| Thursday, 28th August 2025, 8:49 pm

ഒറ്റവാക്ക്; പാർട്ടി ഓഫീസിൽ വെച്ച് മിശ്രവിവാഹം നടത്തി തമിഴ്നാട് സി.പി.ഐ.എം നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുതുറൈപൂണ്ടിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സി.പി.എം ഓഫീസില്‍ വെച്ച് മിശ്ര വിവാഹം നടന്നു. തിരുവാരൂര്‍ ജില്ലയിലെ തിരുതുറൈപൂണ്ടിക്ക് സമീപമുള്ള വരമ്പിയത്ത് താമസിക്കുന്ന ബ്രിന്ദെ അമൃതയും പുതുക്കോട്ടയിലെ മാത്തൂരില്‍ താമസിക്കുന്ന വരന്‍ സഞ്ജയ്കുമാറുമാണ് വിവാഹിതരായത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു.

ഓഗസ്റ്റ് 27ന് തിരുവാരൂര്‍ ജില്ലയിലെ ഒരു പ്രമുഖ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് ഇവരുടെ വിവാഹം നടത്താനായിരുന്നു മാതാപിതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹ ദിവസം സഞ്ജയ് കുമാറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവാഹം തടയുന്നതിനായി സഞ്ജയ്കുമാറിന്റെ അമ്മാവനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് സഞ്ജയ്കുമാറിനെ കണ്ടെത്താന്‍ വീട്ടുകാര്‍ തിരുതുറൈപൂണ്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഓഗസ്റ്റ് 27ന് പൊലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തി തിരുതുറൈപൂണ്ടി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. അന്നേ ദിവസം വൈകുന്നേരം ദമ്പതികളുടെ വിവാഹം തിരുതുറൈപൂണ്ടിയിലെ സി.പി.എം ഓഫീസില്‍ നടത്തുകയായിരുന്നു.

സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗം ഐ.വി. നാഗരാജന്റെ നേതൃത്വത്തില്‍ നടന്ന വിവാഹചടങ്ങില്‍ പാര്‍ട്ടിയുടെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി ടി. മുരുകയ്യ പങ്കെടുത്തു.

മിശ്ര വിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും ഒരുക്കുന്നതിന് സംസ്ഥാനത്തെ സി.പി.ഐ.എമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫീസുകളും തുറന്ന് കൊടുക്കുമെന്ന് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖമാണ് ഈ പ്രഖ്യാപനം നടത്തിയത്. മനുഷ്യാവകാശ സംഘടനയായ ‘എവിഡന്‍സ്’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരുകയും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Inter Cast marriage held at Communist Party of India office in Tamil Nadu

We use cookies to give you the best possible experience. Learn more