| Sunday, 6th July 2025, 6:13 pm

കളിക്കളത്തില്‍ മെസിയുടെ ബോഡി ഗാര്‍ഡ്; അര്‍ജന്റൈന്‍ പടക്കുതിരയെ സ്വന്തമാക്കാന്‍ മയാമി, വില നിശ്ചയിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി ഇന്റര്‍ മയാമി. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മധ്യനിരയില്‍ കളി മെനയുന്ന താരത്ത ഹെറോണ്‍സിന്റെ കൂടാരത്തിലെത്തിക്കാന്‍ ടീം ചര്‍ച്ചകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

ജേണലിസ്റ്റുകളായ മാര്‍കോ ബെനിറ്റോയും മാര്‍കസ് ഡുറാനെയും ഉദ്ധരിച്ച് ആല്‍ബിസെലസ്റ്റ്‌സ് ടോക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി പോളിനെ വിട്ടുനല്‍കാന്‍ 15 മില്യണ്‍ പൗണ്ടാണ് അത്‌ലറ്റിക്കോ മുമ്പോട്ട് വെച്ചിരിക്കുന്നത്. സ്പാനിഷ് ടീമിനൊപ്പമുള്ള താരത്തിന്റെ കരാര്‍ 2026ല്‍ അവസാനിക്കും.

പരിശീലകന്‍ ഡിയേഗോ സിമയോണി താരത്തെ നിലനിര്‍ത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പുതിയ കരാറില്‍ ഒപ്പുവെക്കാനോ അത്‌ലറ്റിക്കോയുമായി കരാര്‍ നീട്ടാനോ ഡി പോള്‍ തയ്യാറായേക്കില്ല.

അതേസമയം റോഡ്രിഗോ ഡി പോളിനെ ടീമിലെത്തിക്കാന്‍ സാധിച്ചാല്‍ ഇന്റര്‍ മയാമിയെ കൂടുതല്‍ മികച്ച ടീമാക്കി മാറ്റാന്‍ ഹാവിയര്‍ മഷറാനോക്ക് സാധിക്കും. ക്ലബ്ബ് വേള്‍ഡ് കപ്പിലെ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഫുട്‌ബോള്‍ ലോകത്തിന് മുമ്പില്‍ ഇന്റര്‍ മയാമിക്ക് കൂടുതല്‍ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

അതേസമയം, മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി കഴിഞ്ഞ ദിവസം വിജയം സ്വന്തമാക്കിയിരുന്നു. മോണ്‍ട്രിയലിനെയാണ് മയാമി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു മെസിപ്പടയുടെ വിജയം.

മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു മയാമിയുടെ തിരിച്ചുരവ്. മയാമിക്കായി മെസി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ തദേയോ അലന്‍ഡേ, ടെലാസ്‌കോ സെഗോവിയ എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി.

നിലവില്‍ 17 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമായി 32 പോയിന്റോടെ ആറാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 21 മത്സരത്തില്‍ നിന്നും 42 പോയിന്റുമായി സിന്‍സിനാറ്റിയാണ് ഒന്നാമത്.

ജൂലൈ പത്തിനാണ് ഇന്റര്‍ മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗില്ലറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Content Highlight: Inter Miami trying to sign Rodrigo de Paul

We use cookies to give you the best possible experience. Learn more