| Saturday, 7th June 2025, 8:19 am

ഉത്തരകൊറിയയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോംങ്യാങ്: ഉത്തരകൊറിയയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വലിയ തോതില്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായുള്ള ഒരു ഗവേഷകന്‍ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതിനുള്ള കാരണം സൈബര്‍ ആക്രമമല്ലെന്നും ഇന്റേര്‍ണലായ വിഷയങ്ങളായിരിക്കാം ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കാത്തത് മനപൂര്‍വമാണോ അതോ ആകസ്മികമായി വന്ന തകരാറാണോയെന്ന് മനസിലാക്കുന്നത് പ്രയാസമാണെന്നും ഗവേഷകന്‍ പറഞ്ഞു.

ഉത്തരകൊറിയയുടെ ഇന്റര്‍നെറ്റില്‍ നിലവില്‍ ഒരു വലിയ തടസ്സം സംഭവിക്കുന്നുണ്ടെന്നും അത് ചൈന വഴിയോ റഷ്യ വഴിയോ വരുന്ന എല്ലാ റൂട്ടുകളെയും ബാധിക്കുന്നുവെന്നും അനലിസ്റ്റ് ജുനാഡെ അലി പറഞ്ഞു.

ശനിയാഴ്ച (ഇന്ന്) രാവിലെ ഉള്‍പ്പെടെ ഉത്തരകൊറിയയുടെ പ്രധാന വാര്‍ത്ത വെബ്‌സൈറ്റുകളുള്‍പ്പെടെ ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരിശോധനയില്‍ മനസിലായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയയില്‍ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി തീര്‍ത്തും ലഭ്യമാകാത്ത സാഹചര്യമാണെന്നും ഉത്തരകൊറിയയുടെ മുഴുവന്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും വിവരമുണ്ട്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന പൊലീസ് സൈബര്‍ ടെറര്‍ റെസ്‌പോണ്‍സ് സെന്ററിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Internet services disrupted in North Korea

We use cookies to give you the best possible experience. Learn more