. എന്റെ കണ്ണും നിറഞ്ഞ് പോകും.

ഹണി ജേക്കബ്ബ്‌: നരിവേട്ടയുടെ ഏറ്റവും വലിയ ഭംഗിയായി എനിക്ക് തോന്നിയത് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ തന്നെയാണ്. ഗോത്ര സമൂഹത്തിന്റെ ഭാഷ മലയാളത്തില്‍ സബ്ടൈറ്റില്‍സ് ഇട്ട് കാണിക്കുന്നു. ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടിയോ?

പ്രണവ്: നമ്മള്‍ സംസാരിച്ച് ശീലമുള്ള ഭാഷയല്ലായിരുന്നു അത്. പണിയ ഭാഷയായിരുന്നു. അവര്‍ക്ക് ലിപിയില്ല. സംസാരിക്കാന്‍ മാത്രമാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ നമുക്ക് എവിടെയും എഴുതിവെച്ച് വായിച്ച് പഠിക്കാന്‍ കഴിയില്ല. നമുക്ക് കോര്‍ഡിനേറ്റര്‍ ആയി വന്നത് ട്രൈബ്സില്‍ നിന്നുള്ള പ്രകാശ് ചേട്ടന്‍ ആണ്. അദ്ദേഹമാണ് ഞങ്ങള്‍ക്ക് ഓരോന്ന് പറഞ്ഞ് തരുന്നതും ഞങ്ങളുടെ ഭാഷ ശരിയാക്കി തന്നതുമെല്ലാം. അവര്‍ പറഞ്ഞ് തരുന്നതെല്ലാം ഞാനും ആര്യ ചേച്ചിയും (ആര്യ സലിം) കൂടി സംവിധായകന്റെ അടുത്ത് ചര്‍ച്ച ചെയ്യും. കാരണം ട്രൈബ്സില്‍ നിന്ന് വ്യത്യസ്തമായ ആളുകളായി ഞങ്ങള്‍ കാണപ്പെടാന്‍ പാടില്ലല്ലോ. അവരില്‍ ഒരാളാകണമെന്ന് അനുരാജ് ചേട്ടന്‍ ആദ്യമേ പറഞ്ഞിരുന്നു.

നമ്മള്‍ സംസാരിച്ച് ശീലമുള്ള ഭാഷയല്ലായിരുന്നു അത്. പണിയ ഭാഷയായിരുന്നു. അവര്‍ക്ക് ലിപിയില്ല.

ഷൂട്ടിന്റെ സമയത്താണെങ്കിലും ഡയലോഗ്‌സ് ഇടക്ക് മാറ്റുകയോ ഇമ്പ്രൂവ് ചെയ്യുകയോ വേണ്ടപ്പോള്‍ ഞാന്‍ പ്രകാശ് ചേട്ടനെ തപ്പിയാല്‍ ചിലപ്പോള്‍ കാണില്ല. അങ്ങനെയുള്ള സമയത്തെല്ലാം സെറ്റിലുള്ള ചെറിയ കുട്ടി പോലും ‘ചേട്ടാ ഇത് ഇങ്ങനെ പറഞ്ഞാല്‍ മതി, ഇങ്ങനെയല്ല ഇത് പറയേണ്ടത്’ എന്നൊക്കെ പറഞ്ഞ് ശരിയാക്കിത്തരും. നമ്മള്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ വലുപ്പമറിഞ്ഞ്, പറയുന്ന വിഷയത്തിന്റെ ആഴമറിഞ്ഞ് അങ്ങോട്ട് വന്ന് ചേര്‍ന്നവരാണ് അവരെല്ലാവരും. അവര്‍ പറയുന്നത് ശരിയാണെങ്കില്‍ ‘നീ ഇത് പറഞ്ഞൊ’ എന്ന് പറയുന്നത് സംവിധായകന്റെ വലിയ മനസ് തന്നെയാണ്. എല്ലാവരും കൂടി ചേര്‍ന്നാണ് ഇങ്ങനെയൊരു സിനിമ നമ്മള്‍ ചെയ്തു.

ഹണി ജേക്കബ്ബ്‌: ഹര്‍ഭജന്‍ സിങ് അഭിനയിച്ച ഫ്രണ്ട്ഷിപ്, വണക്കം ഡാ മാപ്പിളെ, കൂസ് മുനിസാമി വീരപ്പന്‍, വിക്രം, മാസ്റ്റര്‍.. മലയാളത്തിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ തമിഴിലാണല്ലോ? ‘

പ്രണവ്: ഞാന്‍ ആദ്യമേ പറഞ്ഞില്ലായിരുന്നോ, മലര്‍വാടി, പോക്കിരിരാജ എന്ന സിനിമക്ക് ശേഷം എനിക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി നിന്നിട്ട് ക്യാമറക്ക് അടുത്തേക്ക് എത്താനുള്ള ദൂരം വളരെ കൂടുതലായിരുന്നു. ‘നീ ഇങ്ങോട്ട് വാ’ എന്ന് പറയാന്‍ എനിക്ക് ആരുമില്ലായിരുന്നു. അപ്പോള്‍ ആരോടാണ് ഞാന്‍ പറയുക, ആരെയാണ് കണക്ട് ചെയ്യുക, ഈ പ്രോസസ് എന്താണെന്നൊക്കെ പഠിക്കാന്‍ വേണ്ടി, സിനിമ എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടിയെല്ലാം എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ റിസര്‍ച്ച് ചെയ്തിട്ടാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ എടുത്തത്.

ആ കോഴ്‌സ് എടുത്തതിന് ശേഷം ഞങ്ങള്‍ സിനിമയുടെ പ്രോസസ് തുടങ്ങി. പഠിക്കുന്ന സമയത്ത് മുപ്പതോളം ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു. ആ സമയത്ത് എന്റെ ബാച്ച്‌മേറ്റ് ആയ ഒരാള്‍ ലോകേഷിന്റെ അസിസ്റ്റന്റായി ചേരുകയും അവന്‍ വഴി എനിക്ക് മാസ്റ്ററിലേക്ക് അവസരം ലഭിക്കുകയുമായിരുന്നു. അങ്ങനെ വിജയ് സാറുമായി ആദ്യ സിനിമ തുടങ്ങാന്‍ കഴിഞ്ഞത് ഫയര്‍ സ്റ്റാര്‍ട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്.

‘നീ ഇങ്ങോട്ട് വാ’ എന്ന് പറയാന്‍ എനിക്ക് ആരുമില്ലായിരുന്നു.

ഹണി ജേക്കബ്ബ്‌: വിജയ്ക്ക് ഒപ്പം മാസ്റ്ററില്‍ അഭിനയിച്ചതിന്റെ കുറിച്ച്?

പ്രണവ്: സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് നമ്മള്‍ വിചാരിച്ചിട്ടുണ്ടാകുമല്ലോ അത്രയും വലിയ താരത്തിന്റെ കൂടെയെല്ലാം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയിരുന്നുന്നെങ്കിലെന്ന്. കുഞ്ഞിലേ മുതല്‍ എനിക്ക് വളരെ ഇഷ്ടമുള്ള താരമാണ് വിജയ് സാര്‍. വിജയ് സാറിന്റെ കൂടെ അഭിനയിച്ചിട്ട് അഭിനയം നിര്‍ത്തിയാല്‍ മതിയെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ ദൈവാനുഗ്രഹം പോലെ ആദ്യ സിനിമതന്നെ അദ്ദേഹത്തോടൊപ്പം ചെയ്യാന്‍ കഴിഞ്ഞു. അവിടുന്നാണ് ഞാന്‍ ഇതാണ് നമ്മുടെ തുടക്കം, ഇവിടെ നിന്നാണ് നമ്മള്‍ തുടങ്ങുന്നത് എന്ന് മനസിലാക്കുന്നത്. പിന്നെ നാല്പത്-നാല്പത്തഞ്ച് ദിവസം നമുക്ക് അദ്ദേഹത്തിനോടൊപ്പം ഒരു സെറ്റില്‍ ഇരിക്കാന്‍ കഴിഞ്ഞു.

അദ്ദേഹം നമ്മുടെ അടുത്ത് വന്ന് ഇരിക്കുകയും സംസാരിക്കുകയും എല്ലാം ചെയ്യുന്നു, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ഡാന്‍സ് ചെയ്യാന്‍ കഴിഞ്ഞു. ഫൈറ്റ് ഉണ്ടായിരുന്നു. അതൊരു കംപ്ലീറ്റ് മെമ്മറിയായിട്ടാണ് ഞാന്‍ എടുത്തുകൊണ്ടുവന്നത്. ഇനി അങ്ങനെ ഒന്ന് ഉണ്ടാകുമോ എന്നൊന്നും അറിയില്ല. അതെനിക്ക് തന്നത് ലോകേഷ് സാറാണ്. എന്റെ ഗുരുസ്ഥാനത്താണ് അദ്ദേഹം. ആ ഒരു അടുപ്പമാണ് എനിക്ക് പിന്നീട് വിക്രം എന്ന സിനിമ തന്നതും. വിക്രം കൂടി കിട്ടിയതിന് ശേഷം എനിക്കൊരു ടാഗ് ലഭിച്ചു. വിക്രം എന്ന സിനിമയും കഴിഞ്ഞശേഷമാണ് ഞാന്‍ സൂപ്പര്‍ സിന്ദഗി എന്ന മലയാളം സിനിമയിലേക്ക് എത്തിയത്. അതും എനിക്ക് വിക്രം വഴി ലഭിച്ചതാണ്. വിക്രമില്‍ വര്‍ക്ക് ചെയ്ത അസിസ്റ്റന്റ് ഡയറക്ടര്‍ വഴിയാണ് എനിക്ക് ആ സിനിമ കിട്ടുന്നത്. സൂപ്പര്‍ സിന്ദഗി ചെയ്തതിന് ശേഷമാണ് എനിക്ക് മലയാളത്തില്‍ ഒരു കണക്ഷന്‍ കിട്ടുന്നത്.

വിജയ് സാറിന്റെ കൂടെ അഭിനയിച്ചിട്ട് അഭിനയം നിര്‍ത്തിയാല്‍ മതിയെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ ആദ്യ സിനിമതന്നെ അദ്ദേഹത്തോടൊപ്പം ചെയ്യാന്‍ കഴിഞ്ഞു.

ഹണി ജേക്കബ്ബ്‌: ടൊവിനൊയുടെ ഒപ്പമുള്ള എക്‌സ്പീരിയന്‍സ്? താമിയും വര്‍ഗീസുമായുള്ള ഫൈറ്റ് സീനൊക്കെ ഷൂട്ട് ചെയ്തത്?

പ്രണവ്: ടൊവിനോയെക്കാള്‍ മുകളിലാണ് ഈ ചെറുക്കന്റെ പ്രകടനം, ടൊവി അല്ല ഹീറോ ഇവനാണ് ഹീറോ എന്ന നിലയില്‍ ചില പോസ്റ്റുകള്‍ ഞാന്‍ കണ്ടിരുന്നു. ശരിക്കും അങ്ങനെയല്ല കഥയെ കാണേണ്ടത്. ഈ സിനിമയുടെ കഥ അങ്ങനെയാണ് പോകുന്നത്. കഥ ഡിമാന്‍ഡ് ചെയ്യുന്നത് അതാണ്. ടൊവിനോയുടെ പെര്‍സ്‌പെക്ടീവിലാണ് ആ സിനിമ മുന്നോട്ട് പോകുന്നത്. അതില്‍ വന്നുപോകുന്നൊരു കഥാപാത്രമാണ് താമി. കൂടുതല്‍ ജനങ്ങളുമായി അടുത്ത് നില്‍ക്കുന്നതുകൊണ്ടാകാം താമി ഒരുപടി മുകളില്‍ നില്‍ക്കുന്നതായി തോന്നുന്നത്.

ടൊവിനോയുടെ സിനിമയായതുകൊണ്ടാണ് ആളുകള്‍ തിയേറ്ററിലേക്ക് എത്തുന്നത്. അല്ലാതെ താമിയാണ് ഹീറോ എന്ന് പറഞ്ഞാല്‍ എത്ര ആളുകള്‍ തിയേറ്ററിലേക്ക് എത്തും? ടൊവിനോ എന്ന നടന്റെ ലേബലിലാണ് ഈ സിനിമ പോകുന്നത്. ടൊവിനോ ചെയ്ത് വെച്ചിരിക്കുന്നത് അത്രയും മനോഹരമായാണ്.

ടൊവിനോയുടെ സിനിമയായതുകൊണ്ടാണ് ആളുകള്‍ തിയേറ്ററിലേക്ക് എത്തുന്നത്. അല്ലാതെ താമിയാണ് ഹീറോ എന്ന് പറഞ്ഞാല്‍ എത്ര ആളുകള്‍ തിയേറ്ററിലേക്ക് എത്തും?

പിന്നെ അദ്ദേഹം നമ്മളെ വളരെയധികം സപ്പോര്‍ട്ട് ചെയ്യും. കാരണം നമ്മള്‍ വന്ന വഴി അദ്ദേഹവും കടന്നുപോയതാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സെറ്റില്‍ നമ്മളെ അത്രയും കംഫര്‍ട്ടിബിളാക്കി വെക്കും. ആക്ഷന്‍ പറയുന്നവരെ ഞങ്ങള്‍ തമാശയെല്ലാം പറഞ്ഞ് നില്‍ക്കും. എന്നാല്‍ ആക്ഷന്‍ പറഞ്ഞാല്‍ ഞങ്ങള്‍ കഥാപാത്രമായി മാറും. ടൊവി ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. എന്നാല്‍ ചേരാന്‍ സാറിനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അങ്ങനെ ആയിരുന്നില്ല. അദ്ദേഹം സെറ്റില്‍ അല്‍പം സീരിയസ് ആയിരുന്നു.

ഹണി ജേക്കബ്ബ്‌: ചേരനെ പോലൊരു ആര്‍ട്ടിസ്റ്റിനോടൊപ്പമുള്ള വര്‍ക്ക് ചെയ്തത് എങ്ങനെയുണ്ടായിരുന്നു?

പ്രണവ്: ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ചേരന്‍ സാര്‍ എന്റെ കോളേജില്‍ വന്നിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അവാര്‍ഡെല്ലാം വാങ്ങിയിരുന്നു. അന്നൊന്നും നമ്മള്‍ വിചാരിക്കുന്നില്ലലോ അത്രയും നല്ല സിനിമകള്‍ ചെയ്ത സംവിധായകനും അഭിനേതാവുമായ അദ്ദേഹത്തിന്റെ കൂടെയെല്ലാം നമ്മള്‍ ഒരു സിനിമ ചെയ്യുമെന്ന്. നാഷണല്‍ അവാര്‍ഡ് എല്ലാം കിട്ടിയ അത്രയും ലെജന്‍ഡറി ആയിട്ടുള്ള വ്യക്തിയാണ്. ചേരന്‍ സാറിനെപോലെ ഒരാളുടെ കൂടെ അതും മലയാളത്തില്‍ ഇത്രയും വലിയ സ്‌കെയിലിലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.
സെറ്റില്‍ ഉള്ളപ്പോഴും എനിക്ക് തമിഴ് അറിയുന്നതുകൊണ്ട് അദ്ദേഹത്തോട് നന്നായി സംസാരിക്കാം എന്നൊക്കെ ഉള്ള മൈന്‍ഡില്‍ ആയിരുന്നു ഞാന്‍. എന്നാല്‍ ഞാന്‍ സെറ്റില്‍ പോയി ഹായ് ഒക്കെ പറഞ്ഞാല്‍ അദ്ദേഹം അത്രയും മൈന്‍ഡ് ആക്കുകയൊന്നും ഇല്ലായിരുന്നു. അദ്ദേഹം
അങ്ങനെയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഷൂട്ട് തുടങ്ങി ഒരു മൂന്ന് നാല് ദിവസത്തിന് ശേഷം അദ്ദേഹത്തെ ഹോട്ടലില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം എന്റെയടുത്ത് സംസാരിച്ചിരുന്നു. സിനിമയില്‍ ഞങ്ങള്‍ പരസ്പ്പരം എതിരാളികള്‍ ആണല്ലോ, അതുകൊണ്ടുതന്നെ അദ്ദേഹം സെറ്റില്‍ വെച്ച് എന്നോട് സംസാരിച്ചാല്‍ ആ ഒരു സീരിയസ്‌നെസ് പോകും എന്നുള്ളതുകൊണ്ടാണ് അവിടെവെച്ച് എന്നോട് സംസാരിക്കാത്തതിന് പറഞ്ഞു. പിന്നെ എന്റെ പ്രകടനത്തെ അഭിനന്ദിച്ചെല്ലാം അദ്ദേഹം സംസാരിച്ചു. നന്നാകുന്നുണ്ടെന്ന് പറഞ്ഞു. റിലീസിന് ശേഷവും അദ്ദേഹം സംസാരിക്കാറുണ്ട്. എന്തെങ്കിലും അവസരമുണ്ടെങ്കില്‍ പറയാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മളെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന വളരെ നല്ലൊരു പേഴ്‌സണാലിറ്റിയാണ് ചേരന്‍ സാര്‍.

ഹണി ജേക്കബ്ബ്‌: നരിവേട്ടയില്‍ രണ്ട് നായകന്മാരാണ്. ടൊവിനൊയുടെ വര്‍ഗീസും പ്രണവിന്റെ താമിയും. നരിവേട്ടയില്‍ എത്തിയത് എങ്ങനെയാണ്?

പ്രണവ്: സൂപ്പര്‍ സിന്ദഗിക്ക് ശേഷം ഇനി നല്ലൊരു കഥാപാത്രം ചെയ്യണം, ആ സിനിമയില്‍ ചെയ്തതുപോലെ ഉള്ള വേഷം വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് നരിവേട്ടയുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യമായി ഇറക്കുന്നത്. സാധാരണ നമ്മുടെ മലയാള സിനിമകള്‍ ഷൂട്ട് കഴിഞ്ഞതിന് ശേഷമല്ലേ മോഷന്‍ പോസ്റ്ററെല്ലാം ഇറക്കുന്നത്. ഈ സിനിമയും അങ്ങനെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയാണ്. അതുപോലെത്തന്നെ എനിക്ക് നരിവേട്ട എന്ന ടൈറ്റില്‍ വളരെ ഇഷ്ട്ടപ്പെട്ടു. പിന്നെ അവരുടെ മോഷന്‍ പോസ്റ്റര്‍ കോണ്‍സെപ്റ്റും ഇഷ്ടപ്പെട്ടു. ഇത് നമുക്കെവിടെയെങ്കിലും കണക്ട് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

പിന്നെ ഞാന്‍ സംവിധായകനെ കുറിച്ച് നോക്കിയപ്പോള്‍ ഇഷ്ഖ് ചെയ്ത അനുരാജേട്ടനും. എനിക്ക് പ്രിയപ്പെട്ട സിനിമയായിരുന്നു അത്. അതുപോലൊരു സംവിധായകന്‍ ആറ് വര്‍ഷത്തിന് ശേഷം ചെയ്യുന്ന സിനിമ വെറുതെയായിരിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അദ്ദേഹം തന്റെ അടുത്ത സിനിമയിലേക്കെങ്കിലും എന്നെ വിളിച്ചാമതി എന്ന് കരുതി ഞാന്‍ അത് റീഷെയര്‍ ചെയ്തു.

എന്നാല്‍ അത് റീഷെയര്‍ ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ നരിവേട്ടയുടെ കാസ്റ്റിങ് ഡയറക്ടര്‍ എനിക്ക് മെസ്സേജ് അയച്ചു. ‘ഞങ്ങള്‍ നിങ്ങളെപ്പോലൊരു ആര്‍ട്ടിസ്റ്റിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. താത്പര്യമുണ്ടെങ്കില്‍ നമുക്ക് സംസാരിക്കാം’ എന്നായിരുന്നു ആ മെസേജ്. അങ്ങനെ നടന്ന പ്രോസസ് ആണ് സംവിധായകനിലേക്ക് എന്നെ എത്തിക്കുന്നത്. എന്നെ ആ കഥാപാത്രത്തിനുള്ള ഓഡിഷന്‍ നടത്തി. ഒരുപാട് ആളുകളെ ആ വേഷത്തിന് വേണ്ടി ഓഡിഷന്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.

ഒരു വിശ്വാസത്തിന്റെ പുറത്തും എന്റെ ഉള്ളില്‍ ഒരു പൊട്ടെന്‍ഷ്യന്‍ ഉണ്ടെന്ന് മനസിലാക്കിയിട്ടും ആകാം അവര്‍ താമി എന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത്.

അപ്പോഴേക്കും നരിവേട്ടയുടെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞിരുന്നു. ടൊവിനോ ചേട്ടന്റെ ആലപ്പുഴയിലെ ഒരുമാസത്തെ ഷൂട്ട് നടന്നിരുന്നു. പിന്നെ ഒരുമാസത്തെ ഗ്യാപ് വന്നിരുന്നു. എന്നിട്ടും താമിയെ കിട്ടിയിട്ടില്ലായിരുന്നു. അവര്‍ക്കും ഈ കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിക്കാം എന്ന് തോന്നണമല്ലോ. എന്നെ വിശ്വസിച്ച് ആ കഥാപാത്രത്തെ തരാം എന്ന് ഞാനും അവരോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു വിശ്വാസത്തിന്റെ പുറത്തും എന്റെ ഉള്ളില്‍ ഒരു പൊട്ടെന്‍ഷ്യന്‍ ഉണ്ടെന്ന് മനസിലാക്കിയിട്ടും ആകാം അവര്‍ താമി എന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത്.

ഹണി ജേക്കബ്ബ്‌: മുപ്പതിലേറെ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ടല്ലോ, ചെയ്യാന്‍ കൂടുതലും ഇഷ്ടമുള്ള വേഷം എന്താണ്? സിനിമയില്‍ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റിയാല്‍ കൊള്ളാം എന്ന് തോന്നിയ റോളുകള്‍ ഏതെങ്കിലും?

പ്രണവ്: ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. താമിയെ പോലെ വളരെ റൂട്ടഡ് ആയ, റോ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് ഞാന്‍ മാസ്റ്റര്‍ എന്ന സിനിമക്ക് ശേഷം മുടി നീട്ടാന്‍ തുടങ്ങിയതുമെല്ലാം. എന്റെ രൂപ സാദൃശ്യവും എല്ലാം വെച്ച് ഇതുപോലൊരു കഥാപാത്രം ചെയ്താല്‍ വര്‍ക്ക് ആകുമെന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ എല്ലാ തരത്തിലുള്ള കഥാപാത്രമാകാനും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതുപോലെ താഴെക്കിടയില്‍ ജീവിക്കുന്ന ആളുകളുടെ മാനസീകാവസ്ഥയുള്ള കഥാപാത്രം ചെയ്യാന്‍ എനിക്ക് കുറച്ച് കൂടുതല്‍ ഇഷ്ടമാണ്. അഭിനയത്തിന്റെ എല്ലാ ഭാഗങ്ങളും ചെയ്യാന്‍ താത്പര്യമാണ്. ചെറുപ്പം മുതല്‍ ആളുകളെ ചിരിപ്പിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ കുറച്ച് കോമഡിയൊക്കെയുള്ള കഥാപാത്രം ചെയ്യാനും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കണമെന്ന് എനിക്കുണ്ട്.

ഹണി ജേക്കബ്ബ്‌: നരിവേട്ട കണ്ടിട്ട് ലഭിച്ച ‘ദി ബെസ്റ്റ്’ എന്ന് തോന്നിയ ഒരു മൊമെന്റ്?

പ്രണവ്: നേരിവേട്ടയുടെ ഡബ്ബിങ്ങിന്റെ ഭാഗമായും മിക്സിങ്ങിന്റെ ഇടയിലെല്ലാം എല്ലാം ഞാന്‍ സിനിമയുടെ അവിടെയും ഇവിടുമെല്ലാം ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ‘ദി ബെസ്റ്റ്’ എന്ന് തോന്നിയ മൊമെന്റ്, നരിവേട്ട റിലീസായ 23ന് ആളുകളുടെ ഇടയില്‍ നിന്ന് സിനിമ കണ്ടശേഷം ആ കൈയ്യടിയും അവര്‍ക്ക് സീറ്റില്‍ നിന്ന് എണീക്കാന്‍ പോലും കഴിയാതെ ഇരിക്കുന്നതും കണ്ടതാണ്. അതെല്ലാം കണ്ടപ്പോള്‍ നമ്മള്‍ ചെയ്തതൊന്നും വെറുതെയായില്ല, നമ്മുടെ ഇത്രയും വര്‍ഷത്തെ കഷ്ടപ്പാട് നമ്മളെ ജനങ്ങളിലേക്ക് എത്തിച്ചു എന്ന് തിരിച്ചറിഞ്ഞത് ആ മൊമെന്റാണ്.

നരിവേട്ടയുടെ ടീമിന്റെയും താമി എന്ന ക്യാരക്ടറിന്റെയും വിജയമായാണ് ഞാന്‍ അതിനെ കാണുന്നത്. എല്ലാവരും തിരിച്ചറിയുന്നു, സെല്‍ഫി എടുക്കാന്‍ വരുന്നു എന്നതിനും അപ്പുറം ആ പച്ചയായ മനുഷ്യരുടെ ജീവിതം റീക്രീയേറ്റ് ചെയ്യുമ്പോള്‍ അവരുടെ പ്രതിനിധിയായി നില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് കൂടുതല്‍ സന്തോഷം.

ഹണി ജേക്കബ്ബ്‌: സിനിമയില്‍ ഒരു ഹൈ പോയിന്റ് ഉണ്ട്, കുന്തമെറിയുന്ന താമിയുടെ കണ്ണില്‍ നിന്ന് വരുന്നത് തീയായിരുന്നു, ആ സീനിനെ കുറിച്ച്?

പ്രണവ്: സിനിമയില്‍ വളരെ പീക്ക് ആയിട്ടുള്ളൊരു മൊമെന്റ് ആയിരുന്നു അത്. പ്രീ ക്ലൈമാക്‌സ് സീനായിരുന്നു അത്. ഒരു അഞ്ച്- ആറ് ദിവസമെടുത്തിട്ടാണ് അത് ഷൂട്ട് ചെയ്തത്. ആ സീനെല്ലാം സിംഗിള്‍ ഷോട്ട് ആയിരുന്നു. ക്യാമറ ഇവിടെ തിരിച്ചാലും എന്തെങ്കിലും ഒരു സീന്‍ കാണും, കുട്ടിയെ തല്ലുന്നതും തീയും പൊലീസിന്റെ മര്‍ദ്ദനവും അങ്ങനെ എവിടെ നോക്കിയാലും എന്തെങ്കിലും കാണും. ഓരോ ഷോട്ടും വളരെ എന്‍ഗേജിങ് ആയിരുന്നു. നമ്മള്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മുത്തങ്ങയില്‍ നടന്ന ചോരക്കളിയും നിലവിളികളും വേദനകളും എല്ലാം ആയിരുന്നു എന്റെ മനസില്‍. അതെല്ലാമായിരിക്കാം എന്റെ കണ്ണില്‍ റിഫ്‌ലക്ട് ചെയ്തിരിക്കുക. അല്ലാതെ ആ സീനില്‍ അങ്ങനെ വേണമെന്ന് കരുതി ചെയ്തതല്ല.

ആര്‍ട്ട്, കോസ്റ്റിയൂം, ടെക്‌നിക്കല്‍ ടീം തുടങ്ങി മൊത്തം ക്രൂവും അത്രയും ക്ലീന്‍ ആയിട്ട് വര്‍ക്ക് ചെയ്ത കാരണമാണ് ആ കഥാപാത്രം അങ്ങനെ വന്നത്. ആ ഷോട്ടിന്റെ ഇടക്ക് എന്റെ കയ്യിലെല്ലാം ബ്ലഡ് ആയതുകൊണ്ട് എനിക്ക് കഴിക്കാന്‍ പറ്റിയില്ല. അപ്പോള്‍ എനിക്ക് ഫുഡ് വാരിത്തന്നവര്‍ വരെയുണ്ട്. ആ ഒരു സ്‌നേഹവും എല്ലാം പ്രതിഫലിച്ചതാണ് ആ സീന്‍ അത്രക്കും നന്നാകാന്‍ കാരണം എന്ന് ഞാന്‍ കരുതുന്നു.

ആ പച്ചയായ മനുഷ്യരുടെ ജീവിതം റീക്രീയേറ്റ് ചെയ്യുമ്പോള്‍ അവരുടെ പ്രതിനിധിയായി നില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് കൂടുതല്‍ സന്തോഷം.

ഹണി ജേക്കബ്ബ്‌: നാടിനെ കുറിച്ച്? പുറത്തിറങ്ങുമ്പോള്‍ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ടോ?

പ്രണവ്: ഞാന്‍ ജനിച്ചത് എറണാകുളത്ത് തന്നെയാണ്. എന്റെ അമ്മയുടെ വീടെല്ലാം അവിടെയാണ്. പിന്നെ എന്റെ അപ്പന്റെ വീടും ഞങ്ങള്‍ സെറ്റില്‍ ആയിരിക്കുന്നതും പാലക്കാടാണ്. വാളയാറിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ്. അവിടുന്നാണ് എന്റെ സിനിമ ജീവിതത്തിന്റെ തുടക്കം. ഇപ്പോള്‍ ഞാന്‍ കൂടുതലും എറണാകുളത്തായതുകൊണ്ട് അമ്മ വീട്ടിലാണ്. പിന്നെ തമിഴും ശ്രദ്ധിക്കുന്നതുകൊണ്ട് എനിക്ക് ചെന്നൈയില്‍ റൂം ഉണ്ട്. അവിടെയുമായിരിക്കും കൂടുതല്‍ സമയവും. മലയാളത്തിലേക്ക് സിനിമകള്‍ കിട്ടാന്‍ തുടങ്ങിയതിന് ശേഷമാണ് ഇവിടെ വന്ന് നില്‍ക്കാന്‍ തുടങ്ങിയത്. സിനിമ കണ്ടതിന് ശേഷം പാലക്കാട് ഉള്ളവര്‍ക്കും എല്ലാവര്‍ക്കും വളരെ സന്തോഷം.

ഹണി ജേക്കബ്ബ്‌: അഭിനയത്തിന് പുറത്ത് താത്പര്യമുള്ള മേഖലയേതാണ്?

പ്രണവ്: അഭിനയമല്ലാതെ ഒരുപാട് പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഒരുപാട് യാത്രകള്‍ ചെയ്യാന്‍ താത്പര്യമുള്ള ആളാണ് ഞാന്‍. ബൈക്കില്‍ ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. പിന്നെ പാട്ട് കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. പിന്നെ സിനിമകള്‍ കാണാനും ആളുകളുമായി ഇന്‍ട്രാക്ട് ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. എല്ലാത്തരം പാട്ടുകള്‍ കേള്‍ക്കാനും എനിക്ക് ഇഷ്ടമാണ്. ഓരോ മ്യൂസിക്ക് ഡയറക്ടര്‍സിനും ഓരോ സോളാണ്. എന്റെ മൂഡ് അനുസരിച്ചാണ് ഓരോരുത്തരുടെയും പാട്ടുകള്‍ കേള്‍ക്കാറുള്ളത്. അല്ലാതെ പ്രത്യേകിച്ച് ഒരാളുടെ പാട്ട് കൂടുതല്‍ കേള്‍ക്കാറില്ല.

Content Highlight: Interview With Narivetta Movie Actor Pranav Teophine

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more