| Friday, 18th April 2025, 6:59 am

ലവ് ജിഹാദ് ആരോപണം; ഉത്തർപ്രദേശിൽ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വ്യത്യസ്ത മതസ്ഥരായ ദമ്പതികളെ ആക്രമിച്ച് തീവ്ര ഹിന്ദുത്വ വാദികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വ്യത്യസ്ത മതസ്ഥരായ ദമ്പതികളെ ആക്രമിച്ച് തീവ്ര ഹിന്ദുത്വ വാദികൾ. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം നടന്നത്. ലവ് ജിഹാദാണെന്ന് ആരോപിച്ച് ദമ്പതികളെ തീവ്ര ഹിന്ദുത്വവാദികൾ ആക്രമിക്കുകയായിരുന്നു. മുഹമ്മദ് റെഹാൻ പ്രഗതി എന്ന ദമ്പതികളാണ് ആക്രമണത്തിനിരയായത്.

ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ ജില്ലാ കോടതിയിലേക്ക് പോകുമ്പോൾ ഒരു കൂട്ടം തീവ്ര ഹിന്ദുത്വ വാദികൾ അവരെ വളഞ്ഞ് ‘ലവ് ജിഹാദ്’ ആരോപിച്ച് ആക്രമിക്കുകയായിരുന്നു. യുവതി ബുർഖ ധരിച്ചായിരുന്നു എത്തിയത്. ഇത് അക്രമികളെ കൂടുതൽ പ്രകോപിപ്പിച്ചു.

മുഹമ്മദ് റെഹാനെ തീവ്ര ഹിന്ദുത്വ വാദികൾ ബൈക്കിൽ നിന്നും വലിച്ചിഴച്ചു. യുവതി രക്ഷിക്കാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. ബൈക്കിൽ നിന്നും വലിച്ചിറക്കിയ യുവാവിനെ അടുത്ത വളവ് വരെ കൊണ്ടുപോയി മർദിച്ച് ശേഷം അവിടെ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 26 കാരിയായ പ്രഗതിയെ ലഖ്‌നൗവിലെ കകോരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് യുവതി പരാതി നൽകി. രണ്ട് വർഷമായി റെഹാനും പ്രഗതിയും പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ അവനോടൊപ്പം താമസിക്കുന്നതെന്നും പ്രഗതി വ്യക്തമാക്കി.

സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടൽ ഉണ്ടാക്കിയെന്നും റെഹാൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ ഇതുവരെയും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പ്രത്യേക വിവാഹ നിയമപ്രകാരം, വ്യത്യസ്ത മതങ്ങളിൽപ്പെട്ട ദമ്പതികൾക്ക് മതപരിവർത്തനം കൂടാതെ വിവാഹം കഴിക്കാമെന്നും, ഈ പ്രക്രിയയിൽ എന്തെങ്കിലും തടസം സൃഷ്ടിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും സംഭവത്തിൽ പ്രതികരിച്ച നിയമ വിദഗ്ധർ പറഞ്ഞു.

Content Highlight: Interfaith couple on their way to register marriage attacked by Hindutva goons

We use cookies to give you the best possible experience. Learn more