ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഇന്ത്യ മാസ്‌റ്റേഴ്‌സ് ഫൈനലില്‍. കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന മത്സരത്തില്‍ 94 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ മാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
യുവരാജ് സിങ്ങിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് 18.1 ഓവറില്‍ 126 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സിന് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി അംബാട്ടി റായിഡുവിനെ ഇന്ത്യയ്ക്ക് നഷ്ടമായി. എട്ട് പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്.
വണ്‍ ഡൗണായെത്തിയ പവന്‍ നേഗിയെ ഒപ്പം കൂട്ടി സച്ചിന്‍ സ്‌കോര്‍ ബോര്‍ഡിന് അടിത്തറയിട്ടു. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ 14 റണ്‍സ് നേടിയ നേഗി പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് കയറിയിരുന്നു. നാലാം നമ്പറില്‍ യുവരാജ് സിങ്ങെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
മൂന്നാം വിക്കറ്റില്‍ സച്ചിനൊപ്പം ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടാണ് യുവി പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 109ല്‍ നില്‍ക്കവെ സച്ചിനെ മടക്കി ഹില്‍ഫന്‍ഹൗസാണ് കൂട്ടുകെട്ട് പൊളിച്ചത്. 30 പന്ത് നേരിട്ട് ഏഴ് ഫോറിന്റെ അകമ്പടിയോടെ 42 റണ്‍സാണ് സച്ചിന്‍ നേടിയത്.
സച്ചിന് പിന്നാലെയെത്തിയ സ്റ്റുവര്‍ട്ട് ബിന്നിയെ ഒപ്പം കൂട്ടിയും യുവി ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകള്‍ പറന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡും വേഗത്തില്‍ ചലിച്ചു.
സേവ്യര്‍ ഡോഹെര്‍ട്ടിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷിന് ക്യാച്ച് നല്‍കി പുറത്താകും മുമ്പ് തന്നെ യുവി കങ്കാരുക്കള്‍ക്ക് മേല്‍ സര്‍വനാശം വിതച്ചിരുന്നു. 30 പന്ത് നേരിട്ട് 59 റണ്‍സുമായാണ് യുവരാജ് പുറത്തായത്. ഒരു ഫോറും എണ്ണം പറഞ്ഞ ഏഴ് സിക്‌സറുകളുമായി 196.67 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം മടങ്ങിയത്.
സ്റ്റുവര്‍ട്ട് ബിന്നി (21 പന്തില്‍ 36), യൂസുഫ് പത്താന്‍ (പത്ത് പന്തില്‍ 23), ഇര്‍ഫാന്‍ പത്താന്‍ (ഏഴ് പന്തില്‍ 19) എന്നിവരുടെ പ്രകടനവും ഇന്ത്യയെ 200 കടത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 220ലെത്തി.
ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനായി സേവ്യര്‍ ഡോഹെര്‍ട്ടിയും ഡാന്‍ ക്രിസ്റ്റിയനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹില്‍ഫന്‍ഹൗസ്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, സ്റ്റീവ് ഒക്കീഫി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിന് തുടക്കത്തിലേ പിഴച്ചു. നാല് പന്തില്‍ അഞ്ച് റണ്‍സുമായി ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ പുറത്തായി. വിനയ് കുമാറിന്റെ പന്തില്‍ പവന്‍ നേഗിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഡങ്കിനെ കൂട്ടുപിടിച്ച് ഷോണ്‍ മാര്‍ഷ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ആ ചെറുത്തുനില്‍പ്പൊന്നും ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായിരുന്നില്ല.
ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ മാര്‍ഷും 49ല്‍ നില്‍ക്കവെ ബെന്‍ ഡങ്കും മടങ്ങിയതോടെ ഓസീസ് പരുങ്ങലിലായി. 21 റണ്‍സടിച്ചാണ് ഇരുവരും മടങ്ങിയത്. പിന്നാലെയെത്തിയ ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ട് റണ്‍സിനും മടങ്ങിയതോടെ ഓസീസ് കൂടുതല്‍ സമ്മര്‍ദത്തിലേക്ക് വഴുതി വീണു.
നഥാന്‍ റീര്‍ഡണും (14 പന്തില്‍ 21), ബെന്‍ കട്ടിങ്ങും (30 പന്തില്‍ 39) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി പിടിച്ചു.
ഒടുവില്‍ 18.1 ഓവറില്‍ ഓസ്‌ട്രേലിയ 126ന് പുറത്തായി.
ഇന്ത്യ മാസ്റ്റേഴ്‌സിനായി ഷഹബാസ് നദീം നാല് വിക്കറ്റ് വീഴ്ത്തി. വിനയ് കുമാറും ഇര്‍ഫാന്‍ പത്താനും രണ്ട് വീതം വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ പവന്‍ നേഗിയും സ്റ്റുവര്‍ട്ട് ബിന്നിയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
ആദ്യ സെമിയില്‍ കങ്കാരുക്കളെ തകര്‍ത്തതോടെ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കും ഇന്ത്യ മാര്‍ച്ച് ചെയ്തു. മാര്‍ച്ച് 16നാണ് കിരീടപ്പോരാട്ടം. മാര്‍ച്ച് 14ന് നടക്കുന്ന ശ്രീലങ്ക മാസ്‌റ്റേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സ് മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ കലാശപ്പോരാട്ടത്തില്‍ നേരിടുക. റായ്പൂര്‍ തന്നെയാണ് വേദി.
Content Highlight: International Masters League: India Masters defeated Australia Masters