| Saturday, 31st August 2013, 12:55 am

വിമര്‍ശിച്ചത് തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന അപഹാസ്യമായ പരിപാടികളെ: പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: തിരുകേശത്തിന്റെ പേരില്‍ അപഹാസ്യമായ രീതിയില്‍ സംഘടനാ നയങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന പരിപാടികളെയാണ് താന്‍ വിമര്‍ശിച്ചതെന്ന് സമസ്ത സെക്രട്ടറിയും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍. []

എന്നാല്‍ ഇതേക്കുറിച്ച് വാചകങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഒരു സ്വകാര്യ ചാനല്‍ നല്‍കുകയാ യിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാരന്തൂര്‍ മര്‍കസിലെ തിരുകേശം സംബന്ധിച്ച് കാന്തപരും എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുളള സമസ്തയില്‍ ഭിന്നതയുണ്ടായതായും പ്രചാരണം നിര്‍ത്തിവെച്ചതായും ഇന്നലെ വാര്‍ത്തയുണ്ടായിരുന്നു.

തിരുകേശത്തിന്റെ പേരില്‍ അപഹാസ്യമായ പരിപാടികളെ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിരുന്നെന്നും പൊന്മള കൂട്ടിച്ചേര്‍ത്തു.

മര്‍കസിലെ തിരുകേശം സംബന്ധിച്ച് താനടക്കമുള്ള സമസ്തയിലെ ഒരു പണ്ഡിതനും ഒരു വിമര്‍ശനവും ഇതുവരെ നടത്തിയിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് വാര്‍ത്തയുടെ പിന്നിലെന്നും പൊന്മള പത്രക്കുറിപ്പില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more