നിലവില്‍ മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 3. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ദൃശ്യം ഫ്രാഞ്ചൈസിലെ ഇതിനോടകം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും മലയാളത്തില്‍ നിന്നും ലോക സിനിമയ്ക്ക് മുന്‍പിലേക്ക് വെച്ച് നീട്ടാന്‍ പറ്റിയ കിടില്ലന്‍ ക്രൈം ത്രില്ലറുകളായിരുന്നു. ഇതേ പ്രതീക്ഷയിലും ആവേശത്തിലുമാണ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെയും പോലെ ചിത്രത്തിന്റെ പീക്ക് എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത് അതിലെ ട്വിസ്റ്റുകളായിരിക്കും എന്നത് കൊണ്ട് തന്നെ ബുക്കിങ്ങ് ആരംഭിച്ച പലയിടത്തും ഇതിനോടകം ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്.
ദൃശ്യം 3. Photo: X.com
മറ്റുള്ളവരുടെ അഭിപ്രായങ്ങളോ കമന്റുകളോ കേള്‍ക്കാന്‍ നില്‍ക്കാതെ നേരെ തിയേറ്ററില്‍ തന്നെ ചിത്രം കാണാനുള്ള തയ്യാറെടുപ്പിലാണ് പലരും. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനായെത്തിയിട്ടും സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാനാകാത്ത താരങ്ങളുടെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ദൃശ്യം 3യില്‍ പ്രധാനവേഷങ്ങളിലെത്തുന്ന മീനയും ആശാ ശരത്തും ശിവദയും ചേര്‍ന്ന് വണ്‍ 2 ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവം.
ചിത്രത്തിലെ ഏതെങ്കിലും ഒരു സീനിനെക്കുറിച്ച് പറഞ്ഞാല്‍ അത് ത്രില്ലര്‍ ചിത്രത്തിന്റെ സ്‌പോയിലര്‍ ആയേക്കാം എന്ന ഭയമാണ് കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്നോട്ട് വലിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ ചോദിച്ച അവതാരകന്റെ ചോദ്യത്തില്‍ പെട്ട് പോയതാകട്ടെ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മീനയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കണക്ടായത് ഏത് സീനായിരിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് ഇത് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടക്കുന്ന കഥയാണെന്നും അതിനിടയില്‍ നടക്കുന്ന ഇമോഷനാണ് ചിത്രത്തില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത് എന്നുമായിരുന്നു താരം പറഞ്ഞത്. ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാന്‍ പറ്റില്ലല്ലോ എന്ന് പറഞ്ഞ് തലയില്‍ കൈ വെക്കുന്ന താരത്തെയും അഭിമുഖത്തിനിടയില്‍ കാണാന്‍ സാധിക്കും. ചോദ്യത്തിന് സമാനമായ പ്രതികരണമായിരുന്നു ആശാ ശരത്തിന്റതും.
ദൃശ്യം 3. Photo: X.com
U/A 13+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഈയാഴ്ചയോടെ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയേക്കുമെന്നും അതിന് ശേഷം ബുക്കിങ് ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. പോസിറ്റീവ് റെസ്പോണ്‍സാണ് ലഭിക്കുന്നതെങ്കില്‍ ബോക്സ് ഓഫീസില്‍ ദൃശ്യം 3 ഗംഭീര കുതിപ്പ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Interview of Drishyam 3 Actores Meena Asha sharath and shivadha goes viral