| Monday, 15th June 2015, 10:58 am

വിമാനത്താവളങ്ങളില്‍ പോലീസ് സേന വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ സുരക്ഷയ്ക്കായി പോലീസ് സേന വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്.

സംസ്ഥാന ഇന്റലിജന്‍സാണ് സര്‍ക്കാറിനു ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് കേരള പോലീസ് കേന്ദ്രസര്‍ക്കാറിനെ അറിയിക്കും.

കരിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഇന്റലിജന്‍സ് പരിശോധന നടത്തിയിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും കേരള പോലീസിന്റെ സാന്നിധ്യം വേണമെന്നാണ് ഇന്റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാര്യം വിശദമാക്കി കേരള പോലീസ് കേന്ദ്രത്തിനു കത്തയയ്ക്കും. ഇതിനുവേണ്ടി ഡി.ജി.പി സെന്‍കുമാറിനെ ചുമതലപ്പെടുത്തി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് സി.ഐ.എസ്.എഫ് ജവാന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂരിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഡപ്യൂട്ടി കമന്‍ഡാന്റ് ദാനിയേല്‍ ധന്‍രാജിനെ ചുമതലയില്‍നിന്ന് മാറ്റി.

വധക്കേസില്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ മര്‍ദനക്കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തു. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ വിനയ്കുമാര്‍ ഗുപ്ത, രാമോഷി ദീപക് യശ്വന്ത്, ലോകേന്ദ്ര സിങ്, രാകേഷ്‌കുമാര്‍ മീണ എന്നിവരാണ് അറസ്റ്റിലായത്.

We use cookies to give you the best possible experience. Learn more