| Saturday, 19th September 2026, 11:27 am

ഗസയിലെ ജനങ്ങളുടേത് മരണത്തെ നേരിടുന്ന ദിനങ്ങള്‍; ദുരിതങ്ങള്‍ക്കിടയിലും സാധാരണ ജീവിതത്തിനായി അവര്‍ ആഗ്രഹിക്കുന്നു: റെഡ് ക്രോസ് വക്താവ്

റെന്വര്‍ പി

ഗസസിറ്റി: ഗസയിലെ ഫലസ്തീന്‍ ജനത ഇപ്പോഴും എല്ലാ ദിവസവും മരണത്തെയും നാശനഷ്ടങ്ങളെയും നേരിടുന്നതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആര്‍.സി) വക്താവ് പാറ്റ് ഗ്രിഫിത്ത്‌സ്. സംഘര്‍ഷങ്ങള്‍ക്കിടയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഗസയിലെ ജനത ഇപ്പോഴും ആഗ്രഹിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചു. അത് വഴി കൂടുതല്‍ ഭക്ഷണവും സാധനങ്ങളും ഗാസയില്‍ എത്തിക്കാനും സാധിച്ചു. എന്നാല്‍ മാനുഷിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഒരു കാര്യം വ്യക്തമാക്കാം, ഗസയിലെ ഫലസ്തീനികളെ സംബന്ധിച്ച് മരണവും നാശനഷ്ടങ്ങളും ദിവസവും തുടരുന്നു. ഗസ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാത്ത സമയങ്ങളില്‍ പോലും, അവരുടെ ദുരിതങ്ങള്‍ നിലനില്‍ക്കുന്നു. അതൊരു യാഥാര്‍ത്ഥ്യമാണ്,’ ഗ്രിഫിത്ത്‌സ് പറഞ്ഞു.

ഗസയില്‍ ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര മാനുഷിക ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഗ്രിഫിത്ത് പറഞ്ഞു. ഒരാഴ്ചത്തെ ഗസ സന്ദര്‍ശനത്തിനിടെ അനഡോളു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ഗ്രിഫിത്ത്.

‘ഗസയിലുള്ള ഫലസ്തീനികളുടെ ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം തടസപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. വിദഗ്ധ ചികിത്സയോ ദീര്‍ഘകാല ചികിത്സയോ ലഭിക്കാത്ത അവസ്ഥയിലാണ് ആളുകള്‍.

കുടുംബങ്ങള്‍ക്ക് വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടു. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായ അവസ്ഥയിലാണ്. അവര്‍ തടവിലാണോയെന്നോ എന്നോ മരിച്ചോ എന്നോ പോലും അറിയാത്ത അവസ്ഥയാണ്,’ അദ്ദേഹം പറഞ്ഞു.

സാധാരണ ജീവിതത്തിനായി ആഗ്രഹിക്കുന്നു

നാശനഷ്ടങ്ങളും ദുരിതങ്ങളും നിലനില്‍ക്കുമ്പോഴും, ഗസയിലെ ഫലസ്തീനികള്‍ സാധാരണ ജീവിതത്തിനായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് തുടരുന്നുണ്ട്. സ്‌കൂളില്‍ പോകാനും സുഹൃത്തുക്കളെ കാണാനും ജോലി ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വീട്ടിലേക്ക് മടങ്ങാനും അവര്‍ അഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലേക്കുള്ള ഫലസ്തീനികളുടെ ‘സ്വപ്നങ്ങളും പ്രതീക്ഷകളും’ പലപ്പോഴും അന്താരാഷ്ട്ര വാര്‍ത്തകളില്‍ ഇടംപിടിക്കാറില്ല. വര്‍ഷങ്ങളോളം നീണ്ട ദുരിതങ്ങള്‍ക്കിടയിലും അവര്‍ കുടുംബത്തെയും സമൂഹത്തെയും അപരിചിതരെപ്പോലും സഹായിക്കുന്നു. ആ ആളുകള്‍ക്കിടയില്‍ കണ്ട ദയയും ഐക്യദാര്‍ഢ്യവും ശ്രദ്ധേയമാണെന്നും റെഡ്‌ക്രോസ് പ്രതിനിധി പറഞ്ഞു.

മാന്യവും സാധാരണവുമായ ഒരു ജീവിതത്തിനായുള്ള ആഗ്രഹം അവര്‍ക്കുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആ ആഗ്രഹം. സംഘര്‍ഷസമയത്ത് സാധാരണക്കാരെ സംരക്ഷിക്കുകയും അവരുടെ ദുരിതങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യമെന്നും റെഡ്‌ക്രോസ് പ്രതിനിധി വ്യക്തമാക്കി.

മാനുഷിക സഹായം എത്തിക്കുന്നതിന് തടസം

മാനുഷിക സഹായം എത്തിക്കുന്നതിനുള്ള തടസങ്ങളാണ് ഗസയിലെ റെഡ്‌ക്രോസ് സംഘങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. സുരക്ഷാ കാരണങ്ങളാലും പ്രവേശനം നിഷേധിക്കപ്പെടുന്നതിനാലും ഈ തടസങ്ങളുണ്ടാവുന്നു. പ്രവേശനം അനുവദിക്കുക എന്നത് സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസയില്‍ ഗുണനിലവാരമുള്ള പോഷകാഹാരം ലഭ്യമാക്കുന്നതിന് വലിയ തോതില്‍ സഹായം ആവശ്യമാണ്. ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ക്ഷാമം ഇപ്പോഴും തുടരുന്നതായും റെഡ് ക്രോസ് വക്താവ് വ്യക്തമാക്കി.

കെട്ടിടാവശിഷ്ടങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും അടക്കം വലിയ യന്ത്രങ്ങള്‍ ഗസയില്‍ എത്തിക്കുന്നതിന് തടസമുണ്ട്. തകര്‍ന്ന കുടിവെള്ള വിതരണ സംവിധാനങ്ങളോ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളോ നന്നാക്കാനും വലിയ യന്ത്രങ്ങള്‍ക്കുള്ള തടസ്സം കാരണം സാധിക്കുന്നില്ല.

അടിയന്തര മാനുഷിക സഹായങ്ങള്‍ ആവശ്യം

ഗസയില്‍ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കും സംഘര്‍ഷ സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് തങ്ങള്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. എന്നാല്‍ പ്രദേശത്ത് അടിയന്തര മാനുഷിക സഹായ ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ആരോഗ്യം, കുടുംബങ്ങളുടെ അവസ്ഥ തുടങ്ങി പല കാര്യങ്ങളിലും ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗസയില്‍ വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാല്‍ അവര്‍ ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനവും എന്‍ജിന്‍ ഓയിലും ആവശ്യത്തിന് ലഭ്യമല്ല. നിലവില്‍ അത്തരം വസ്തുക്കളുടെ ലഭ്യത തീരെ കുറവാണെന്നും റെഡ്‌ക്രോസ് പ്രതിനിധി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്ന് ഇസ്രഈല്‍ അധികൃതരുമായുള്ള ചര്‍ച്ചകളില്‍ റെഡ്ക്രോസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: International Committee of the Red Cross spokesperson Pat Griffiths About Situations in Gaza: ‘Death and destruction for Palestinians in Gaza continues every day’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more