| Sunday, 21st June 2026, 3:35 pm

കേരളത്തില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അന്താരാഷ്ട്ര അവയവക്കടത്ത്; രേഖകള്‍ പുറത്തുവിട്ട് ഇ.ഡി

ആദര്‍ശ് എം.കെ.

കൊച്ചി: കേരളത്തില്‍ മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവില്‍ വന്‍തോതില്‍ അവയവക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര ക്രിമിനല്‍ സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട്, അവരുടെ ദാരിദ്ര്യം ചൂഷണം ചെയ്താണ് ഈ സംഘം കോടികളുടെ ലാഭമുണ്ടാക്കിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ആരോഗ്യ മേഖലയിലെ നിയമപരമായ സുരക്ഷാ സംവിധാനങ്ങളെപ്പോലും മറികടന്നായിരുന്നു ഈ സംഘത്തിന്റെ പ്രവര്‍ത്തനം.

കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നജീബ് കെ., അദ്ദേഹത്തിന്റെ പങ്കാളി റഷീദ എ.എ. എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ‘കല്ലത്തറാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് ഈ കറുത്ത വ്യവസായത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

വിവിധ ഏജന്റുമാരെയും ഇടനിലക്കാരെയും ഉപയോഗിച്ച് കടുത്ത കടബാധ്യതയുള്ള ദാതാക്കളെയാണ് സംഘം ആദ്യം കണ്ടെത്തിയിരുന്നത്. അവയവ ദാതാക്കള്‍ക്ക് 5 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ മാത്രമാണ് നല്‍കിയിരുന്നത്.

എന്നാല്‍, അവയവം സ്വീകരിക്കുന്ന രോഗികളില്‍ നിന്നും 20 ലക്ഷം മുതല്‍ 35 ലക്ഷത്തിലധികം രൂപ വരെ സംഘം ഈടാക്കിയിരുന്നു. ഈ വന്‍ തുകയുടെ മറവില്‍ വലിയ രീതിയിലുള്ള കള്ളപ്പണ ഇടപാടുകളാണ് നടന്നത്.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റികളുടെ അംഗീകാരം നേടിയെടുക്കാന്‍ സംഘം വ്യാപകമായി വ്യാജരേഖകള്‍ ചമച്ചു. നിയമവിരുദ്ധമായ ശസ്ത്രക്രിയകള്‍ക്ക് നിയമസാധുതയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പരിവേഷവും നല്‍കാന്‍ ഇവര്‍ പൊലീസിന്റെ പേരില്‍ വ്യാജ ജീവകാരുണ്യ സര്‍ട്ടിഫിക്കറ്റുകളും ജനപ്രതിനിധികളുടെ വ്യാജ ശുപാര്‍ശ കത്തുകളും നിര്‍മിച്ചതായി ഇ.ഡി കണ്ടെത്തി.

ഇതിനുപുറമെ വ്യാജ തിരിച്ചറിയല്‍ രേഖകളും റേഷന്‍ കാര്‍ഡുകളും സംഘം ഉണ്ടാക്കിയിരുന്നു. എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഡി.ടി.പി സെന്റര്‍, സൈന്‍ എച്ച്.ഡി ഡിജിറ്റല്‍ സ്റ്റുഡിയോ എന്നിവടങ്ങളില്‍ വെച്ചാണ് ഈ വ്യാജരേഖകളെല്ലാം തയ്യാറാക്കിയിരുന്നത്.

ഈ വ്യാജരേഖകള്‍ ഉപയോഗിച്ച് എറണാകുളത്തെ പ്രമുഖ കോര്‍പ്പറേറ്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘം നിയമവിരുദ്ധമായ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്.

കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളില്‍ ഇ.ഡി ഒരേസമയം മിന്നല്‍ റെയ്ഡ് നടത്തി.

റെയ്ഡില്‍ അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും വ്യാജരേഖകളും ഇ.ഡി പിടിച്ചെടുത്തു. കൂടാതെ, ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും പ്രതികളുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

‘നിയമവിരുദ്ധ അവയവക്കടത്തിന് ഇടനിലക്കാരായ ഏജന്റുമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രതികളുടെയും അവര്‍ക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം എങ്ങോട്ടൊക്കെയാണ് ഒഴുകിയതെന്നും ആരുടെയൊക്കെ കൈകളിലാണ് എത്തിയതെന്നും കണ്ടെത്താന്‍ ഈ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും’ ഇ.ഡി വ്യക്തമാക്കി.

ഈ വന്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ മുഖ്യസൂത്രധാരനായ മുഹമ്മദ് നജീബിനെ കഴിഞ്ഞ മാസം ഉത്തര്‍പ്രദേശില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് വരെ നീളുന്ന ഈ ക്രിമിനല്‍ ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്.

Content highlight: International organ trafficking under the guise of medical tourism in Kerala; ED releases documents

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more