| Monday, 16th November 2026, 7:18 pm

വന്ന വഴി മറന്നവനെന്ന ചീത്തപ്പേര് ഓള്‍റെഡി ഉണ്ട്; ബാച്ച്‌ലര്‍ പാര്‍ട്ടി അഭിമുഖത്തിനിടയില്‍ തഗ്ഗടിച്ച് നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്‌ലെന്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്‌ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളാകാനും നസ്‌ലെന് സാധിച്ചിരുന്നു.

നസ്‌ലെന്‍. Photo: Facebook.com

പ്രേമലു 2വിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരുന്നുവെങ്കിലും ചിത്രം നടക്കാതെ പോകുകയായിരുന്നു. നസ്‌ലെന് കഥ ഇഷ്ടപ്പെടാത്തതിനാലാണ് ചിത്രം നടക്കാതെ പോയതെന്നും താരം പ്രതിഫലം കൂട്ടിച്ചോദിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെത്ലഹേം കുടുംബ യൂണിറ്റുമായി ബന്ധപ്പെട്ട പരിപാടികളിലും അഭിമുഖങ്ങളിലും താരത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ വാക്കുകളും ചര്‍ച്ചയായിരുന്നു. ഇതോടെ നസ്‌ലെനെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

വമ്പന്‍ ചിത്രങ്ങള്‍ ലൈനപ്പിലുള്ള താരം പ്രധാന്യമില്ലാത്ത സ്‌ക്രിപ്റ്റില്‍ തന്റെ താരമൂല്യം പണയപ്പെടുത്തി അഭിനയിക്കേണ്ടതില്ലെന്നായിരുന്നു അനുകൂലിക്കുന്നവരുടെ പക്ഷം. ദീപാവലിയ്ക്ക് പുറത്തിറങ്ങിയ സൂര്യ ചിത്രം സീനില്‍ നായകനൊപ്പം നില്‍ക്കുന്ന വില്ലനായി നസ്‌ലെന്‍ വേഷമിട്ടതോടെ സിനിമാലോകം ഈ വാദത്തിന് അടിവരയിട്ടു.

താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ ഭാഗമായി മാത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തിലെ അവതാരക തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് വേണ്ടി താന്‍ അഭിമുഖം ചെയ്തത് ഓര്‍മയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു നസ്‌ലെന്‍ മറുപടി പറഞ്ഞത്.

Photo: Screen Grab/ Mathrubhumi/ Youtube.com

ഇത് കേട്ട് അടുത്ത് ഇരുന്ന കുഞ്ചാക്കോ ബോബന്‍, വന്ന വഴി മറന്നു എന്ന് നസ്‌ലെനോട് തമാശയായി പറഞ്ഞപ്പോള്‍ ആ ചീത്തപ്പേര് ഓള്‍റെഡി ഉണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ട് നസ്‌ലെന്‍ പറഞ്ഞത്. ഇതിനെ കുറിച്ച് കൂടുതലൊന്നും തന്നെ നസ്‌ലെന്‍ പറഞ്ഞില്ലെങ്കിലും ഗിരീഷ് എ.ഡിയുമായി ബന്ധപ്പെടുത്തി കൊണ്ട് ദൃശ്യങ്ങള്‍ സിനിമാ പേജുകളില്‍ വൈറലാകുകയാണ്.

Content Highlight: Interview clip of Naslen goes viral where he talks about something related to Girish AD issue

We use cookies to give you the best possible experience. Learn more