| Monday, 14th July 2025, 11:04 am

ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്രക്ക് മുന്നോടിയായി ഹരിയാനയില്‍ ഇന്റര്‍നെറ്റിനും മാംസാഹാരത്തിനും വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്രക്ക് മുന്നോടിയായി ഹരിയാനയിലെ നുഹ് ജില്ലയില്‍ ഇന്റര്‍നെറ്റിനും മാംസാഹാരത്തിനും വിലക്ക്. യാത്ര കണക്കിലെടുത്ത് ഇന്ന് (ജൂലൈ 14 തിങ്കളാഴ്ച) ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം ജില്ലയിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളും ബള്‍ക്ക് എസ്.എം.എസ് സേവനങ്ങളും തിങ്കളാഴ്ച രാത്രി ഒമ്പത് മണി വരെ നിര്‍ത്തിവെക്കും. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ബാങ്കിങ് സേവനങ്ങള്‍, മൊബൈല്‍ റീചാര്‍ജ്, വോയ്സ് കോളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എസ്.എം.എസ് സേവനം തുടരും.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് നുഹ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും തിങ്കളാഴ്ച അടച്ചിടുമെന്നും ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വിശ്രാം കുമാര്‍ മീണ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര പോകുന്ന വഴിക്ക് മത്സ്യ മാംസാഹാരങ്ങളുടെ വില്‍പ്പനക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടകളില്‍ മത്സ്യമോ മാംസമോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇന്ന് രാവിലെ ആറ് മണി മുതല്‍ അര്‍ദ്ധരാത്രി വരെ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. നല്‍ഹാദ് മഹാദേവ ക്ഷേത്രം മുതല്‍ ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ഷിര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രം വരെയും സിംഗാര്‍ ഗ്രാമത്തിലെ സിംഗാര്‍ ക്ഷേത്രം വരെയുള്ള വഴിയിലും ഇത് ബാധകമായിരിക്കുമെന്ന് നുഹ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി ഈ വഴിയുള്ള ഡ്രോണുകള്‍, മൈക്രോലൈറ്റുകള്‍, വിമാനങ്ങള്‍, ഗ്ലൈഡറുകള്‍, പവര്‍ ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, പട്ടം പറത്തല്‍, ചൈനീസ് മൈക്രോലൈറ്റുകള്‍, പടക്കങ്ങള്‍ തുടങ്ങിയവയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് നടന്ന ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളും അക്രമങ്ങളും മൂലമാണ് നഗരത്തിലുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ യാത്രയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് പേരും പള്ളിക്കുള്ളില്‍ വെച്ച് ഒരു ഇമാമും കൊല്ലപ്പെട്ടിരുന്നു. നൂഹിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് 200 പേര്‍ക്കെങ്കിലും പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Internet Suspended In Haryana’s Nuh Ahead Of Braj Mandal Jalabhishek Yatra

We use cookies to give you the best possible experience. Learn more