| Sunday, 26th August 2018, 11:14 pm

അമര്‍ത്യ സെന്നിനെപ്പോലുള്ളവര്‍ സമൂഹത്തെ വഴിതെറ്റിക്കുന്നു; അദ്ദേഹത്തെപ്പോലുള്ള മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യസെന്‍ സമൂഹത്തെ വഴിതെറ്റിക്കുന്നയാളെന്ന് ബി.ജെ.പി നേതൃത്വം. എല്ലായ്‌പോഴും സമൂഹത്തെ തെറ്റായ വഴിയിലൂടെ മാത്രം നടത്തുന്ന ചിലരുണ്ടെന്നും അത്തരത്തിലൊരാളാണ് അമര്‍ത്യ സെന്‍ എന്നുമായിരുന്നു ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവന. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒന്നിക്കണമെന്ന സെന്നിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണിത്.

“ഇടതുപക്ഷ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സെന്നിനെപ്പോലുള്ള ചില ഇന്റലക്ച്വലുകള്‍ക്ക് യാഥാര്‍ത്ഥ്യബോധം പാടേ നഷ്ടപ്പെട്ടിരിക്കുകയാണ്. സി.പി.ഐ.എം പതിയെ അദൃശ്യമാകുകയാണെന്ന് സെന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലും വലിയ സത്യം വേറെയില്ല. സെന്നിനെപ്പോലുള്ള മാര്‍ക്‌സിസ്റ്റുകളുടെ പ്രസക്തി നഷ്ടപ്പെടുക തന്നെയാണ്.” ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also Read: മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുവേണ്ടി വാജ്‌പേയുടെ മരണവിവരം പുറത്തുവിടാന്‍ വൈകിച്ചുവോ?: ഗുരുതര ആരോപണവുമായി ശിവസേന എം.പി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നാണ് സെന്‍ ആഹ്വാനം ചെയ്യുന്നതെന്നും ഇദ്ദേഹത്തെപ്പോലുള്ളവര്‍ എപ്പോഴും സമൂഹത്തെ തെറ്റായ പാതയിലൂടെയാണ് കൊണ്ടുപോയിട്ടുള്ളതെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുയരുന്നുണ്ട്. “അമര്‍ത്യ സെന്നിനെക്കുറിച്ചു സംസാരിക്കാനുള്ള അറിവുണ്ടാകണമെങ്കില്‍ പുസ്തകങ്ങള്‍ വായിക്കുന്നയാളാകണം” എന്നാണ് ഘോഷിന്റെ പ്രസ്താവനയോടുള്ള തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥാ ചാറ്റര്‍ജിയുടെ പ്രതികരണം.

“ജാഥകളില്‍ ലാത്തി ചുഴറ്റി മാത്രം ശീലമുള്ളവര്‍ സെന്നിനെപ്പോലുള്ളവരെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. അദ്ദേഹത്തെപ്പോലൊരു വ്യക്തിയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് അവര്‍ക്കുണ്ടായിരിക്കില്ല.” ചാറ്റര്‍ജി പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more