[]കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തിയതിലും വിവാദമുയര്‍ന്നതിലും കാന്തപുരം വിഭാഗത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതായി വാര്‍ത്ത.
തിരുകേശവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടേയും അനുയായികളുടേയും നിലപാട് ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി വിഭാഗം ജോയിന്റ് സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ് ലീയാര്‍ രംഗത്തെത്തി.[]
ഇത് സ്ഥിരീകരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.
തിരുകേശം പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കാണുകയും ശരിവെക്കുകയും ചെയ്തു എന്ന പ്രചരണത്തെ ഫോണ്‍ സംഭാഷണത്തില്‍ പൊന്മള തന്നെ നിഷേധിക്കുന്നുണ്ട്.
മാത്രവുമല്ല, തിരുകേശവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം നടത്തുന്ന പ്രചരണങ്ങളേയും നിലപാടുകളേയും സംഭാഷണത്തില്‍ പൊന്മള തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്.
പൊന്മളയുടെ നിലപാടിനെതിരെ കാന്തപുരം വിഭാഗത്തില്‍ ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ സംഘടനയ്ക്കകത്ത് ആര്‍ക്കും അപ്രമാദിത്യമില്ലെന്നും കാന്തപുരം ഉള്‍പ്പെടെയുള്ളയാളുകള്‍ സംഘടനയ്ക്ക് വിധേയമാകണമെന്നുമാണ് പൊന്മള പക്ഷത്തിന്റെ ആവശ്യം.
കാന്തപുരവും മുസ്‌ലീം വിഭാഗത്തിലെ മറ്റുള്ളവരും ഉണ്ടാക്കിയ കുവൈറ്റ് കരാര്‍ കാലം മുതല്‍ തന്നെ കാന്തപുരത്തിനെതിരായ നിലപാടാണ് പൊന്മള സ്വീകരിക്കുന്നതെന്നാണ് കാന്തപുരം പക്ഷത്തിന്റെ ആരോപണം.
ഇത് കാന്തപുരത്തിനോടുള്ള അസൂയ മൂലമാണെന്നും കാന്തപുരത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രവാചകന്റെ കേശവുമായി ബന്ധപ്പെട്ട് മുസ്‌ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് കാന്തപുരത്തിനെതിരായി സംഘടിതമായ ആക്രമണം ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ കൂട്ടുപിടിച്ച് അത്തരം ആക്രമണത്തെ ചെറുക്കാനായെങ്കിലും പാളയത്തിലെ പട കാന്തപുരത്തിന് തലവേദനയായിരിക്കുകയാണ്. നേരത്തേ തന്നെ കാന്തപുരത്തിനോട് അനുകൂല നിലപാട് പുലര്‍ത്തിയിരന്നവര്‍ക്കിടയില്‍ പോലും തിരുകേശത്തെ ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.