മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന ചര്‍ച്ചാവിഷയമാണ് കഴിഞ്ഞദിവസം റിലീസായ അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചത്താ പച്ചയുടെ ട്രെയ്‌ലര്‍. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രം എന്ന ലേബലോടെയെത്തുന്ന ചത്താ പച്ചയിലെ ആക്ഷന്‍ രംഗങ്ങള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യെ അനുസ്മരിപ്പിക്കും വിധമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.
അബ്രഹാം ഓസ്ലര്‍, രേഖാചിത്രം
ജനുവരി 22 നാണ് ചത്താ പച്ച തിയേറ്ററുകളിലെത്തുന്നത്, ഇതോടെ മറ്റൊരു സവിശേഷതയും മലയാളത്തിന്റെ ഇച്ചാക്കക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. 2024 ല്‍ പുറത്തിറങ്ങിയ മിഥുന്‍മാനുവല്‍ തോമസ് ചിത്രം ഓസ്ലറും 2025 ല്‍ പുറത്തിറങ്ങിയ രേഖാചിത്രത്തിലും മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിരുന്നു. ഇരു ചിത്രങ്ങളും അതത് വര്‍ഷം ജനുവരി റിലീസായി വന്‍ വിജയം നേടിയിരുന്നു. ഈ ലിസ്റ്റിലേക്കാണ് 2026 ജനുവരിയില്‍ ചത്താ പച്ചയുടെയും വരവ്.
ചിത്രത്തിന്റെ സെറ്റിങ്ങിനെക്കാള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന വാള്‍ട്ടര്‍ എന്ന കഥാപാത്രമാണ്. ‘വാള്‍ട്ടറിന്റെ പിള്ളേരെ തൊടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ലെടാ’ എന്ന ഒരു കൊച്ചുകുട്ടിയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ മുഖം വെളിപ്പെടുത്താതെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം മമ്മൂട്ടിയുടെ കാമിയോ ആണെന്നാണ് പലരുടെയും അഭിപ്രായം.
താരമൂല്ല്യമോ സംവിധായകരെയോ നോക്കാതെ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. സമീപകാലത്ത് മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നായകനടനായ സന്ദീപ് പ്രദീപടക്കം അരങ്ങേറ്റം കുറിച്ച പതിനെട്ടാം പടി സിനിമയില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിരുന്നു. ഭൂരിഭാഗവും പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രത്തിന് മമ്മൂട്ടിയുടെ വരവോടെ ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് ലഭിച്ചത്.
പതിനെട്ടാം പടി . Photo: cinema express
വലിയ ഇടവേളക്ക് ശേഷം ജയറാമിന്റെ കരിയറിലെ ഹിറ്റായി മാറിയ അബ്രഹാം ഓസ്ലറില്‍ നിര്‍ണായകമായ ഡോക്ടര്‍ അലക്‌സാണ്ടര്‍ ജോസഫ് എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ സസ്‌പെന്‍സ് എന്‍ട്രിയോടെ ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിച്ചത് വലിയ എക്‌സ്‌പോഷര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രം ലോകഃയിലും രേഖാചിത്രത്തിലും മമ്മൂട്ടി ഫാക്ടര്‍ വലിയ പങ്ക് വഹിച്ചു.
ഇതിന് പിന്നാലെയാണ് നവാഗത സംവിധായകനായ അദ്വൈത് നായരുടെ ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നത്. യുവതാരങ്ങളുടെയും പുതുമുഖസംവിധായകരുടെയും ചിത്രത്തിന്റെ ഭാഗമാവുന്നതിവനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ചെറുതോ, വലുതോ, ഞാനുള്ളത് കൊണ്ട് നിങ്ങളുടെ സിനിമ നന്നാവുമെങ്കില്‍ നന്നാവട്ടെ’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
പ്രതിഫലമോ ലാഭേച്ഛയോ നോക്കാതെ മലയാള സിനിമയിലെ വളര്‍ന്നുവരുന്ന യുവകലാകാരന്മാരെ തന്നാലാവും വിധം സഹായിക്കാനുള്ള താരത്തിന്റെ മനോഭാവം മലയാളത്തിനകത്തും പുറത്തുമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് എന്നും മാതൃകയാണ്. അര്‍ജുന്‍ അശോകന്‍, വൈശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, റോഷന്‍ മാാത്യൂ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയും എത്തുന്നതോടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഓപ്പണിങ്ങില്‍ ഒന്നാവും ചത്താ പച്ചക്ക് ലഭിക്കുക എന്നതില്‍ സംശയമില്ല.
Content Highlight: Interesting fact that mammootty being part of january release movie in cameo role including chatha pacha