| Friday, 28th November 2025, 1:34 pm

മെസി ഇഫക്ട് അല്ലാതെ വേറെയെന്ത്? അഞ്ചാമത് മയാമി, എട്ടില്‍ ബ്രസീലിയന്‍ ടീം, പത്താമത് അല്‍ നസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പില്‍ നിന്ന് കളിത്തട്ടകം മാറ്റിയാലും മറ്റേത് ടീമിനൊപ്പം ചേര്‍ന്നാലും ആരാധകര്‍ എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്ന് മെസിയും റൊണാള്‍ഡോയും തെളിയിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവുമധികം ജേഴ്‌സി വില്‍പനയില്‍ ഇന്റര്‍ മയാമിയും അല്‍ നസറും ആദ്യ പത്തില്‍ ഇടം നേടി. യൂറോപ്യന്‍ ക്ലബ്ബുകള്‍ തങ്ങളുടെ ആധിപത്യം തുടരുമ്പോഴും മെസി-റൊണാള്‍ഡോ ഇഫക്ടില്‍ മയാമിയും അല്‍ നസറും ജേഴ്‌സി വില്‍പനയിലും കുതിക്കുകയാണ്.

ഈ വര്‍ഷം ഏറ്റവുമധികം ജേഴ്‌സി വില്‍പന നടത്തിയ ടീമുകളില്‍ ഇന്റര്‍ മയാമി അഞ്ചാം സ്ഥാനത്തും അല്‍ നസര്‍ പത്താം സ്ഥാനത്തുമാണ്. ഇതില്‍ സിംഹഭാഗവും മെസി, റൊണാള്‍ഡോ എന്നിവരുടെ ജേഴ്‌സികളാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ!

മെസിയും റൊണാള്‍ഡോയും | ഇരുവരും എക്സില്‍ പങ്കുവെച്ച ചിത്രം

യൂറോമേരിക്കാസ് സ്‌പോര്‍ട് മാര്‍ക്കറ്റിങ്ങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് യൂറോപ്യന്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് ഒന്നാമതുള്ളത്. 2025ല്‍ ഇതുവരെ 3.1 മില്യണിലധികം റയല്‍ മാഡ്രിഡ് ജേഴ്‌സികളാണ് വിറ്റുപോയത്.

2.9 മില്യണ്‍ ജേഴ്‌സികളുമായി ലോസ് ബ്ലാങ്കോസിന്റെ ചിരവൈരികളായ എഫ്.സി ബാഴ്‌സലോണയാണ് രണ്ടാമതുള്ളത്. മൂന്നാമതായി പി.എസ്.ജിയും (2.5 മില്യണ്‍), നാലാം സ്ഥാനത്ത് ബയേണ്‍ മ്യൂണിക്കുമാണ് (2.3 മില്യണ്‍). 2.1 മില്യണുമായാണ് ഇന്റര്‍ മയാമി അഞ്ചാമതുള്ളത്. ഈ വര്‍ഷം രണ്ട് മില്യണിലധികം ജേഴ്‌സികള്‍ ഈ വര്‍ഷം വിറ്റത് ഈ അഞ്ച് ടീമുകള്‍ മാത്രമാണ്.

2025ല്‍ ഏറ്റവുമധികം ജേഴ്‌സി വില്‍പന നടത്തിയ ടീമുകള്‍

(ടീം – എത്ര ജേഴ്‌സികള്‍ എന്നീ ക്രമത്തില്‍)

റയല്‍ മാഡ്രിഡ് (സ്‌പെയ്ന്‍) – 3,133,000

ബാഴ്‌സലോണ (സ്‌പെയ്ന്‍) – 2,940,000

പി.എസ്.ജി (ഫ്രാന്‍സ്) – 2,546,000

ബയേണ്‍ മ്യൂണിക് (ജര്‍മനി) – 2,377,000

ഇന്റര്‍ മയാമി (അമേരിക്ക) – 2,166,000

ബോക്ക ജൂനിയേഴ്‌സ് (അര്‍ജന്റീന) – 1,933,000

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (ഇംഗ്ലണ്ട്) – 1,855,000

ഫ്‌ളമെംഗോ (ബ്രസീല്‍) – 1,677,000

ചെല്‍സി (ഇംഗ്ലണ്ട്) – 1,422,000

അല്‍ നസര്‍ (സൗദി അറേബ്യ) – 1,281,000

നേരത്തെ, ഇന്റര്‍ മയാമിയിലെത്തിയ ആദ്യ ദിവസം തന്നെ ജേഴ്‌സി വില്‍പനയില്‍ മെസിയുടെ പേരില്‍ റെക്കോഡുകള്‍ പിറന്നിരുന്നു. ഇ.എസ്.പി.എന്നിന്റെയും ഫാനട്ക്‌സിന്റെയും റിപ്പോര്‍ട്ട് പ്രകാരം പുതിയ ടീമിലെത്തി ആദ്യ 24 മണിക്കൂറില്‍ ഏറ്റവുമധികം ജേഴ്‌സി വില്‍പനയുടെ റെക്കോഡാണ് മെസിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ലയണല്‍ മെസി | Photo: Inter Miami

എന്‍.എഫ്.എല്ലിലെ ടോം ബ്രാഡിയുടെ പേരിലുള്ള റെക്കോഡാണ് മെസി തന്റെ പേരിലേക്ക് തിരുത്തിയെഴുതിയത്. 2020ല്‍ ദി ന്യൂ ഇംഗ്ലണ്ട് പേട്രിയറ്റ്സില്‍ നിന്നും ടാംപ ബേ ബക്കനീര്‍സിലേക്ക് ബ്രാഡി ചേക്കേറിയപ്പോള്‍ നടന്ന ജേഴ്സി വില്‍പനയായിരുന്നു സര്‍വകാല റെക്കോഡിലുണ്ടായിരുന്നത്.

ബ്രാഡിയെ മാത്രമല്ല, ഫുട്ബോളിലെ തന്റെ എക്കാലത്തേയും മികച്ച റൈവലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാസ്‌ക്കറ്റ് ബോളില്‍ കിരീടം വെച്ച രാജാവ് സാക്ഷാല്‍ ലെബ്രോണ്‍ ജെയിംസിനെയും ഇക്കാര്യത്തില്‍ മെസി പിന്തള്ളിയിരുന്നു.

2021ല്‍ യുവന്റസില്‍ നിന്നും റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങിയെത്തിയപ്പോഴും 2018ല്‍ ലെബ്രോണ്‍ ജെയിംസ് ക്ലീവ്‌ലാന്‍ഡ് കാവലിയേഴ്സില്‍ നിന്ന് ലോസ് ആഞ്ചലസ് ലേക്കേഴ്സിലേക്കെത്തിയപ്പോഴും നടന്ന ജേഴ്സി വില്‍പനയുടെ റെക്കോഡിമാണ് മയാമിയിലെത്തിയ ആദ്യ ദിവസം തന്നെ മെസി തകര്‍ത്തത്.

Content Highlight: Inter Miami and Al Nasr rank in the top 10 teams with the most jersey sales in 2025

We use cookies to give you the best possible experience. Learn more