മേജര്‍ ലീഗ് സോക്കറിലെ (എം.എല്‍.എസ്) ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കിരീടമുയര്‍ത്തി മെസിയും സംഘവും. ഇന്ന് പുലര്‍ച്ചെ ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയെ തോല്‍പ്പിച്ചാണ് ടീമിന്റെ കിരീടനേട്ടം. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഹോറോണ്‍സിന്റെ വിജയം.
ഇന്റര്‍ മയാമിക്കൊപ്പം ഒരു ഫൈനലില്‍ കൂടി വിജയിച്ചതോടെ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് തന്റെ കരിയറില്‍ മറ്റൊരു കിരീടം കൂടി സ്വന്തമാക്കി. ഈ വിജയത്തോടെ 47ാം കിരീടമാണ് താരം നേടിയെടുത്തത്. ഇതോടെ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കപ്പ് നേടിയ താരമെന്ന സ്വന്തം റെക്കോഡും മെസി മാറ്റിയെഴുതി.
മത്സരത്തിൽ ആദ്യ വിസില്‍ മുഴങ്ങി ഏറെ വൈകാതെ ടാഡിയോ അല്ലെന്‍ഡെ മയാമിയെ മുന്നിലെത്തിച്ചു. 14ാം മിനിട്ടിലായിരുന്നു ടീമിനായി താരത്തിന്റെ ഗോള്‍ നേട്ടം. ഒമ്പത് മിനിട്ടുകള്‍ക്ക് അപ്പുറം ന്യൂയോര്‍ക്ക് സിറ്റിയെ ഞെട്ടിച്ച് അല്ലെന്‍ഡെ വീണ്ടും വലകുലുക്കി.
ജോഡി ആല്‍ബ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. 23ാം മിനിട്ടിലായിരുന്നു അല്ലെന്‍ഡെയുടെ രണ്ടാം ഗോള്‍.
ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സിറ്റി തിരിച്ചടിച്ചു. ജസ്റ്റിന്‍ ഹാക്കാണ് സിറ്റിയുടെ ഗോള്‍ കണ്ടെത്തിയത്. 37ാം മിനിട്ടിൽ താരം ഹെഡറിലൂടെയാണ് വല കുലുക്കിയത്.
രണ്ടാം പകുതിയില്‍ ഇരുടീമുകളും തങ്ങളുടെ ഗോളുകളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. അതിനായി ഇരു ടീമിലെയും താരങ്ങളും കിണഞ്ഞു പരിശ്രമിച്ചു. ഒടുവില്‍ മയാമി ഫലം കണ്ടു.
67ാം മിനിട്ടില്‍ മറ്റെയോ സില്‍വെറ്റി ഹോറോണ്‍സിന്റെ മൂന്നാം ഗോള്‍ നേടി. ഈ ഗോളിനായി താരത്തിന് പന്ത് നല്‍കിയത് ലയണല്‍ മെസിയാണ്.
പിന്നാലെ 83ാം മിനിട്ടില്‍ മയാമി വീണ്ടും ദി ബ്ലൂസിന്റെ വല തുളച്ചു. ഇത്തവണ ടീമിനായി ഗോള്‍ കണ്ടെത്തിയത് ടെലാസ്‌കോ സെഗോവിയയാണ്. ആല്‍ബയുടെ വകയായിരുന്നു ഈ ഗോളിന്റെ അസിസ്റ്റ് .
അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം അല്ലെന്‍ഡെ മയാമിയുടെ അഞ്ചാം ഗോള്‍ സ്‌കോര്‍ ചെയ്തു. 89ാം മിനിട്ടിലെ ഗോളിലൂടെ താരം തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. യാനിക്ക് ബ്രൈറ്റാണ് അല്ലെന്‍ഡെക്ക് പന്ത് നല്‍കിയത്.
അവസാന മിനിട്ടില്‍ ന്യൂയോര്‍ക്ക് സിറ്റി ഒരു ഗോള്‍ നേടി. എന്നാലത് വാര്‍ റിവ്യൂവിലൂടെ അസാധുവായി. ഏറെ വൈകാതെ മയാമിയെ വിജയികളായി പ്രഖ്യാപിച്ച് വിസില്‍ മുഴങ്ങി. അതോടെ മയാമി ആദ്യ ഈസ്റ്റേണ്‍ കോണ്‍ഫെറന്‍സ് കപ്പ് സ്വന്തമാക്കി.
Content Highlight: Inter Miami defeated New York City in Eastern Conference of MLS and Lionel Messi acquired his 47th Cup