മേജര്‍ ലീഗ് സോക്കറില്‍ (എം.എല്‍.എസ്) ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് ജയം. ടൂര്‍ണമെന്റിലെ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചല്‍സ് ഗാലക്‌സിയെ മൂന്നിനെതിരെ ഒരു ഗോളിന് തകര്‍ത്താണ് വിജയം സ്വന്തമാക്കിയത്. പരിക്ക് മാറി ടീമിനൊപ്പം ആദ്യ മത്സരത്തിനിറങ്ങിയ ലയണല്‍ മെസിയുടെ കരുത്തിലാണ് ചാമ്പ്യന്മാരെ തറപറ്റിച്ചത്.
മെസിയെ ബെഞ്ചിലിരുത്തിയാണ് മയാമി എല്‍.എ ഗാലക്‌സിക്കെതിരെ പോരാടാന്‍ ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ മയാമിയും ഗാലക്‌സിയും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. 32ാം മിനിട്ടില്‍ മയാമി ഗോള്‍ വലയിലേക്ക് അടിച്ച് കയറ്റി. എന്നാല്‍, വാര്‍ പരിശോധനയിലൂടെ റഫറി ഇതിനെ അസാധുവാക്കി.
അതില്‍ തളരാതെ മയാമി താരങ്ങള്‍ തങ്ങളുടെ പോരാട്ടം തുടര്‍ന്നു. ഏറെ വൈകാതെ കാത്തിരുന്ന ഗോളെത്തി. 43ാം മിനിട്ടില്‍ ജോര്‍ഡി ആല്‍ബയാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത് സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് നല്‍കിയ പന്ത് സ്വീകരിച്ചാണ് താരത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളോടെ ഒന്നാം പകുതിയും അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളുടെയും മാറ്റങ്ങളോടെയാണ് തുടക്കമായത്. പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന മെസി ടീമിനായി കളത്തിലെത്തി. ഒപ്പം റോഡ്രിഗോ ഡി പോളിനെയും പരിശീലകന്‍ ഇറക്കി. മറുവശത്ത് മാറ്റിയൂസ് നാസിമെന്റോയും മത്സരത്തിനെത്തി.
അതോടെ, മത്സരം ഒന്ന് കൂടി ആവേശഭരിതമായി. 59ാം മിനിട്ടില്‍ ജോസഫ് പെയിന്റ്‌സില്‍ എല്‍.എ ഗാലക്‌സിയെ മയാമിക്കൊപ്പമെത്തിച്ചു. പിന്നീടങ്ങോട്ട് ലീഡ് നേടാനായി ഇരു ടീമുകളുടെയും ലക്ഷ്യം. എന്നാല്‍ ഇരുവരുടെയും മുന്നേറ്റങ്ങള്‍ ഒന്നും ഗോളാക്കാന്‍ സാധിച്ചില്ല.
മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ മെസി തന്റെ ഇടം കാലുകൊണ്ട് പന്ത് വലയിലെത്തിച്ചു. അതിനാകട്ടെ അസിസ്റ്റ് നല്‍കിയത് ഡി പോളായിരുന്നു. 84ാം മിനിട്ടില്‍ പിറന്ന ഗോള്‍ ടീമിന് ഒന്നാകെ ഉണര്‍വേകി.
ഈ ഗോളിന്റെ ഷോക്കില്‍ നിന്ന് എല്‍.എ ഗാലക്സി കരകയറും മുമ്പേ മയാമി തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തി. ലൂയിസ് സുവാരസായിരുന്നു 89ാം മിനിട്ടില്‍ ഇന്റര്‍ മയാമിയുടെ വിജയ ഗോള്‍ നേടിയത്. മെസി നല്‍കിയ പാസ് സുവാരസ് പിഴവൊന്നും വരുത്താതെ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ, മയാമിയെ വിജയികളാക്കി റഫറി ഫൈനല്‍ വിസില്‍ മുഴക്കി.
Content Highlight: Inter Miami defeated LA Galaxy in MLS with the heroics of Lionel Messi