ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗിന്റെ രണ്ടാം സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആദ്യ സെമിയില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കുതിച്ച ഇന്ത്യ മാസ്റ്റേഴ്‌സിനെ നേരിടുന്നത് ഏത് ടീമായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ന് (വെള്ളി) റായ്പൂരില്‍ നടക്കുന്ന ശ്രീലങ്ക മാസ്റ്റേഴ്‌സും വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയില്‍ വിജയിക്കുന്ന ടീമാകും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
ഇതിഹാസ താരം കുമാര്‍ സംഗക്കാരയുടെ കീഴിലാണ് ശ്രീലങ്ക മാസ്റ്റേ്‌സ് കളത്തിലിറങ്ങുന്നത്. റൊമേഷ് കലുവിതരാന, ഉപുല്‍ തരംഗ അടക്കുള്ള ലങ്കന്‍ ലെജന്‍ഡ്‌സ് അണിനിരക്കുന്ന ശക്തമായ ടീമാണ് ശ്രീലങ്ക മാസ്റ്റേഴ്‌സിനുള്ളത്.
അതേസമയം, ക്രിക്കറ്റ് ലെജന്‍ഡ് ബ്രയാന്‍ ലാറയുടെ നേതൃത്വത്തില്‍ കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാന്‍ പോന്ന സ്‌ക്വാഡുമായാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സ് സെമി ഫൈനലിന് കച്ചമുറുക്കുന്നത്. ദിനേഷ് രാംദിന്‍, ഡ്വെയ്ന്‍ സ്മിത്, ആഷ്‌ലി നേഴ്‌സ് എന്നിവരടങ്ങുന്ന നിരയാണ് വിന്‍ഡീസ് ടീമിലുള്ളത്.
റായ്പൂരില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മാസ്റ്റേഴ്‌സ് – ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ് മത്സരത്തില്‍ പടുകൂറ്റന്‍ വിജയവുമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഇതേ വേദിയില്‍ നടന്ന മത്സരത്തില്‍ 64 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
യുവരാജ് സിങ്ങിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് 18.1 ഓവറില്‍ 126 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
യുവരാജ് 30 പന്തില്‍ 59 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്‌സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഏഴ് ഫോറിന്റെ അകമ്പടിയോടെ 30 പന്തില്‍ 42 റണ്‍സുമായാണ് സച്ചിന്‍ തിളങ്ങിയത്.
സ്റ്റുവര്‍ട്ട് ബിന്നി (21 പന്തില്‍ 36), യൂസുഫ് പത്താന്‍ (പത്ത് പന്തില്‍ 23), ഇര്‍ഫാന്‍ പത്താന്‍ (ഏഴ് പന്തില്‍ 19) എന്നിവരുടെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 220ലെത്തി.
ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി സേവ്യര്‍ ഡോഹെര്‍ട്ടിയും ഡാന്‍ ക്രിസ്റ്റിയനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹില്‍ഫന്‍ഹൗസ്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, സ്റ്റീവ് ഒക്കീഫി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് തുടക്കത്തിലേ പിഴച്ചു. നാല് പന്തില്‍ അഞ്ച് റണ്‍സുമായി ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സണ്‍ പുറത്തായി. വിനയ് കുമാറിന്റെ പന്തില്‍ പവന്‍ നേഗിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഡങ്കിനെ കൂട്ടുപിടിച്ച് ഷോണ്‍ മാര്‍ഷ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ആ ചെറുത്തുനില്‍പ്പൊന്നും ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായിരുന്നില്ല.
ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ മാര്‍ഷും 49ല്‍ നില്‍ക്കവെ ബെന്‍ ഡങ്കും മടങ്ങിയതോടെ ഓസീസ് പരുങ്ങലിലായി. 21 റണ്‍സടിച്ചാണ് ഇരുവരും മടങ്ങിയത്. പിന്നാലെയെത്തിയ ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ട് റണ്‍സിനും മടങ്ങിയതോടെ ഓസീസ് കൂടുതല്‍ സമ്മര്‍ദത്തിലേക്ക് വഴുതി വീണു.
നഥാന്‍ റീര്‍ഡണും (14 പന്തില്‍ 21), ബെന്‍ കട്ടിങ്ങും (30 പന്തില്‍ 39) റണ്‍സുമായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി പിടിച്ചു.
ഒടുവില്‍ 18.1 ഓവറില്‍ ഓസ്ട്രേലിയ 126ന് പുറത്തായി.
ഇന്ത്യ മാസ്റ്റേഴ്സിനായി ഷഹബാസ് നദീം നാല് വിക്കറ്റ് വീഴ്ത്തി. വിനയ് കുമാറും ഇര്‍ഫാന്‍ പത്താനും രണ്ട് വീതം വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ പവന്‍ നേഗിയും സ്റ്റുവര്‍ട്ട് ബിന്നിയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: International Masters League: 2nd Semi Final: Sri Lanka Masters vs West Indies Maters