| Sunday, 2nd August 2026, 9:03 am

മെസിയിറങ്ങിയിട്ടും മയാമിക്ക് സമനില പൂട്ട്; തൂക്കിയത് സുവാരസിന്റെ അത്ഭുത ഗോള്‍!

സുദേവ് എ

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് സമനില. കൊളംബസ് എഫ്.സിയാണ് മയാമിയെ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ലോകകപ്പിന് ശേഷം ഇതിഹാസ താരം ലയണല്‍ മെസി കളത്തിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്.

മത്സരത്തിലെ രണ്ടാം പകുതിയിലാണ് മെസി കളത്തിലിറങ്ങിയത്. അര്‍ജന്റൈന്‍ നായകന്റെ തിരിച്ചുവരവിലും മയാമി സമനിലയില്‍ കുടുങ്ങുകയായിരുന്നു. മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി സൂപ്പര്‍താരം ലൂയി സുവാരസ് നേടിയ ഗോള്‍ ഏറെ ശ്രദ്ധേയമായി.

മത്സരത്തിന്റെ 15ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ലോങ്ങ് റേഞ്ച് ഗോളിലൂടെയാണ് സുവാരസ് തിളങ്ങിയത്. കൊളംബസ് ഗോള്‍കീപ്പര്‍ക്ക് ഒരു അവസരം നല്‍കാതെ പന്ത് മുകളിലൂടെ പോസ്റ്റിലേക്ക് പറന്നിറങ്ങുകയായിരുന്നു.

സുവാരസിന്റെ ഗോളില്‍ ലീഡെടുത്ത മയാമിക്ക് കാസെമിറോയുടെ ഓണ്‍ ഗോള്‍ തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് മയാമിയിലെത്തിയ ബ്രസീലിയന്‍ താരത്തിന്റെ ആദ്യ ഗോള്‍ തന്നെ ഓണ്‍ ഗോളായത് നിര്‍ഭാഗ്യകരമായി. എന്നാല്‍ രണ്ടാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മയാമി വീണ്ടും മത്സരത്തില്‍ മുന്നിലെത്തി.

നോഹ അലന്റെ ഗോളിലൂടെയാണ് ഇന്റര്‍ മയാമി ലീഡ് ഉയര്‍ത്തിയത്. ഒടുവില്‍ ആദ്യ പകുതി 2-1 എന്ന സ്‌കോറിന് മയാമി സ്വന്തമാക്കി. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തി. മത്സരത്തിന്റെ 84ാം മിനിട്ടില്‍ ബ്രെസ് മെന്‍ഡെസിന്റെ ഗോളിലൂടെ കൊളംബസ് സമനില പിടിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെച്ചു.

നിലവില്‍ ഈസ്റ്റേണ്‍ കോണ്‍ഫററന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്. ലീഗ്സ് കപ്പിലാണ് മെസിയും സംഘവും അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. ഓഗസ്റ്റ് ആറിന് നടക്കുന്ന മത്സരത്തില്‍ സാന്‍ ലൂയിസാണ് മയാമിയുടെ എതിരാളികള്‍.

Content Highlight: Inter Miami draws in Major League Soccer

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more