ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രകടനത്തെ പ്രശംസിച്ച് ഇന്റര്‍ മയാമി പരിശീലകന്‍ ഗില്ലെര്‍മോ ഹോയോസ്.
ഫുട്‌ബോള്‍ മൈതാനത്തെ ലയണല്‍ മെസിയുടെ മാന്ത്രിക പ്രകടനങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും, ചിത്രകലയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ മെസി സാക്ഷാല്‍ പിക്കാസോ ആണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ്‌സ് കപ്പ് പോരാട്ടത്തില്‍ അത്‌ലറ്റിക്കോ ഡി സാന്‍ ലൂയിസിനെതിരെയുള്ള മികച്ച വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മെസിയുടെ ആദ്യ ഗോളിന്റെ സാങ്കേതിക തികവിനെ പ്രശംസിച്ച് പരിശീലകന്‍ രംഗത്തെത്തിയത്.
മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍, ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തില്‍ 4-2ന് മയാമി ജയിച്ചുകയറി.
കഴിഞ്ഞ സീസണിലെ ഫൈനലിലെ അച്ചടക്ക ലംഘനത്തിന് ആറ് മത്സരങ്ങളില്‍ വിലക്ക് നേരിടുന്നതിനാല്‍ ലൂയിസ് സുവാരസിന് ഈ ടൂര്‍ണമെന്റില്‍ ഉടനീളം കളിക്കാനാവില്ല. സുവാരസിന്റെ അഭാവത്തില്‍ നടന്ന ഈ പോരാട്ടത്തിലാണ് മെസി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
‘ആദ്യ ഗോളിലെ ആ ഷോട്ട് അവന്‍ എങ്ങനെയാണ് എടുത്തതെന്ന് എന്നെ ടീമംഗങ്ങള്‍ കാണിച്ചു തരികയുണ്ടായി. തികച്ചും സങ്കീര്‍ണമായ ഒന്നായിരുന്നു അത്!
ഫുട്‌ബോള്‍ കളിച്ചിട്ടുള്ള ആര്‍ക്കും അറിയാം, പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കൃത്യമായ സമയവും സ്‌പെയ്‌സും കണ്ടെത്തുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന്.
പ്രത്യേകിച്ച് ഇടത് വശത്ത് നിന്ന് വലത്തേക്ക് വരുന്ന പന്തിനെ, വലതുവശത്തേക്ക് തന്നെ തൊടുത്തുവിടുക എന്നത് നിസാരമല്ല. അതുകൊണ്ട്, നമ്മള്‍ സംസാരിക്കുന്നത് ചിത്രകലയെക്കുറിച്ചാണെങ്കില്‍, ഞാന്‍ അവനെ ‘പിക്കാസോ’ എന്ന് വിളിക്കും,’ അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ഹെറോണ്‍സിന്റെ ഗംഭീര തിരിച്ചുവരവ്. നാലാം മിനിറ്റില്‍ ഡേവിഡ് റോഡ്രിഗസാണ് സാന്‍ ലൂയിസിനായി ആദ്യം വലകുലുക്കിയത്.
എന്നാല്‍ അധികം വൈകാതെ 11ാം മിനിട്ടില്‍ യുവതാരം നോഹ അലന്റെ ക്രോസില്‍ നിന്ന് അതിവേഗത്തിലുള്ള ഒരു വോളിയിലൂടെ മെസി മയാമിയെ ഒപ്പമെത്തിച്ചു.
തുടര്‍ന്ന് ടെലാസ്‌കോ സെഗോവിയ മയാമിയെ മുന്നിലെത്തിക്കുകയും, ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മെസി തന്റെ രണ്ടാം ഗോള്‍ നേടുകയും ചെയ്തു.
ഈ ഗോളോടെ 14 ഗോളുകളുമായി ലീഗ്‌സ് കപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മൈക്കിളിന്റെ ഗോളിന് മെസി അസിസ്റ്റ് നല്‍കി.
മത്സരത്തില്‍ മൂന്ന് അസിസ്റ്റുകള്‍ നല്‍കിയ യുവതാരം നോഹ അലനെയും പരിശീലകന്‍ പ്രശംസിച്ചിരുന്നു.
‘അവനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളത്തില്‍ വളരെ സജീവമായാണ് അവന്‍ പങ്കാളിയായത്; ഗ്രൗണ്ടിലെ ഒഴിവുള്ള ഇടങ്ങളിലേക്ക് അവന്‍ ഓടിയെത്തി. ഇത് വളരെ പ്രയാസകരമായ ഒന്നാണ്, കാരണം പന്ത് സഹതാരത്തിന് കൈമാറിയ ആ നിമിഷത്തിലെ ടൈമിങ് അത്രമേല്‍ നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച്, അവന്‍ നല്‍കിയ ആ ആദ്യ അസിസ്റ്റ് തികച്ചും അസാധാരണവും ബുദ്ധിമുട്ടേറിയതുമായിരുന്നു. തീര്‍ച്ചയായും നമ്മള്‍ ആഘോഷിക്കേണ്ട കളിമികവ് തന്നെയാണത്,’ പരിശീലകന്‍ പറഞ്ഞു.
ശനിയാഴ്ചയാണ് മയാമിയുടെ അടുത്ത മത്സരം. മെക്‌സിക്കന്‍ ക്ലബ്ബായ മോണ്ടറേയാണ് എതിരാളികള്‍.
Content Highlight: Inter Miami coach praises Lionel Messi