ഫഹീം ബറാമി: മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ നഗരസഭയുടെ അധ്യക്ഷയായിരിക്കുകയാണ്. എന്തൊക്കെയാണ് മുന്നോട്ടുള്ള പ്രതീക്ഷകൾ?
അഡ്വ. റിനീഷ: അതുതന്നെയാണ് ഏറ്റവും വലിയ റെസ്പോൺസിബിലിറ്റി. മുസ്ലിം ലീഗിന്റെ
ആസ്ഥാന നഗരിയുടെ തലപ്പത്ത് എന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടിയും മുന്നണിയും ഏൽപ്പിച്ചിരിക്കുകയാണ്. അത് വലിയൊരു റെസ്പോൺസിബിലിറ്റിയാണ്. ഇതൊരു അലങ്കാരമല്ലാതെ വലിയ ഉത്തരവാദിത്ത്വമായിട്ട് ഏറ്റെടുക്കുകയാണ്.
ഫഹീം ബറാമി: പുതിയ തലമുറയിലെ സ്ത്രീകളെ മത്സരിപ്പിച്ച് വിജയിപ്പിക്കുക മാത്രമല്ല അവരെ ഭരണ നേതൃത്വത്തിലേക്ക് ലീഗ് കൊണ്ടുവരുന്നു. ലീഗിനുള്ളിലെ സ്ത്രീകളുടെ നിരന്തരമായ പോരാട്ടത്തെ തുടർന്നാണോ ഇത്?
അഡ്വ. റിനീഷ: അങ്ങനെ പറയാൻ പറ്റില്ല. നേരത്തെ തന്നെ വനിതാ ലീഗിലെ സജീവമായിട്ടുള്ള, വിദ്യാഭ്യാസമുള്ള കഴിവുള്ള പ്രാപ്തിയുള്ള ഒരുപാട് സ്ത്രീകൾ നേതൃത്വത്തിലേക്ക് വന്നിട്ടുണ്ട് . ഇന്ന് സോഷ്യൽ മീഡിയ കാലഘട്ടം ആയതുകൊണ്ട് ആളുകൾ അറിയുന്നുവെന്ന് മാത്രം.
മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. റിനീഷ
ഫഹീം ബറാമി: റോഡ് വികസനത്തിനപ്പുറമായി മികച്ച മാറ്റങ്ങൾ മലപ്പുറത്ത് വരുന്നില്ല എന്ന് തോന്നുന്നുണ്ടോ? ജില്ലയിൽ മികച്ച കരിയറിസ്റ്റുകൾ ഉണ്ട്, എന്നാൽ അവർ ജോലി ചെയ്യാനായി കോഴിക്കോടും എറണാകുളത്തും പോകേണ്ടി വരുന്നു. ഇത്തരം കാര്യത്തിൽ എത്രത്തോളം ഇടപെടാൻ താങ്കളെ കൊണ്ട് സാധിക്കും?
അഡ്വ. റിനീഷ: മലപ്പുറത്ത് ഐ.ടി പാർക്ക് പോലുള്ള ഒരു സംരംഭം തുടങ്ങിയാൽ അതിന് പരിഹാരം ഉണ്ടാകും. കുഞ്ഞാലിക്കുട്ടി സാഹിബിന് അങ്ങനെയൊരു പ്രൊജക്ടുണ്ട്. കേരള സർക്കാരിന്റെ ഫണ്ട് ലഭിച്ചാൽ നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ഫഹീം ബറാമി: രാജ്യത്ത് മികച്ച യൂണിവേഴ്സിറ്റികളിൽ എത്തുന്ന വിദ്യാർഥികളിൽ വലിയ രീതിയിൽ മലപ്പുറം ജില്ലയിലുള്ളവരുണ്ട്. ജില്ലയിലെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് അവരുമായി ഒരു കൊളാബറേഷൻ നഗരസഭ ഉണ്ടാകാൻ സാധ്യതയുണ്ടോ?
അഡ്വ. റിനീഷ: നമ്മുടെ നഗരസഭ അങ്ങനെ ഒരു പ്രൊജക്ട് ഓൾറെഡി ചെയ്തിട്ടുണ്ട്. നിലവിൽ മിഷൻ ‘1000’ എന്ന് പറഞ്ഞ ഒരുപ്രൊജക്ട്. അതിനകത്ത് നമുക്കൊരുപാട് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട് , അതിന്റെയടിസ്ഥാനത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെല്ലാം പഠിക്കുന്ന കുട്ടികൾ നിലവിലുണ്ട്. അത്തരത്തിലുള്ള പ്രൊജക്ടുമായിട്ട് മുന്നോട്ടു പോകും.
മലപ്പുറം മുനിസിപ്പൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഡ്വ. റിനീഷ
ഫഹീം ബറാമി: വലിയ രോഗങ്ങൾ വന്നാൽ ഇന്നും കോഴിക്കോട് മെഡിക്കൽ കോളേജാണ് ജില്ലയിലെ ആളുകൾ ആശ്രയിക്കുന്നത്. ഒരു പ്രസിഡന്റ് എന്ന നിലയിൽ ഈ വിഷയത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാനാണ് താങ്കൾ ശ്രമിക്കുക?
അഡ്വ. റിനീഷ: നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജാണ് നമുക്കുള്ളത്. അതിനപ്പുറത്തേക്ക് മലപ്പുറത്തെ താലൂക്ക് ഹോസ്പിറ്റൽ ആണ് വരുന്നത്. ഇവിടെ ലഭിക്കുന്ന സൗകര്യങ്ങൾക്കപ്പുറം ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. സർക്കാരിൽ നിന്ന് കൂടുതൽ സൗകര്യങ്ങൾ ലഭിച്ചാൽ വേണ്ടത് ചെയ്യാൻ സാധിക്കും.
ഫഹീം ബറാമി: ഡിഫറന്റ്ലി ഏബിൾഡ് ആയിട്ടുള്ളവർക്കായി പുതിയ പ്രൊജക്റ്റുകൾ താങ്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് അറിയാൻ സാധിച്ചു. അതൊന്ന് വിശദീകരിക്കാമോ?
അഡ്വ. റിനീഷ: ഡിഫറന്റ്ലി ഏബിൾഡായവരുടെ പാരന്റ്സിനാണ് നമ്മുടെ പ്രൊജക്റ്റ് . സാധാരണ കുട്ടികൾകളുടെ രക്ഷിതാക്കളെക്കാൾ ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അവർ മക്കളെ വളർത്തുന്നത്. അത്തരം കുട്ടികൾ പഠിക്കുന്ന ബഡ്‌സ് സ്കൂൾ കെട്ടിടങ്ങൾ ബന്ധപ്പെടുത്തി രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കും. അവരെ മികച്ച വരുമാനത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഫഹീം ബറാമി: നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്കരണം,
മലപ്പുറം നഗരത്തെ കൂടുതൽ ശുചിത്വമുള്ളതാക്കാൻ എന്തൊക്കെ പുതിയ പദ്ധതികളാണ് താങ്കൾ വിഭാവനം ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
അഡ്വ. റിനീഷ: നമുക്ക് നിലവിൽ ‘ഖനി’ എന്ന് പറഞ്ഞ ഒരു ഷ്രഡിങ് യൂണിറ്റ് ഉണ്ട് . പ്ലാസ്റ്റിക് വെയിസ്റ്റ് കളക്ട് ചെയ്തിട്ട് ഷ്രഡ് ചെയ്യുന്ന യൂണിറ്റ് നമുക്കുണ്ട്. നിലവിൽ എല്ലാ വാർഡിലും പ്ലാസ്റ്റിക് വേസ്റ്റ് കളക്ട് ചെയ്യുന്നുണ്ട്. പക്ഷെ ടൗണിനകത്ത് കാര്യമായ ഒരു ഡ്രൈനേജ് സിസ്റ്റം ഉണ്ടായാൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റും. ടൗണിന് മുഖഛായ മാറ്റുന്ന രീതിയിലുള്ള ഒരു വേസ്റ്റ് മാനേജ്മെന്റ് കൂടിയാണ് നമുക്ക് വേണ്ടത്.
ഫഹീം ബറാമി: മലപ്പുറം നഗരത്തിലെ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് ഉൾപ്പെടെയുള്ള റോഡ് വികസന കാര്യങ്ങളിൽ ഇനി പുതിയതായിട്ട് എന്തെങ്കിലും നടപടികൾ ഉണ്ടാവാനുണ്ടോ?
അഡ്വ. റിനീഷ: നമ്മുടെ എം.എൽ.എ ഓവർ ബ്രിഡ്ജിനു വേണ്ടിയിട്ട് കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട് . നമ്മൾ അതുമായിട്ട് സഹകരിക്കുക എന്നുള്ളത് മാത്രമേ ചെയ്യാനുള്ളൂ.
മലപ്പുറം മുനിസിപ്പൽ ഓഫീസ്
ഫഹീം ബറാമി: വേനൽ കാലത്ത് നഗരസഭയുടെ പല ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശാശ്വതമായ പരിഹാരങ്ങൾ എന്തൊക്കെയാണ്?
അഡ്വ. റിനീഷ: നമുക്ക് നിലവിൽ വാട്ടർ ടാങ്കുണ്ട്. പക്ഷേ മിക്കതിന്റെയും പൈപ്പുകൾ തുരുമ്പെടുത്തിട്ടുണ്ട്. അതിനാൽ വെള്ളത്തിന്റെ ഫ്ലോ സ്പീഡ് കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായുള്ള ഇത്തരം പൈപ്പുകൾ മാറ്റി പുതിയതാക്കുക എന്നൊരു പ്രൊജക്റ്റ് ഞങ്ങൾക്കുണ്ട്.
ഫഹീം ബറാമി: നഗരത്തിലെ പ്രധാന മാർക്കറ്റുകളുടെയും ബസ് സ്റ്റാൻഡുകളുടെയും നവീകരണ പ്രവർത്തനങ്ങൾ എപ്പോൾ പൂർത്തിയാകാൻ സാധിക്കും?
അഡ്വ. റിനീഷ: നിലവിൽ മാർക്കറ്റിന്റെ വർക്ക് നടന്നു കൊണ്ടിരിക്കുന്നു. ബസ് സ്റ്റാന്റിന്റെയകത്ത് ബസ് നിലവിൽ കയറ്റാത്ത അവസ്ഥയുണ്ട് അത് പരിഹരിക്കണം.
വിജയത്തിന് ശേഷം മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം
ഫഹീം ബറാമി: നഗരത്തിന്റെ വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ചു പോകാൻ താങ്കൾ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും?
അഡ്വ. റിനീഷ: വിമർശനങ്ങളും തെറ്റുകൾ ചൂണ്ടി കാണിക്കുന്നതും സ്വീകരിക്കുക എന്നുള്ളതാണ്. പ്രതിപക്ഷത്തു നിന്ന് മാത്രമല്ല ഏതൊരു വ്യക്തികളിൽ നിന്നും അഭിപ്രായം സ്വീകരിക്കും.
യൂത്തിൽ നിന്നും സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും അഭിപ്രായം ചോദിച്ച് അവരെയും പരിഗണിച്ചിട്ട് വേണം മുന്നോട്ട് പോകാൻ. വിമർശനങ്ങളാകാം, തെറ്റുകൾ ചൂണ്ടിക്കാണിക്കാം. ജനാധിപത്യത്തിൽ പ്രതിപക്ഷമെന്ന് പറഞ്ഞാൽ അത്തരത്തിൽ ഒരു സൗന്ദര്യമുള്ള ഒരു സിസ്റ്റം ആണല്ലോ. അതിൽ നിന്നും സ്വീകരിച്ച് ഉൾക്കൊണ്ട് അത് മനസ്സിലാക്കി ആരു പറഞ്ഞാലും സ്വീകരിക്കുക എന്നുള്ള രീതിയിലായിരിക്കും.
Content highlight: Interview with Malappuram Municipality Chairperson Adv. Rineesha