| Saturday, 31st May 2025, 9:11 am

അന്താരാഷ്ട്രതലത്തില്‍ തര്‍ക്കപരിഹാരം; ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡിയേഷന്‍ രൂപീകരിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോങ്: അന്താരാഷ്ട്ര തലത്തില്‍ തര്‍ക്ക പരിഹാരത്തിനായുള്ള സംഘടന സ്ഥാപിക്കുന്നതിനുള്ള കണ്‍വെന്‍ഷനില്‍ ഒപ്പ് വെച്ച് ചൈന. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് തുല്യമാകുന്ന വിധത്തില്‍ അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള ഓര്‍ഗനൈസേഷനാണ് ചൈനയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്തോനേഷ്യ, പാകിസ്ഥാന്‍, ലാവോസ്, കംബോഡിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഹോങ്കോങ്ങില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ 20 അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തതായാണ് വിവരം.

ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡിയേഷന്‍ എന്ന കൂട്ടായ്മയുടെ ആദ്യ കണ്‍വെന്‍ഷനാണ് ഹോങ്കോങ്ങില്‍ നടന്നത്. 50ഓളം രാജ്യങ്ങളുടെ പ്രതിനിധികളും യു.എന്‍ അടക്കമുള്ള 20ഓളം ആഗോള സംഘടനകളുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. കൂട്ടായ്മയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനം തുടങ്ങുമെന്ന് ഹോങ്കോങ് നേതാവ് ജോണ്‍ ലീ പറഞ്ഞു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, രാജ്യവും മറ്റൊരു രാജ്യത്തെ പൗരന്മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവ ഈ കൂട്ടായ്മ ചര്‍ച്ച ചെയ്യുമെന്നും കൈകാര്യം ചെയ്യുമെന്നും പറയുന്നുണ്ട്. അതേസമയം ചൈനയുടെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായും മധ്യസ്ഥ കേന്ദ്രമെന്ന നിലയില്‍ സ്ഥാനമുറപ്പിക്കുന്നതിനുമുള്ള ചൈനയുടെ പദ്ധതിയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്രതലത്തില്‍ ചൈനയുടെ സ്വാധീനം ശക്തമാകുന്നു എന്ന സൂചന നല്‍കുന്നതാണ് പുതിയ കൂട്ടായ്മയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പരസ്പര ധാരണയുടെയും സമവായത്തിന്റെയും മനോഭാവത്തോടെ ഭിന്നത പരിഹരിക്കണമെന്ന് ചൈന വളരെക്കാലമായി വാദിച്ചുവരുന്നതായി വിദേശകാര്യ മന്ത്രി വാങ്‌ യി പറഞ്ഞു. നിങ്ങള്‍ തോറ്റു, ഞാന്‍ ജയിച്ചു എന്ന മനോഭാവത്തെ മറികടക്കാന്‍ കുട്ടായ്മ സഹായിക്കുമെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ക്ക് സൗഹാര്‍ദപരമായി പരിഹാരം കണ്ടെത്തുന്നതിനും ആഗോള ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദപരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങള്‍ ഇവിടെയെത്തിയെന്നും വാങ്‌ യി പറഞ്ഞു.

Content Highlight: International dispute resolution; China forms International Organization for Mediation

We use cookies to give you the best possible experience. Learn more