| Thursday, 7th August 2025, 8:47 am

മെസിയില്ലാതെ ഇറങ്ങിയ മയാമിയുടെ രക്ഷകരായി ബോഡിഗാര്‍ഡും ഉറ്റ സുഹൃത്തും!

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാത്ത ഇറങ്ങിയ മത്സരത്തില്‍ വിജയത്തോടൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഇന്റര്‍ മയാമി. ലീഗ്സ്‌ കപ്പില്‍ പ്യൂമാസിനെതിരെ 3 – 1ന്റെ വിജയം നേടിയാണ് മയാമി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. നിര്‍ണായക മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും ടീം തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തുകയായിരുന്നു.

പരിക്ക് കാരണം മത്സരത്തില്‍ ഇറങ്ങാതിരുന്ന മെസിയെ സാക്ഷിയാക്കിയാണ് മയാമി മിന്നും വിജയം നേടിയതും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതും. ഈ മുന്നേറ്റത്തില്‍ ചുക്കാന്‍ പിടിച്ചതാകട്ടെ മെസിയുടെ ബോഡിഗാര്‍ഡെന്ന പേരില്‍ അറിയപ്പെടുന്ന റോഡ്രിഗോ ഡി പോളും ഉറ്റ സുഹൃത്തായ ലൂയിസ് സുവാരസുമാണ്. കഴിഞ്ഞ മത്സരത്തില്‍ വലതുതുടക്കേറ്റ പരിക്ക് കാരണമായിരുന്നു മെസി ഇന്റര്‍ മയാമിക്കായി കളത്തില്‍ ഇറങ്ങാതിരുന്നത്.

ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് പ്യൂമാസായിരുന്നു. ആദ്യ പകുതിയുടെ 34ാം മിനിറ്റിലായിരുന്നു മയാമിയെ ഞെട്ടിച്ച് ജോര്‍ജ് റുവല്‍ക്കാഹ്വ പന്ത് പോസ്റ്റിലെത്തിച്ചത്. ഗോളില്‍ ഒന്ന് പതറിയെങ്കിലും ഏറെ വൈകാതെ മയാമിയും തിരിച്ചടിച്ചു. ഒന്നാം പകുതിയുടെ അവസാനത്തില്‍ ഡി പോളായിരുന്നു മയാമിക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. സുവാരസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

രണ്ടാം പകുതിയില്‍ മയാമി കളിയുടെ പൂര്‍ണ ആധിപത്യം ഏറ്റെടുത്തു. കളി തുടങ്ങി മൂന്ന് മിനിറ്റിനകം സുവാരസ് പന്ത് പ്യൂമാസിന്റെ ഗോള്‍ വലയിലെത്തിച്ചെങ്കിലും റഫറി അത് ഓഫ് സൈഡായി വിധിച്ചു. തുടര്‍ന്നും താരം ആവേശം ഒട്ടും ചോരാതെ കളിച്ച് ടീമിന് ലീഡ് നേടി കൊടുത്തു. 59ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എതിരാളികളുടെ നെഞ്ച് തുളച്ചാണ് വലയിലെത്തിച്ചത്.

ലീഡ് നേടിയെങ്കിലും ദി പിങ്ക്‌സ് തങ്ങളുടെ ആക്രമണം തുടര്‍ന്നു. തുടര്‍ച്ചയായി മയാമി താരങ്ങള്‍ പ്യൂമാസ് വല ലക്ഷ്യമിട്ട് മുന്നേറ്റങ്ങള്‍ നടത്തി. ഒടുവില്‍ അതിന്റെ ഫലം 69ാം മിനിറ്റില്‍ ഗോളിന്റെ രീതിയില്‍ എത്തി. ടീമിനായി മൂന്നാം ഗോള്‍ നേടിയത് ടാഡിയോ അല്ലെന്‍ഡെയായിരുന്നു. ആ ഗോളിനും അസിസ്റ്റ് സുവാരസിന്റെ കാലുകൾ നിന്നായിരുന്നു.

ശേഷിക്കുന്ന സമയങ്ങളില്‍ മയാമി സംഘം മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു കളിച്ചു. എന്നാല്‍ ലീഡ് ഉയര്‍ത്താന്‍ ടീമിനായില്ല. തിരിച്ചടിക്കാനും മയാമിക്ക് ഒപ്പമെത്താനും പ്യൂമാസ് താരങ്ങള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും മയാമിയുടെ പ്രതിരോധത്തില്‍ അതെല്ലാം നിലം പരിശായി.

Content Highlight: Inter Miami advanced into quarter final in League cup beating Pumas UNAM without Lionel Messi

We use cookies to give you the best possible experience. Learn more