| Saturday, 6th September 2025, 5:40 pm

കര, വ്യോമ, നാവിക സേനകളുടെ സംയോജനം അനിവാര്യം: കരസേനാ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര, നാവി, വ്യോമ സേനകളെ വൈകാതെ സംയോജിപ്പിക്കണമെന്ന് കരസേനാ മേധാവി. മൂന്ന് സേനാവിഭാഗങ്ങളേയും സംയോജിപ്പിക്കുന്ന പദ്ധതിയായ തിയേറ്ററൈസേഷന്‍ തീര്‍ച്ചയായും സംഭവിക്കുമെന്ന് കരസേനാ തലവന്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി മാധ്യമങ്ങളെ അറിയിച്ചു.

‘തിയേറ്ററൈസേഷന്‍ എന്തായാലും സംഭവിക്കും, എത്രകാലം എടുക്കും ഇത് സംഭവിക്കാന്‍ എന്നത് മാത്രമാണ് ഉയരുന്ന ചോദ്യം. ഒരു വ്യക്തിക്ക് ഒന്നിലേറെ ഏജന്‍സികളുമായി ഇടപെടേണ്ടി വരുമ്പോള്‍ ഈ പരിഷ്‌കരണം എന്തായാലും അത്യാവശ്യമാണ്’, ഉപേന്ദ്ര ദ്വിവേദി പ്രതികരിച്ചു.

‘മേയ് 30ന് നിങ്ങള്‍ യുദ്ധം അവസാനിച്ചെന്ന് കരുതുന്നുണ്ടാകും, എന്നാല്‍ ഇല്ല, യുദ്ധം കുറേകാലമായി തുടരുന്നതാണ്. ഇക്കാര്യത്തില്‍ ഒരുപാട് തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്, അതിനൊക്കെ അപ്പുറം, കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നതിന് എനിക്ക് പരിമിതിയുണ്ട്.’- കരസേനാ മേധാവി പറഞ്ഞു.

മുന്‍പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ലഫ്.ജനറല്‍ കെ.ജെ.എസ്. ധില്ലണ്‍ രചിച്ച ഓപ്പറേഷന്‍ സിന്ദൂരിനെ അടിസ്ഥാനമാക്കിയുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍: ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ഇന്ത്യാസ് ഡീപ് സ്‌ട്രൈക്ക്‌സ് ഇന്‍സൈഡ് പാകിസ്ഥാന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.

അതേസമയം, സേനാ തിയേറ്ററൈസേഷനെ സംബന്ധിച്ച് വിവിധ സേനകളില്‍ നിന്നും എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ തിയേറ്ററൈസേഷന്‍ തിടുക്കപ്പെട്ട് ചെയ്യരുതെന്ന് ഓഗസ്റ്റില്‍ നടന്ന ട്രൈ-സര്‍വീസസ് സെമിനാറില്‍ വെച്ച് എയര്‍ചീഫ് മാര്‍ഷല്‍ എ.പി സിങ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് സേനകള്‍ക്കിടയിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി ദല്‍ഹിയില്‍ സ്റ്റാഫ് കമ്മിറ്റി രൂപീകരിക്കുന്നതിനെ കുറിച്ചും അന്ന് അദ്ദേഹം സംസാരിച്ചിരുന്നു.

എന്നാല്‍, സെമിനാറിന്റെ അടുത്തദിവസം തന്നെ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി തിയേറ്ററൈസേഷനെ പിന്തുണച്ച് സംസാരിച്ചിരുന്നു. പോരാട്ടശേഷിയും ആശയങ്ങളും കര-വ്യോമ സേനകളുമായി സംയോജിപ്പിക്കുന്നതിന് നാവികസേന പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്.

കരസേനാ തലവന്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി

സെമിനാറില്‍ നടന്ന ഈ അഭിപ്രായങ്ങളിലെ വൈരുദ്ധ്യം പരിഹരിക്കുമെന്ന് സംയുക്തആര്‍മി തലവന്‍ അനില്‍ ചൗഹാന്‍ ഉറപ്പുനല്‍കിയിരുന്നു.

Content Highlight: Integration of Army, Air Force and Navy is essential: Army Chief

We use cookies to give you the best possible experience. Learn more