മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും പഴങ്കഥയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ എടുത്തുപറയേണ്ട ഒരാളുണ്ട്. 12 വര്‍ഷത്തോളം ഈ സിനിമയുടെ കഥയുമായി കാത്തിരുന്ന കെ.ആര്‍. സുനില്‍. തുടരും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കെ.ആര്‍. സുനില്‍
1- ഏറെക്കുറെ 12 വര്‍ഷത്തോളം തുടരും സിനിമയുടെ സ്‌ക്രിപ്റ്റുമായി കാത്തിരുന്നല്ലോ. ആ സമയത്തൊക്കെ എന്തായിരുന്നു മനസ്സില്‍?
ഈ 12 വര്‍ഷ കാലയളവില്‍ സിനിമ നടക്കാന്‍ കാത്തിരുന്നു. അതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായി അതിന് വേണ്ടി ആഗ്രഹിച്ചുകൊണ്ടിരുന്നു. പക്ഷേ, എന്നെക്കാള്‍ നന്നായി ഈ സിനിമ നടക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു രഞ്ജിത്തേട്ടന്‍. എന്നെക്കാള്‍ സ്‌ട്രോങ്ങായി ഈ കഥ ഇഷ്ടപ്പെട്ട ഒരാളായിരുന്നു. അദ്ദേഹം എന്നെങ്കിലും ഈ കഥ സിനിമയാക്കുമെന്ന് ഉറപ്പായിരുന്നു.
ഇതിനിടയില്‍ പല സംവിധായകരും വന്നുപോയി. തിരക്കഥ ഇഷ്ടപ്പെട്ട പലരും എന്നെ സമീപിച്ചു. പ്രത്യേകിച്ച് മോഹന്‍ലാല്‍ എന്നൊരു നടന് ഇഷ്ടപ്പെട്ട കഥയെന്ന നിലയില്‍ അവരെല്ലാം ഈ കഥ വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ ഞങ്ങള്‍ മൂന്നുപേരും ഇതിന് പറ്റിയ ഒരു സംവിധായകന് വേണ്ടി കാത്തിരുന്നു.
അതിനിടയില്‍ എന്റെ ജീവിതത്തില്‍ പലതും സംഭവിച്ചു. എന്റെ മേഖല ഫോട്ടോഗ്രഫിയാണ്. അപ്പോള്‍ അതുമായി ബന്ധപ്പെട്ട ചില വര്‍ക്കുകള്‍ ചെയ്തു. ചിത്രകാരനും ശില്പിയുമൊക്കെയാണ് ഞാന്‍. ഫോട്ടോഗ്രഫിയില്‍ ഞാന്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു. പൊന്നാനി, മട്ടാഞ്ചേരി പോലുള്ള തുറമുഖ നഗരങ്ങളെക്കുറിച്ചും അവിടത്തെ ജീവിതങ്ങളെക്കുറിച്ചുമുള്ള ചിത്രപരമ്പരകള്‍ ചെയ്തു.
ബിനാലെ പോലുള്ള സ്ഥലങ്ങളില്‍ അതിന്റെ എക്‌സിബിഷന്‍ നടന്നു. പിന്നെ പത്തേമാരിത്തൊഴിലാളികളെക്കുറിച്ച് ‘മഞ്ചൂക്കാര്‍- ദ സീ ഫെയറേഴ്‌സ് ഓഫ് മലബാര്‍’ എന്നൊരു സീരീസ് ചെയ്തിരുന്നു. അതിന്റെ എക്‌സിബിഷനും നടത്തിയിരുന്നു. അങ്ങനെ ഫോട്ടോഗ്രഫിയോടൊപ്പം പാരലലായി സിനിമ നടത്താനുള്ള ശ്രമങ്ങളും സജീവമായി ചെയ്തുകൊണ്ടേയിരുന്നു.
2- മോഹന്‍ലാല്‍ അല്ലാതെ മറ്റേതെങ്കിലും നടനെ സമീപിക്കാന്‍ തോന്നിയിരുന്നോ?
മോഹന്‍ലാല്‍ ഈ സിനിമയിലേക്ക് വന്നതിന് ശേഷം അദ്ദേഹമല്ലാതെ മറ്റൊരു നടനെ വെച്ച് ഈ കഥ ഞങ്ങള്‍ ചിന്തിച്ചിട്ടേയില്ല. കാരണം, ആദ്യമായി മോഹന്‍ലാലിനോട് ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇത് ഒരുപാട് ഇഷ്ടമായി. അദ്ദേഹത്തെപ്പോലൊരു ലെജന്‍ഡിന് ഈ കഥ ഇഷ്ടമാകുന്നു. പിന്നീട് എപ്പോഴൊക്കെ കണ്ടാലും ഈ കഥയെപ്പറ്റി ചോദിക്കുന്നു.
മറ്റുള്ളവരോടും എന്നോടുമൊക്കെ ഈ സിനിമയെക്കുറിച്ചൊക്കെ സംസാരിക്കുന്നു. രഞ്ജിത്തേട്ടനെപ്പോലെ ലാല്‍ സാറും ഈ കഥയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് മോഹന്‍ലാലല്ലാതെ വേറൊരു നടനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.
3- ഈ 12 വര്‍ഷത്തിനിടയില്‍ സ്‌ക്രിപ്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?
സ്വാഭാവികമായും സ്‌ക്രിപ്റ്റില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. കാരണം, ഓരോ ദിവസം കഴിയുന്തോറും സിനിമ മാറിക്കൊണ്ടിരിക്കുകയാണല്ലോ. മനുഷ്യന്മാര്‍ മാറുന്നതുപോലെ സിനിമയും മാറ്റത്തിലൂടെ കടന്നുപോവുകയായിരുന്നു. അതിനനുസരിച്ച് ഓരോ ചിന്തകള്‍ മനസില്‍ വന്നുപോയിക്കൊണ്ടേയിരുന്നു. പക്ഷേ, പ്രധാനമായും മാറ്റം വന്നത് തരുണ്‍ മൂര്‍ത്തി ഈ പ്രൊജക്ടിലേക്ക് വന്നതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച യാത്രയിലാണ്.
‘തരുണിനെപ്പോലൊരു മനുഷ്യനോട് ആര്‍ക്കും ഈഗോ തോന്നില്ല. ഈ കഥയിലേക്ക് പ്രകൃതിയും മറ്റ് കാര്യങ്ങളും വന്ന് ഒരു വലിപ്പം വെച്ചത് തരുണിന്റെ വരവിന് ശേഷമാണ്. തരുണിനൊപ്പം ഇരുന്നതിന് ശേഷമാണ് ഈ സിനിമ ഇപ്പോള്‍ കാണുന്ന ഫോര്‍മാറ്റിലേക്ക് എത്തിയത്’ കെ.ആര്‍. സുനില്‍
തരുണിന്റെ മുന്‍ സിനിമകളെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അയാളിലെ സംവിധായകനെയും റൈറ്ററെയും എനിക്ക് ഇഷ്ടവും വിശ്വാസവുമായിരുന്നു. അതിലുപരി തരുണ്‍ എന്ന മനുഷ്യനെ എനിക്ക് വലിയ താത്പര്യവുമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലും സ്‌നേഹബന്ധത്തിലുമെല്ലാം അത് കാണാമായിരുന്നു. ഭയങ്കര ക്വാളിറ്റിയുള്ള മനുഷ്യനാണ് തരുണ്‍. അതോടെ എനിക്ക് കാര്യങ്ങള്‍ ഈസിയായി.
ഞങ്ങള്‍ക്കിടയില്‍ ഒരു ഈഗോ ഒരിക്കലുമുണ്ടായിട്ടില്ല. തരുണിനെപ്പോലൊരു മനുഷ്യനോട് ആര്‍ക്കും ഈഗോ തോന്നില്ല. ഈ കഥയിലേക്ക് പ്രകൃതിയും മറ്റ് കാര്യങ്ങളും വന്ന് ഒരു വലിപ്പം വെച്ചത് തരുണിന്റെ വരവിന് ശേഷമാണ്. തരുണിനൊപ്പം ഇരുന്നതിന് ശേഷമാണ് ഈ സിനിമ ഇപ്പോള്‍ കാണുന്ന ഫോര്‍മാറ്റിലേക്ക് എത്തിയത്. ഇപ്പോള്‍ എല്ലാവരും കാണുന്ന രീതിയിലേക്ക് മാറിയതില്‍ തരുണിനൊപ്പം ഇരുന്ന് സംസാരിച്ചതിന്റെ ഫലങ്ങളുണ്ട്.
4- തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനുമായി എങ്ങനെയാണ് അടുത്തത്, സ്‌ക്രിപ്റ്റില്‍ തരുണ്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?
കഴിഞ്ഞ കൊച്ചി- മുസിരിസ് ബിനാലെക്ക് പാരലലായി ഞാന്‍ നടത്തിയ എക്‌സിബിഷനിടയിലാണ് തരുണിനെ ഞാന്‍ ആദ്യമായി കാണുന്നത്. എക്‌സിബിഷനിടയില്‍ രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ചിട്ട് ‘തരുണ്‍ ഈ കഥ കേട്ടു, അയാള്‍ക്ക് ഇഷ്ടമായി. തരുണും അയാളുടെ അസിസ്റ്റന്റ്‌സും സുനിലിനെ വന്ന് കാണും’ എന്ന് പറഞ്ഞു.
‘ഷൂട്ടിങ് ലൊക്കേഷനിലെ മോഹന്‍ലാല്‍ മൊമന്റ് ഒരെണ്ണമൊന്നുമല്ല, ഒരുപാടുണ്ടായിട്ടുണ്ട്. സ്‌ക്രീനില്‍ മാത്രം നമ്മള്‍ കണ്ടിട്ടുള്ള മോഹന്‍ലാല്‍, നമ്മളെഴുതിയ സീന്‍ അഭിനയിക്കുമ്പോള്‍, പ്രത്യേകിച്ച് ഇമോഷണല്‍ സീനുകളിലെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ നമ്മളും ഇമോഷണലാകും’ കെ.ആര്‍. സുനില്‍
അങ്ങനെ മട്ടാഞ്ചേരിയില്‍ എന്റെ എക്‌സിബിഷന്‍ നടക്കുന്ന ഗാലറിയില്‍ വരികയും അവിടന്ന് ഞങ്ങള്‍ പ്രാഥമികമായ ഡിസ്‌കഷന്‍സ് നടത്തുകയും ചെയ്തു. എന്റെ ആ ഷോ കഴിഞ്ഞതിന് ശേഷം അവരുടെ എഴുത്തില്‍ ജോയിന്‍ ചെയ്യുകയും പിന്നീട് ഈ കഥയില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുകയും ചെയ്തു.
5- ഷൂട്ടിങ് ലൊക്കേഷനില്‍ മറക്കാനാകാത്ത മോഹന്‍ലാല്‍ മൊമെന്റ് എന്തായിരുന്നു?
ഷൂട്ടിങ് ലൊക്കേഷനിലെ മോഹന്‍ലാല്‍ മൊമന്റ് ഒരെണ്ണമൊന്നുമല്ല, ഒരുപാടുണ്ടായിട്ടുണ്ട്. സ്‌ക്രീനില്‍ മാത്രം നമ്മള്‍ കണ്ടിട്ടുള്ള മോഹന്‍ലാല്‍, നമ്മളെഴുതിയ സീന്‍ അഭിനയിക്കുമ്പോള്‍, പ്രത്യേകിച്ച് ഇമോഷണല്‍ സീനുകളിലെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ നമ്മളും ഇമോഷണലാകും. അങ്ങനെ ഒരുപാട് മൊമന്റ്‌സുണ്ട്.
6- എഴുതി വെച്ചതിനുമപ്പുറം മോഹന്‍ലാല്‍ എന്ന നടന്‍ പെര്‍ഫോം ചെയ്തു എന്ന് തോന്നിയ ഏതെങ്കിലും രംഗമുണ്ടോ?
ഒരുപാട് കയറ്റിറക്കങ്ങളുള്ള കഥയാണല്ലോ ഇത്. അതിപ്പോള്‍ ഹ്യൂമറാവാം, ആക്ഷനാകാം, ഇമോഷനാകാം. അതില്‍ ഉദാഹരണമായി പറയാവുന്ന രംഗം ഒന്നുണ്ട്. പൊലീസ് ജീപ്പില്‍ ലാലേട്ടനെ കൊണ്ടുപോകുന്ന സമയത്ത് വില്ലന്‍ ഒരു ഡയലോഗ് പറഞ്ഞ് ആ കഥാപാത്രത്തെ ഒതുക്കാന്‍ നോക്കുന്നുണ്ട്. ആ സമയത്ത് ലാലേട്ടന്‍ തിരിച്ച് ഒരു ഡയലോഗ് പറയുന്നതാണ് സ്‌ക്രിപ്റ്റിലുള്ളത്. അങ്ങനെയാണ് ഞങ്ങള്‍ എഴുതിവെച്ചത്.
ആ സീന്‍ എടുക്കുന്ന സമയത്ത് ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞു. ‘ഈ ഡയലോഗ് വേണ്ട, അതിന് പകരം ഞാന്‍ കണ്ണ് കൊണ്ട് പെര്‍ഫോം ചെയ്യാം’ എന്നായിരുന്നു പറഞ്ഞത്. അദ്ദേഹം ആ സീന്‍ ചെയ്തപ്പോഴാണ് ഞങ്ങള്‍ എഴുതിവെച്ചതിന്റെ അപ്പുറം അദ്ദേഹം പെര്‍ഫോം ചെയ്തു എന്ന് മനസിലായത്. അത്രയും വലിയ ഡയലോഗടിച്ച വില്ലന്റെ മേലെ നില്‍ക്കുന്ന നോട്ടമായിരുന്നു അത്. അങ്ങനത്തെ ഒരുപാട് മൊമന്റ്‌സ് ഞങ്ങള്‍ കണ്ടു.
7- സിനിമ സംസാരിച്ച രാഷ്ട്രീയം വളരെ ശക്തമായ ഒന്നാണല്ലോ, ദുരഭിമാനക്കൊല എന്ന സംഭവം അവസാനത്തെ അഞ്ചു മിനിറ്റില്‍ മാത്രം ഒതുങ്ങിപ്പോയി എന്ന വിമര്‍ശനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ദുരഭിമാനക്കൊലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ലല്ലോ ഈ കഥ. ഈ സിനിമ ഒരു ഫിക്ഷനാണ്. വളര ഇമോഷണലായി പറയുന്ന ഒരു കഥയാണ്. ആദ്യമേ തുടങ്ങി ഈ സിനിമ ദുരഭിമാനക്കൊലയാണെന്ന് പറഞ്ഞാല്‍ പിന്നെ ഈ സിനിമയിലെ സസ്‌പെന്‍സില്ല. ഈ സിനിമയും പിന്നെ ഉണ്ടാകില്ല. അതുകൊണ്ട് ദുരഭിമാനക്കൊല എന്ന ഭാഗം കഥയുടെ കൃത്യമായിട്ടുള്ള ഭാഗത്ത് തന്നെയാണ് വെച്ചിരിക്കുന്നത്. മാത്രമല്ല, ഒരു രാഷ്ട്രീയം പറയുമ്പോള്‍ അത് പരത്തി പറയുന്നതിനെക്കാള്‍ തീവ്രത, പറയേണ്ട സമയത്ത്, പറയേണ്ടതുപോലെ പറയുമ്പോഴാണ്.
ഇപ്പോള്‍ സിനിമയില്‍ ആ ഭാഗം പ്ലെയ്‌സ് ചെയ്തിരിക്കുന്നത് കൃത്യമായിട്ടുള്ള ഭാഗത്താണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന്റെ റിസള്‍ട്ട് സിനിമയുടെ വിജയത്തോടെ കിട്ടുകയും ചെയ്തു. അതുകൊണ്ട് ഇത്തരം വിമര്‍ശനങ്ങളെ കാര്യമാക്കി എടുക്കുന്നില്ല. എപ്പോഴും പോസിറ്റീവായതും നെഗറ്റീവായതുമായ വിമര്‍ശനങ്ങളെ സീരിയസായി എടുക്കുന്ന ആളുകളാണ് ഞങ്ങള്‍. ഇത് മൈന്‍ഡ് ചെയ്യണമെന്ന് തോന്നിയിട്ടില്ല.
8- ഒരു യാത്രയ്ക്കിടെ കണ്ട കാഴ്ച്ചയില്‍ നിന്നാണ് ഷണ്മുഖന്‍ എന്ന കഥാപാത്രവും അയാളുടെ വണ്ടിയും മനസില്‍ കയറിപ്പറ്റിയതെന്ന് പറഞ്ഞിരുന്നു. അയാളെ പിന്നീട് കാണണം എന്ന് തോന്നിയിരുന്നോ
ഷണ്മുഖനെ പിന്നീട് കാണാന്‍ തോന്നിയിട്ടില്ല. ഷണ്മുഖന്‍ എന്നല്ല അയാളുടെ പേര്. കൊടുങ്ങല്ലൂരാണ് എന്റെ നാട്. ഒരു ദിവസം ഞാന്‍ നടക്കുമ്പോള്‍ സ്‌റ്റേഷിന്റെ അകത്ത് പിടിച്ചിട്ടിരിക്കുന്ന ഒരുപാട് വണ്ടികളിലേക്ക് നോക്കി നില്‍ക്കുന്ന ഒരാളിലൂടെയാണ് ഈ കഥയുടെ ആദ്യത്തെ ചിന്ത എനിക്ക് ലഭിച്ചത്. അത് പിന്നീട് വികസിച്ച് ഈ കഥയായി മാറുകയായിരുന്നു.ഒരുപക്ഷേ അന്ന് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നെങ്കില്‍ ഈ കഥ എന്റെ മനസില്‍ വരില്ലായിരുന്നു.
എന്റെ തോന്നലുകളായിരിക്കാം ഇതൊക്കെ. നമ്മുടെ ഇമാജിനേഷനാണല്ലോ എല്ലാ കഥകളും. ആ മനുഷ്യന്റെ വണ്ടി അവിടെ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. അതൊന്നും എനിക്കറിയില്ല. ഞാന്‍ കണ്ട മുഖം, അതിലൂടെ എനിക്ക് സൃഷ്ടിക്കാന്‍ പറ്റിയ കഥാപാത്രവുമാണ് ഷണ്മുഖന്‍. അന്ന് കണ്ട അയാളെ പിന്നീട് ഞാന്‍ കണ്ടിട്ടേയില്ല. അദ്ദേഹത്തിന്റെയോ, ആ പൊലീസ് സ്റ്റേഷന്റെയോ കഥയല്ല ഈ സിനിമ.
9- പ്രകാശ് വര്‍മ എന്ന പരസ്യചിത്ര സംവിധായകനില്‍ ജോര്‍ജ് മാത്തനെ ആദ്യമായി കണ്ടയാള്‍ താങ്കളായിരുന്നല്ലോ. അദ്ദേഹത്തെ ഈ കഥാപാത്രം ഏല്‍പ്പിക്കാനുണ്ടായ കാരണം എന്തായിരുന്നു?
ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രം എന്റെ മനസില്‍ രൂപപ്പെട്ടപ്പോള്‍ അതിനൊരു റഫറന്‍സായി ഉണ്ടായിരുന്നത് താഴ്‌വാരം എന്ന സിനിമയില്‍ സലിം ഘൗസ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു. അതിന്റെ വിദൂരമായ ഛായയായിരുന്നു ജോര്‍ജ് മാത്തന്‍. അത്തരത്തില്‍ സൗഹൃദത്തിന്റെ ആഴത്തില്‍ നിന്നതിന് ശേഷം വില്ലനായി മാറുന്ന കഥാപാത്രമാണ് ഞങ്ങളുടെ മനസിലുണ്ടായിരുന്നത്.
ഇവിടത്തെ സ്ഥിരം വില്ലന്മാര്‍ ആരും വേണ്ട എന്ന് ആദ്യമേ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ടിപ്പിക്കലായിട്ടുള്ള വില്ലന്മാര്‍ ആരും വേണ്ട, നല്ലൊരാളാണെന്ന് തോന്നല്‍ ഉണ്ടാക്കുന്ന ഒരു പൊലീസുകാരന്‍ തന്നെ വേണം എന്നുണ്ടായിരുന്നു. അപ്പോള്‍ അത് ഫ്രഷായിട്ടുള്ള ഒരു നടന്‍ ചെയ്യണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എനിക്കും തരുണിനും ലാലേട്ടനും രഞ്ജിത്തേട്ടനും അതേ തീരുമാനം തന്നെയായിരുന്നു.
അങ്ങനെ ലാലേട്ടന്റെ ഡേറ്റ് കിട്ടി. 35 ദിവസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങും എന്ന അവസ്ഥ വന്നു. പല കാര്യങ്ങളും അറേഞ്ച് ചെയ്യാനുണ്ട്. ആര്‍ട്ടിസ്റ്റുകളുടെയെല്ലാം ഡേറ്റ് കിട്ടി. ഹിന്ദിയില്‍ നിന്നൊരു നടനെ ആ വേഷം ചെയ്യാന്‍ അവസാനനിമിഷം കണ്ടെത്തിയിരുന്നു. എന്റെ മനസിലുള്ള ജോര്‍ജ് മാത്തന്‍ അത് അല്ലാത്തതിനാല്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. തരുണും രഞ്ജിത്തേട്ടനും അതില്‍ പൂര്‍ണമായി ഓക്കെയല്ലായിരുന്നു. എങ്കിലും ഞങ്ങള്‍ കോംപ്രമൈസ് ചെയ്ത് പടം നടത്താനുള്ള ഒരുക്കത്തിലായി.
നല്ലൊരു നടനെത്തന്നെയാണ് കണ്ടെത്തിയതെങ്കിലും എന്നില്‍ ഒരു ചെറിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ആ സമയത്താണ് എന്റെ സുഹൃത്തായിട്ടുള്ള പ്രകാശ് വര്‍മ വേറൊരു ആവശ്യത്തിനായി കൊച്ചിയില്‍ വരികയും എന്നെ വിളിക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ പോയിക്കണ്ട് സംസാരിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെമ്പാടും അറിയപ്പെടുന്ന വലിയൊരു പരസ്യചിത്രം സംവിധായകനാണ് പ്രകാശ് വര്‍മ. അയാള്‍ക്ക് എന്നെക്കുറിച്ചും എന്റെ ഈ കഥയെക്കുറിച്ചും അറിയാം. അതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.
അന്ന് സംസാരിച്ചുകൊണ്ടിരുന്നതിന്റെ ഇടയില്‍ എന്റെയുള്ളില്‍ ഒരു ചിന്ത വന്നു. ഈ മനുഷ്യന്‍ കാണാന്‍ നല്ല ലുക്കുണ്ട്, സെന്‍സിബിളാണ്, സംവിധായകനാണ്. ഇദ്ദേഹം അഭിനയിച്ചാല്‍ നന്നാകും. കാരണം, ഫ്രഷായിട്ടുള്ള ആളാണ് ഞങ്ങള്‍ക്ക് വേണ്ടത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോയെടുത്ത് തരുണിനെ കാണിച്ചു. തരുണിന് പ്രകാശ് വര്‍മയെ പരിചയമില്ലെങ്കിലും അദ്ദേഹം ആഡ് ഫിലിം മേക്കറാണെന്ന് അറിയാം. വര്‍ക്കുകളൊക്കെ കണ്ടിട്ടുണ്ട്. പ്രകാശ് വര്‍മ മതിയെന്ന് തരുണും ഉറപ്പിച്ചു.
അങ്ങനെ ഞാന്‍ പ്രകാശ് വര്‍മയെ വിളിച്ച് സംസാരിച്ചു. ഇതുപോലെ ഒരു കഥാപാത്രമുണ്ട്, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഇംപോര്‍ട്ടന്റായിട്ടുള്ള റോളാണ്, നെഗറ്റീവ് ഷെയ്ഡുള്ള ആളാണ് എന്നൊക്കെ. അടുത്തദിവസം മറുപടി പറയാമെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ വൈഫുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ആഡ് ഫിലിം കമ്പനിയായ നിര്‍വാണയുടെ ഡയറക്ടിങ് മെമ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ സ്‌നേഹ. അവരുമായും മറ്റ് ടീമംഗങ്ങളുമായും സംസാരിച്ചു. അടുത്ത ദിവസം അദ്ദേഹം ഓക്കെയാണെന്ന് അറിയിച്ചു.
അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ വെച്ച് ചെറിയൊരു സീന്‍ ഷൂട്ട് ചെയ്തു. ആ വീഡിയോ ലാലേട്ടനും രഞ്ജിത്തേട്ടനും അയച്ചുകൊടുത്തു. അവര്‍ക്കും ഇഷ്ടമായി. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോര്‍ജ് മാത്തനെ കിട്ടുന്നത്.
Content Highlight: Interview with K R Sunil