| Friday, 7th February 2025, 3:24 pm

ഐമാക്‌സിലൊന്നും ടിക്കറ്റ് കിട്ടാനില്ല, കാണാന്‍ ആഗ്രഹിക്കുന്നവര്‍ വേഗം കണ്ടോ, വെറും ഏഴ് ദിവസം മാത്രമേ ഉണ്ടാകുള്ളൂ, ഇന്റര്‍സ്‌റ്റെല്ലാര്‍ റീ റിലീസ് ഇന്ന് മുതല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സംവിധായകരിലൊരാളാണ് ക്രിസ്റ്റഫര്‍ നോളന്‍. തന്റെ ഓരോ സിനിമയും പ്രേക്ഷകരെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തിലാണ് നോളന്‍ അണിയിച്ചൊരുക്കാറുള്ളത്. നോളന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രമാണ് ഇന്റര്‍സ്‌റ്റെല്ലാര്‍. ഒരു അച്ഛന്‍ മകള്‍ക്ക് കൊടുത്ത വാക്ക് പാലിക്കുന്നു എന്ന സിമ്പിള്‍ വണ്‍ലൈനില്‍ നിന്ന് അതിമനോഹരമായ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് നോളന്‍ എടുത്തുവെച്ചത്.

ചിത്രത്തിന്റെ 10ാം വര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷം ലോകമെമ്പാടും ഇന്റര്‍സ്റ്റെല്ലാര്‍ റീ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ചിത്രത്തിന് സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്റര്‍സ്‌റ്റെല്ലാര്‍ ഇന്ത്യയിലും റീ റിലീസ് ചെയ്തിരിക്കുകയാണ്. ഐമാക്‌സ് വേര്‍ഷനിലും ചിത്രം എത്തുന്നുണ്ട്. ഇന്ത്യയിലെ സിനിമാപ്രേമികള്‍ ഇന്റര്‍സ്റ്റെല്ലാര്‍ ഐമാക്‌സില്‍ കാണാന്‍ അക്ഷമരായി കാത്തിരിക്കുകയാണ്.

എന്നാല്‍ വെറും ഏഴ് ദിവസം മാത്രമേ ഇന്റര്‍സ്റ്റെല്ലാര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുള്ളൂവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ ഐമാക്‌സ് സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഏഴ് ദിവസവും വന്‍ ബുക്കിങ്ങാണ് ഐമാക്‌സ് സ്‌ക്രീനുകളില്‍ ഉള്ളത്. മാര്‍വല്‍ ചിത്രമായ ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡിന്റെ റിലീസ് കാരണമാണ് ഇന്റര്‍സ്റ്റെല്ലാറിന്റെ പ്രദര്‍ശനം ഒരാഴ്ച മാത്രമാക്കി ചുരുക്കിയത്.

കേരളത്തിലെ രണ്ട് ഐമാക്‌സ് സ്‌ക്രീനുകളിലും ഇന്റര്‍സ്റ്റെല്ലാറിന് ഗംഭീര ബുക്കിങ്ങാണ്. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് ഐമാക്‌സ് സ്‌ക്രീനുകളുള്ളത്. രണ്ടിടത്തും ഇതിനോടകം പല ഷോകളും ഫുള്ളായികഴിഞ്ഞു. ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ റീ റിലീസിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വരവേല്പാണ് ഇന്റര്‍സ്റ്റെല്ലാറിന് കിട്ടാന്‍ പോകുന്നത്.

ഹോളിവുഡ് ക്ലാസിക്കായ ടൈറ്റാനിക്കാണ് ഇന്ത്യയില്‍ നിന്ന് റീ റിലീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രം. 16 കോടിയോളമാണ് ടൈറ്റാനിക് ഇന്ത്യയില്‍ നിന്ന് റീ റിലീസിലൂടെ നേടിയത്. ഇന്റര്‍സ്‌റ്റെല്ലാര്‍ ഈ റെക്കോഡ് തകര്‍ക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. 165 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ഇന്റര്‍സ്റ്റെല്ലാര്‍ ലോകത്താകമാനമായി 760 മില്യണ്‍ കളക്ട് ചെയ്തിരുന്നു.

മാത്യു മക് കോണഹേ, അന്ന ഹാത്‌വേ, മാറ്റ് ഡാമന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഹാന്‍സ് സിമ്മറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള അക്കാദമി അവാര്‍ഡ് ഇന്റര്‍സ്റ്റെല്ലാര്‍ സ്വന്തമാക്കിയിരുന്നു.

Content Highlight: Interstellar Re Release in India from today

We use cookies to give you the best possible experience. Learn more