| Tuesday, 24th March 2026, 9:15 pm

ഇറ്റ്‌സ് കോള്‍ഡ് കോയി മില്‍ഗയ; നമുക്കൊരു യൂണിവേഴ്‌സ് തുടങ്ങാമെന്ന് റയാന്‍ ഗോസ്ലിങ്

അശ്വിന്‍ രാജേന്ദ്രന്‍

ബോളിവുഡ് താരങ്ങളില്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടക്കൂടുതലുള്ള നടനാണ് ഹൃത്വിക് റോഷന്‍. താരത്തിന്റെ ചിത്രങ്ങളില്‍ പ്രായഭേദമന്യേ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ക്ലാസിക് സിനിമയാണ് 2003 ല്‍ പുറത്തിറങ്ങിയ കോയി മില്‍ഗയ. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജാതു എന്ന കഥാപാത്രവും ഹൃത്വിക്കിന്റെ രോഹിതും നയന്റീസ് കിഡ്‌സിന്റെ കുട്ടിക്കാലം മനോഹരമാക്കാന്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. അന്യഗ്രഹ ജീവിയായ ജാദു രോഹിതിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടര്‍ന്ന് കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പശ്ചാത്തലമാക്കിയിരിക്കുന്നത്.

ജാദു. Photo: DNA India

ഇപ്പോള്‍ ഹോളിവുഡിലെ മിന്നും താരമായ റയാന്‍ ഗോസ്‌ളിങ്ങുമായി ഹൃത്വിക് റോഷന്‍ നടത്തിയ അഭിമുഖത്തില്‍ ജാതുവിനെക്കുറിച്ച് ഇരുവരും നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റയാന്റെ പുതിയ ചിത്രമായ പ്രൊജക്ട് ഹെയില്‍ മേരിയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഇരുവരും ഏലിയന്‍ കഥാപാത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച നടത്തിയത്.

നമ്മള്‍ രണ്ടുപേരും മാത്രമാണ് ഒരു ഏലിയനുമായി അടുത്ത സുഹൃദ് ബന്ധമുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് തോന്നുന്നതെന്നും തനിക്ക് ജാദുവുള്ള പോലെ നിങ്ങള്‍ക്ക് റോക്കിയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് താരം ചര്‍ച്ചയാരംഭിക്കുന്നത്. തന്റെ ചിത്രമായ കോയി മില്‍ ഗയ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു.

താന്‍ ചിത്രം കണ്ടിട്ടില്ലെന്നും പക്ഷേ കാണാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞ റയാന്‍ ഹൃത്വിക്കിനോട് ജാദുവിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങളും ചോദിച്ചറിയുന്നത് കേള്‍ക്കാം. ജാദു ഒരേ സമയം സി.ജി.ഐയും പപ്പറ്റുമായിരുന്നുവെന്നും ഒരുപാട് അത്ഭുതങ്ങളും മാന്ത്രികതയുമുള്ള ഒരു കുട്ടിയെ പോലെയാണ് അതെന്നും ഹൃത്വിക് പറയുന്നു. നമുക്ക് കെട്ടിപിടിച്ച് എപ്പോഴും സംരക്ഷിക്കാന്‍ തോന്നുന്ന കഥാപാത്രമാണ് ജാദുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ രണ്ടുപേരെയും ഉള്‍പ്പെടുത്തി ഒരു സീക്വലോ പുതിയ യൂണിവേഴ്‌സോ തുടങ്ങാമെന്ന നിര്‍ദേശമാണ് റയാന്‍ മുന്നോട്ട് വെച്ചത്.

കോയി മില്‍ഗയ. Photo: Ultra Bollywood

ആന്‍ഡി വെയറിന്റെ 2021 ല്‍ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി ഫില്‍ ലോര്‍ഡും ക്രിസ്റ്റഫര്‍ മില്ലറും സംവിധാനം ചെയ്ത സയന്‍സ്-ഫിക്ഷന്‍ ചിത്രമാണ് പ്രൊജക്ട് ഹെയില്‍ മേരി. ചിത്രത്തില്‍ റയാന്‍ ഗോസ്ലിങ്ങിന് പുറമെ സാന്ദ്ര ഹുള്ളറും ലയണല്‍ ബോയ്‌സും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Interview between Rithik Roshan and Ryan Gosling goes viral as they discuss about Koi Mil Gaya Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more