| Sunday, 14th September 2025, 12:08 pm

മെസി, ബുസ്‌ക്വെറ്റ്, ഡിപോള്‍...പിന്നെ പെനാല്‍റ്റിയും; എന്നിട്ടും തോറ്റ് മയാമി

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ (എം.എല്‍.എസ്) സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് ദയനീയ തോല്‍വി. ബാങ്ക് ഓഫ് അമേരിക്കന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷാര്‍ലറ്റ് എഫ്.സിയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍വി. മെസിയും ബുസ്‌ക്വെറ്റും ഡിപോളുമടങ്ങുന്ന വമ്പന്‍ താരനിരയിറങ്ങിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം തന്നെ ലീഡ് നേടാനും ഇന്ത്യയ്ക്ക് അവസരം ലഭിച്ചെങ്കിലും മെസിക്കും സംഘത്തിനും മുതലാക്കാനായില്ല. 32ാം മിനിട്ടില്‍ ഗോള്‍ നേടാന്‍ സുവര്‍ണാവസരം എന്ന പോലെ ഇന്റര്‍ മയാമിക്ക് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ മെസി എടുത്ത കിക്ക് പാഴായി. അതിന്റെ ഷോക്കില്‍ നിന്ന് കരകയറും മുമ്പേ ഷാര്‍ലറ്റ് ദി ഹെറോണ്‍സിനെ ഞെട്ടിച്ചു.

മയാമി ആരാധകരുടെ ആവേശം കെടുത്തി ഷാര്‍ലറ്റ് ആദ്യ ഗോള്‍ നേടി. 34ാം ഈഡന്‍ ടോക്ലോമാറ്റിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ആദ്യ പകുതി ഷാര്‍ലറ്റിന്റെ ലീഡോടെ അവസാനിച്ചു. രണ്ടാം പകുതിയും ഷാര്‍ലറ്റിന്റെ മുന്നേറ്റത്തോടെ തന്നെയാണ് തുടക്കമായത്.

രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ച് വരവ് നടത്താമെന്ന കണക്ക് കൂട്ടലോടെ എത്തിയ ഇന്റര്‍ മയാമി സംഘത്തെ ഷാര്‍ലറ്റ് വീണ്ടും ഞെട്ടിക്കുകയായിരുന്നു. 47ാം മിനിട്ടില്‍ തന്നെ രണ്ടാം ഗോള്‍ നേടി ക്ലബ്ബ് മത്സരത്തില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. ടീമിനായി ഇത്തവണയും സ്‌കോര്‍ ചെയ്തത് ടോക്ലോമാറ്റി തന്നെയാണ്.

ശേഷിക്കുന്ന സമയങ്ങളില്‍ ഇന്റര്‍ മയാമി ഗോള്‍ നേടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായില്ല. മുന്നേറ്റങ്ങള്‍ തുടരവേ മയാമിക്ക് അടുത്ത പ്രഹരവുമേറ്റു. 79ാം മിനിട്ടില്‍ തോമസ് അവില്‍സ് രണ്ടാം യെല്ലോ കാര്‍ഡ് കണ്ട് പുറത്തായതോടെ മയാമി പത്ത് പേരായി ചുരുങ്ങി.

ഇതിലൂടെ പെനാല്‍റ്റി ലഭിച്ച ഷാര്‍ലറ്റ് മയാമിയുടെ മേല്‍ അവസാന ആണിയും അടിച്ചു. മത്സരം അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ടോക്ലോമാറ്റി പന്ത് വലയിലെത്തിച്ചു. 84ാം മിനിറ്റിലാണ് താരം ടീമിന്റെവിജയഗോളും തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കിയത്. ഏറെ വൈകാതെ തന്നെ ഫൈനല്‍ വിസിലും മുഴങ്ങി.

ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പന്തടക്കം കൂടുതല്‍ മയാമിക്കായിരുന്നു. 55 ശതമാനം പന്ത് കൈവശം വെച്ചിട്ടും ടീം തോല്‍വി വഴങ്ങുകയായിരുന്നു. എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി മയാമി പത്ത് ഷോട്ടുകളാണ് അടിച്ചത്. ഇത്രതന്നെ ഷോട്ടുകള്‍ എടുത്താണ് ഷാര്‍ലറ്റും കളിയില്‍ വിജയിച്ചത്.

Content Highlight: Inter Miami lose for three goals against Charlotte FC in MLS

We use cookies to give you the best possible experience. Learn more